ദുബായ് മാറി നില്‍ക്കേണ്ടി വരും? റാസല്‍ ഖൈമ ഞെട്ടിക്കാന്‍ പോവുന്നു, ലക്ഷ്യം കോടീശ്വരന്മാർ വാഴും നാട്
ദുബായ്: ലോകത്തെ പല കോടീശ്വരന്മാരുടേയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ദുബായ്. ഏത് രാജ്യക്കാരായാലും ദുബായില്‍ ഒരും ആഡംബര വസതി സ്വന്തമായില്ലാത്ത ശതകോടീശ്വരന്മാർ കുറവായിരിക്കും. അതോടൊപ്പം തന്നെ ദുബായ് കേന്ദ്രീകരിച്ചുള്ള വന്‍തോതിലുള്ള ബിസിനസ് പ്രവർത്തനങ്ങളും നടത്തി വരുന്നു. നികുതി രഹിത ബിസിനസ് എന്ന വാഗ്ദാനം നല്‍കിയാണ് തുടക്കകാലത്ത് ദുബായി വ്യവസായികളെ തങ്ങളുടെ നഗരത്തിലേക്ക് ക്ഷണിച്ചിരുന്നത്.
ബിസിനസ് നടത്തുന്നതിനായി മറ്റ് നിരവധി ആനുകൂല്യങ്ങളും ദുബായില്‍ വ്യവസായികള്‍ക്ക് ലഭിക്കും. അതോടൊപ്പം തന്നെ വിനോദത്തിനും വിശ്രമത്തിനുമുള്ള ഉപാധികളും നിരവധി. ഇതോടെയാണ് കോടീശ്വരന്മാരുടെ ഇഷ്ട കേന്ദ്രമായി ദുബായി മാറാന്‍ തുടങ്ങിയത്. എന്നാല്‍ പതിയെ, പതിയെ ദുബായിയെ മറികടന്ന് മറ്റൊരു എമിറേറ്റ്സ് ശതകോടീശ്വരന്മാരുടെ പുതിയ കേന്ദ്രമാവാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

റാസല്‍ ഖൈമയാണ് ശതകോടീശ്വരന്മാരുടെ അടുത്ത പറുദീസയാവാന്‍ ലക്ഷ്യമിടുന്ന യുഎഇയിലെ ആ എമിറേറ്റ്. വെറും ആഗ്രഹം മാത്രമല്ല, ഇതിനായി വമ്പന്‍ പദ്ധതികളാണ് എമിറേറ്റില്‍ നടന്നുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറ് പേർഷ്യൻ ഗൾഫ് തീരത്ത് നിരവധി ആഡംബര വില്ലകൾ ഇതിനോടകം തന്നെ പണിത് കഴിഞ്ഞു. ഇതിന് സമീപത്ത് തന്നെയാണ് ലാസ് വെഗാസ് ആസ്ഥാനമായുള്ള വിൻ റിസോർട്ട്സ് ലിമിറ്റഡ് 3.9 ബില്യൺ ഡോളറിന്റെ ഒരു വമ്പന്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഒരു കാലത്ത് വലിയ പർവതങ്ങൾക്കും സെറാമിക്‌സ് കമ്പനിക്കും പേരുകേട്ട എമിറേറ്റ് ഇപ്പോൾ വലിയ ആസ്തിയുള്ള വ്യക്തികളുടെ സങ്കേതമായി പതിയെ മാറികൊണ്ടിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 45 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിഭംഗികൊണ്ടും ഏറെ മനോഹരമാണ്. പഞ്ചനക്ഷത്ര ഹോട്ടല്‍, വ്യവസായം, സാഹസിക വിനോദ സഞ്ചാരം തുടങ്ങിയ മേഖലയില്‍ വലിയ തോതിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഭരണകൂടം റാസല്‍ ഖൈമയില്‍ അവസരം ഒരുക്കുകയും ചെയ്യുന്നു.
