സൗദി അറേബ്യയും ഇറാഖുമൊക്കെ കൂടെയുണ്ട്: എന്നാലും ക്രൂഡ് ഓയില്‍ ഇറക്കുമതി ചിലവ് 2 ശതമാനം ഉയരും
റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ്, ലുകോയിൽ എന്നിവയ്‌ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. രാജ്യത്തിന്‍റെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവിൽ ഏകദേശം 2% വരെ വർധനവിന് കാരണമാകുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. റഷ്യയുടെ ആകെ എണ്ണ കയറ്റുമതിയിൽ പ്രതിദിനം 4-5 മില്യൺ ബാരലും കൈകാര്യം ചെയ്യുന്നത് ഉപരോധിക്കപ്പെട്ട ഈ രണ്ട് കമ്പനികളാണ്.
ഇന്ത്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഈ രണ്ട് കമ്പനികളിൽ നിന്നാണ് റഷ്യൻ എണ്ണയുടെ 60% ലഭിക്കുന്നത്. "അമേരിക്കയുടെ ഉപരോധം ഇന്ത്യയുടെ വാങ്ങലിനെ ബാധിക്കും, കാരണം റഷ്യയിൽ നിന്ന് വാങ്ങുന്ന എണ്ണയുടെ 60% ഈ കമ്പനികളിൽ നിന്നാണ്. യു എ ഇയും സൌദിയും അടങ്ങുന്ന മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ബദൽ സപ്ലയർമാരെ കണ്ടെത്താമെങ്കിലും വിപണി വിലയിലുള്ള ഈ എണ്ണ വാങ്ങൽ വാർഷികമായി ഇറക്കുമതി ചെലവിൽ 2% വരെയെങ്കിലും വർധനവിന് കാരണമാകും." ഐസിആർഎ (ICRA) ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റും കോ-ഗ്രൂപ്പ് ഹെഡുമായ പ്രഷാന്ത് വസിഷ്ട് പറഞ്ഞു.

ഇപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് ദിവസവും ഏകദേശം 1 മില്യൺ ബാരൽ (mbpd) ക്രൂഡ് ഇറക്കുമതി ചെയ്യുന്നു, അതിൽ റോസ്നെഫ്റ്റ് മാത്രം 1 mbpd വിതരണം ചെയ്യുന്നു. 85% ക്രൂഡ് ആവശ്യം ഇറക്കുമതി വഴി നിറവേറ്റുന്ന ഇന്ത്യയ്ക്ക് ഉപരോധത്തോടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ബദൽ വിതരണക്കാരെ തേടേണ്ടി വരും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വ്യാഴാഴ്ച റോസ്നെഫ്റ്റും ലുക്കോയിലുംക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഇത് ഉക്രെയ്നിൽ സമാധാന കരാറിനായി മോസ്കോയെ സമ്മർദ്ദിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള ബുഡാപെസ്റ്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുമെന്ന് ട്രംപ് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച തന്നെ യുകെയും ഈ രണ്ട് റഷ്യൻ ഓയിൽ ഭീമന്മാരെ ഉപരോധിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ (EU) റഷ്യയ്ക്കെതിരായ 19-ാം ഉപരോധ പാക്കേജ് അംഗീകരിക്കുകയും 2027 ജനുവരി മുതൽ റഷ്യൻ ലിക്വിഫൈഡ് നാച്ചുറൽ ഗാസ് (LNG) ഇറക്കുമതി നിരോധിക്കുകയും ചെയ്തു. റഷ്യൻ എല്‍ എന്‍ ജിയുടെ പ്രധാന വാങ്ങലുകാരായ ജപ്പാനോട് യുഎസ് റഷ്യൻ എനർജി ഇറക്കുമതി നിർത്താനും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ റഷ്യയിൽ നിന്ന് 'കൂടുതൽ ഓയിൽ വാങ്ങില്ല' എന്ന് ഉറപ്പ് നൽകിയെന്ന് ട്രംപ് മുൻപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഈ അവകാശവാദം നിഷേധിച്ചു. 2022-ൽ റഷ്യ-ഉക്രെയിൻ യുദ്ധം ആരംഭിച്ച ശേഷമാണ് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി കാര്യമായി വർധിക്കുന്നത്. 2025-ലെ ആദ്യ 9 മാസത്തിൽ മാത്രം 1.7 mbpd ആണ് ഇന്ത്യയുടെ കയറ്റുമതി. നിലവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 34 ശതമാനമാണ് റഷ്യയില്‍ നിന്ന്. ഒരു ഘട്ടത്തില്‍ ഇത് 40 ശതമാനത്തിന് മുകളിലായിരുന്നു.
ഇന്ത്യൻ സർക്കാർ ഇതുവരെ എണ്ണ മാർക്കറ്റിംഗ് കമ്പനികൾക്ക് (IOC, BPCL, HPCL) ഇറക്കുമതി കുറയ്ക്കാനുള്ള ഔദ്യോഗിക നിർദേശം നൽകിയിട്ടില്ലെങ്കിലും, വാങ്ങൽ തുക കുറയുന്ന പ്രവണത കഴിഞ്ഞ മാസങ്ങളിൽ കാണുന്നുണ്ടെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. ഡാറ്റാ അനാലിറ്റിക്‌സ് സ്ഥാപനമായ Kpler ന്റെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബർ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 0.16 mbpd കുറവായിരുന്നു. എങ്കിലും റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനായി തുടരുന്നു. ജനുവരിയിൽ 1.67 mbpd ആയിരുന്ന ഇറക്കുമതി ഫെബ്രുവരിയിൽ 1.48 mbpd ആയി താഴ്ന്നു, മാർച്ചിൽ 1.87 mbpd, ഏപ്രിലിൽ 1.96 mbpd ആയി ഉയർന്നു. ജൂണിൽ അത് 2.1 mbpd വരെ എത്തിയെങ്കിലും, പിന്നീട് ചെറിയ ഇടിവ് രേഖപ്പെടുത്തി.












Click it and Unblock the Notifications