തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ ഖത്തറില്‍; പിന്നാലെ 11 ആളില്ലാ ബോട്ടുകള്‍... അത്യാധുനിക ആയുധ സംവിധാനം
ദോഹ: ജിസിസി രാജ്യമായ ഖത്തറും യൂറേഷ്യന്‍ രാജ്യമായ തുര്‍ക്കിയും സൈനിക സഹകരണം ശക്തമാക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിമോര്‍ട്ട് നിയന്ത്രിത ആളില്ലാ ബോട്ടുകള്‍ തുര്‍ക്കിയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍. അടുത്തിടെ ആറ് എഫ്-16 യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ തുര്‍ക്കി സൈന്യം അടുത്തിടെ വിന്യസിച്ചിരുന്നു. പിന്നാലെ തുര്‍ക്കിയിലെ പ്രതിരോധ കമ്പനിക്ക് ലഭിച്ച ആദ്യ കരാറാണിത്.
പശ്ചിമേഷ്യയില്‍ തുര്‍ക്കി സൈന്യത്തിന് ക്യാമ്പ് ആരംഭിച്ച ആദ്യ രാജ്യമാണ് ഖത്തര്‍. തെക്കന്‍ ദോഹയിലെ താരിഖ് ബിന്‍ സിയാദ് സൈനിക ക്യാമ്പിലാണ് തുര്‍ക്കി സൈനികരുള്ളത്. ഇവിടെ 5000 സൈനികര്‍ക്ക് വരെ തങ്ങാനുള്ള സൗകര്യമുണ്ട്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിനെ സഹായിച്ചതും തുര്‍ക്കിയായിരുന്നു.

2014ല്‍ തുര്‍ക്കിയും ഖത്തറും തമ്മില്‍ സൈനിക കരാര്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം കര, നാവിക, വ്യോമ സേനയെ ഖത്തറില്‍ വിന്യസിക്കാന്‍ തുര്‍ക്കിക്ക് സാധിക്കും. ഖത്തറിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരമുള്ള ആദ്യ തുര്‍ക്കി സൈനിക സംഘം 2015ലാണ് താരിഖ് ബിന്‍ സിയാദ് ക്യാമ്പിലെത്തിയത്.
ഇരുരാജ്യങ്ങളും പിന്നീട് പലതവണ സംയുക്ത സൈനിക പരിശീലനം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 30നാണ് തുര്‍ക്കി വ്യോമസേനയുടെ ആറ് എഫ്-16 യുദ്ധ വിമാനങ്ങള്‍ ഖത്തറിലെത്തിയത്. ഇതോടൊപ്പം കുറച്ച് സൈനികരെയും ദോഹയില്‍ വിന്യസിച്ചതോടെ ഖത്തറിലെ തുര്‍ക്കി സൈനികരുടെ എണ്ണം വര്‍ധിച്ചു. റാഫേല്‍ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് ഖത്തര്‍ സൈന്യത്തിന് പരിശീലനം നല്‍കിയതും തുര്‍ക്കി സൈന്യമാണ്.
തുര്‍ക്കിയുടെ രണ്ട് നാവിക സേനാ കപ്പല്‍ കഴിഞ്ഞ ജൂലൈ 26ന് ഖത്തറില്‍ നങ്കൂരമിട്ടിരുന്നു. നിലവില്‍ തുര്‍ക്കിയുടെ 3000 സൈനികര്‍ ഖത്തറിലുണ്ട് എന്നാണ് കണക്കാക്കുന്നത്. 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്ന വേളയില്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി 3250 പോലീസുകാരെ തുര്‍ക്കി ഭരണകൂടം ഖത്തറിലേക്ക് അയച്ചിരുന്നു. ഖത്തറിന്റെ സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കുന്ന തുര്‍ക്കിയില്‍ വന്‍ നിക്ഷേപങ്ങള്‍ ഖത്തര്‍ അടുത്ത കാലത്തായി നടത്തിയിട്ടുമുണ്ട്.
തുര്‍ക്കി പ്രതിരോധ നിര്‍മാണ കമ്പനിയായ ഉലഖ് ഗ്ലോബലില്‍ നിന്നാണ് ഖത്തര്‍ ആളില്ലാ ബോട്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യ വിദേശ കരാറാണിത്. ഖത്തര്‍ പ്രതിരോധ മന്ത്രാലയം മിലിപോള്‍ ഖത്തര്‍ എക്‌സിബിഷനില്‍ വച്ചാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്. റിമോര്‍ട്ട് നിയന്ത്രിത ആളില്ലാ ബോട്ടുകളുടെ കയറ്റുമതിയിലേക്ക് തുര്‍ക്കി ആദ്യമായിട്ടാണ് കടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
തുറമുഖ സുരക്ഷയ്ക്ക് വേണ്ടിയാണ് ഖത്തര്‍ 11 ബോട്ടുകള്‍ വാങ്ങുന്നത്. ഖത്തറിന്റെ തീര സേനയാണ് ഇതുപയോഗിക്കുക. ജലാതിര്‍ത്തിയിലെ നിരീക്ഷണം, രഹസ്യവിവര ശേഖരം, തന്ത്രപ്രധാന സ്ഥലങ്ങളുടെ സുരക്ഷ എന്നിവയും ഖത്തര്‍ പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്. റിമോര്‍ട്ട് നിയന്ത്രിത ആയുധ സംവിധാനം, റഡാര്‍, ആശയവിനിമയ സിസ്റ്റം എന്നിവയെല്ലാം പുതിയ ബോട്ടിലുണ്ടാകും.












Click it and Unblock the Notifications