യുഎഇയുടെ പൗരത്വ-നിക്ഷേപ പദ്ധതി വഴി കൂടുതൽ സമ്പന്നരായ വ്യക്തികളെ എമിറേറ്റിലേക്ക് കൊണ്ടുവരാനുള്ള റാസല്‍ ഖൈമയുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഇമിഗ്രേഷൻ കൺസൾട്ടന്റുമാരും പറയുന്നു. ഇതോടൊപ്പം തന്നെ ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്കായി എമിറേറ്റ് ഒരു പുതിയ ഫ്രീ സോൺ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിനകം പതിനായിരക്കണക്കിന് വിദേശ സ്ഥാപനങ്ങള്‍ ഇന്റർനാഷണൽ കോർപ്പറേറ്റ് സെന്ററി കീഴില്‍ രജിസ്ട്രേഷന്‍ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു സൂപ്പർ യാട്ട് കേന്ദ്രത്തിനൊപ്പം റാസൽഖൈമയെ ഒരു യാട്ട് നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്, ടെന്നീസ് താരം റാഫേൽ നദാലിനെയും ഫോർമുല വൺ ചാമ്പ്യൻ ഫെർണാണ്ടോ അലോൻസോയെയും പോലുള്ള ഉപഭോക്താക്കളുള്ള ഒരു പോളിഷ് യാട്ട് നിർമ്മാണ കമ്പനി 30 മില്യൺ യൂറോ (33 മില്യൺ ഡോളർ) മുതൽമുടക്കിൽ റാസല്‍ ഖൈമയില്‍ ആഡംബര കാറ്റമരനുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.
യുഎഇയുടെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും ചെറുതാണ് റാസല്‍ ഖൈമ. അതുകൊണ്ട് തന്നെ വലിയ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിരവധി പ്രശ്നങ്ങളായിരുന്നു ഇതുവരെ നേരിട്ടിരുന്നത്. ചില വലിയ പദ്ധതികൾ മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പലരും പരാജയപ്പെട്ടു. 2013-ൽ, സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് റാസൽ ഖൈമയില്‍ ഒരു ബില്ല്യൺ ഡോളറിന്റെ സോക്കർ-തീം റിസോർട്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു.
ദുബായിയെ അപേക്ഷിച്ച് ധാരാളം ഒഴിഞ്ഞ പ്രദേശങ്ങള്‍ ഉണ്ടെന്നുള്ളതാണ് റാസല്‍ ഖൈമയുടെ വികസനത്തിന് അനുകൂലമാവുന്ന മറ്റൊരു ഘടകം. യുഎഇയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് റാസല്‍ ഖൈമ. മികച്ച സേവനങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ തങ്ങളുടെ എമിറേറ്റിലേക്ക് എത്തുമെന്ന ബോധ്യവും ഭരണകൂടത്തിനുണ്ട്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സമ്പന്നരായ സന്ദർശകരെ ആകർഷിക്കാൻ മികച്ച വിനോദ ഉപാധികള്‍ എമിറേറ്റ്സില്‍ ഉടനീളം ലഭ്യമാക്കുകയാണ് ലക്ഷ്യം.

മികച്ച സാഹചര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള സമ്പന്നരായവരിൽ പലരും സ്ഥിരമായി താമസിക്കാന്‍ എമിറേറ്റ്സിലേക്ക് എത്തുമെന്ന പ്രതീക്ഷയുമുണ്ട്. ഇതിലൂടെയുണ്ടാവുന്ന വിനോദസഞ്ചാര കുതിപ്പിനെ ദീർഘകാല സാമ്പത്തിക നേട്ടങ്ങളിലേക്ക് വിവർത്തനം ചെയ്യാനാണ് ഫലത്തില്‍ റാസല്‍ ഖൈമ ലക്ഷ്യമിടുന്നത്. 2030 ഓടെ എമിറേറ്റ്സിലെ വാർഷിക വിനോദസഞ്ചാരികളുടെ എണ്ണം നിലവിലേതിനേക്കാള്‍ നാലിരട്ടിയാക്കുമെന്ന് സർക്കാർ ഏജന്‍സികള്‍ തന്നെ വ്യക്തമാക്കുന്നത്, അതേസമയം ജനസംഖ്യ ഇന്നത്തെ 400,000 ൽ നിന്ന് കാൽ ദശലക്ഷം വർദ്ധിച്ച് 650,000 ആയും ഉയരും.
ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ നേതൃത്വത്തിന് കീഴിലാണ് എമിറേറ്റ്സ് അടിമുടി മാറിക്കൊണ്ടിരിക്കുന്നത്. വിദേശ വിഭ്യാഭ്യാസം നേടിയ ഇദ്ദേഹം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് ചെയർപേഴ്സണായ മകൾ ഷെയ്ഖ അംനെ അൽ ഖാസിമിക്കാണ് എമിറേറ്റിന്റെ സാമ്പത്തിക തന്ത്രത്തിന്റെ ഭൂരിഭാഗവും സൗദ് ബിൻ സഖർ ഏല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications