സൗദി അറേബ്യ വേറിട്ട നീക്കത്തിന്; മക്കയിലും മദീനയിലും വിദേശികള്‍ക്ക് നിക്ഷേപിക്കാം, ഇതാണ് വഴി
റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളാണ് മക്കയും മദീനയും. മുസ്ലിങ്ങള്‍ പ്രാര്‍ഥനയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നത് മക്കയിലെ മസ്ജിദിനാണ്. രണ്ടാം സ്ഥാനമാണ് മദീനയിലെ മസ്ജിദിനുള്ളത്. രണ്ട് നഗരങ്ങളും പരിപാവനമാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സൗദി അറേബ്യ ഈ രണ്ട് നഗരങ്ങള്‍ സംബന്ധിച്ച് നടത്തിയ പുതിയ പ്രഖ്യാപനമാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.
മക്കയിലെയും മദീനയിലെയും സ്വത്തുക്കളുടെ ഉടസ്ഥതയുള്ള കമ്പനികളില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം ഇറക്കാന്‍ അവസരം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതുവഴി വിദേശികള്‍ക്ക് രണ്ടിടത്തെയും റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ ഭാഗമാകാം. വാര്‍ത്ത പുറത്തു വന്ന പിന്നാലെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ കുതിച്ചു. അറിയാം വിശദവിവരങ്ങള്‍...

സൗദിയിലേക്ക് കൂടുതലായി വിദേശ നിക്ഷേപം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങാനാണ് വിദേശികള്‍ക്ക് സാധിക്കുക. മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെ വിദേശികള്‍ക്കും ലാഭം കൊയ്യാം.
മക്കയിലും മദീനയിലും സ്വത്തുക്കളുള്ള പൊതു-സ്വകാര്യ കമ്പനികള്‍ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കമ്പനികളുടെ ഓഹരികള്‍ വിദേശികള്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിക്കുന്നു. എന്നാല്‍ കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ വരെ മാത്രമേ വിദേശികള്‍ക്ക് വാങ്ങാന്‍ സാധിക്കൂ എന്നതും എടുത്തു പറയണം.
ഈ വാര്‍ത്ത വന്ന പിന്നാലെ മക്കയിലും മദീനയിലും സ്വത്തുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ മുന്നേറി. ജബല്‍ ഉമര്‍ ഡവലപ്‌മെന്റ് കമ്പനിയുടെ ഓഹരി മൂല്യം പത്ത് ശതമാനത്തോളമാണ് മുന്നേറിയത്. ദാറുല്‍ അര്‍ക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനി, ത്വയ്ബ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ഇമാര്‍ ഇക്കണോമിക് സിറ്റി ആന്റ് മക്ക കണ്‍സ്ട്രക്ഷന്‍ ഡവലപ്‌മെന്റ് കമ്പനി എന്നിവയുടെ ഓഹരികളെല്ലാം വന്‍ മുന്നേറ്റത്തിലാണ്.
സൗദി അറേബ്യ ലോകത്തെ നിക്ഷേപ കേന്ദ്രമായി മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. വിഷന്‍ 2030 എന്ന ബൃഹദ് പദ്ധതിയില്‍ ഈ ലക്ഷ്യവും സൗദിക്കുണ്ട്. വരുമാന മാര്‍ഗം വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണിത്. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ നിക്ഷേപ നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് സൗദി. മക്കയിലും മദീനയിലും എത്തുന്ന വിദേശികളുടെ എണ്ണം 2030ല്‍ മൂന്ന് കോടിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്.
വിദേശികള്‍ കൂടുതലായി വരുന്നതോടെ മേഖലയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കും. ഇതാണ് ഇവിടെ നിക്ഷേപമുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ മൂല്യം കൂടാന്‍ കാരണം. വിദേശ നിക്ഷേപകര്‍ കൂടി എത്തുന്നതോടെ ഈ രംഗത്ത് വലിയ മല്‍സരം നടക്കുമെന്നാണ് പ്രതീക്ഷ. 2021ല്‍ സൗദികളല്ലാത്തവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സൗദി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള സൗകര്യമാണ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications