സൗദി അറേബ്യ, ഖത്തര്‍ കൈയ്യഴിച്ച് സഹായിച്ചു; മറ്റൊരു രാജ്യത്ത് ശമ്പളം കൊടുക്കാന്‍, ഒപ്പം എണ്ണയും
പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഖത്തറും. ലോകത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ഇവരുടെ സഹായം വലിയ ആശ്വാസമാണ്. മറ്റൊരു രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസമില്ലാതിരിക്കാനും സൗദിയും ഖത്തറും കൈകോര്‍ത്തിരിക്കുകയാണിപ്പോള്‍.
സിറിയക്ക് വേണ്ടിയാണ് ഈ സഹായം. പന്ത്രണ്ട് വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയെ പുനരുദ്ധരിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഗള്‍ഫിലെ ഈ രണ്ട് രാജ്യങ്ങളാണ്. സിറിയയില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ ലക്ഷ്യങ്ങളുണ്ട്. ശക്തമായ സിറിയ നിലനില്‍ക്കേണ്ടത് മേഖലയുടെ സുരക്ഷയ്ക്ക് അനിവാര്യമാണ് എന്നാണ് ജിസിസി രാജ്യങ്ങളുടെ നിലപാട്.

89 ദശലക്ഷം യുഎസ് ഡോളറാണ് സൗദി അറേബ്യയും ഖത്തറും സിറിയക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണ് സിറിയ. പട്ടിണി ഒഴിഞ്ഞിട്ടില്ല. വലിയ തോതിലുള്ള സഹായം കിട്ടിയില്ലെങ്കില്‍ നിരവധി പട്ടിണി മരണങ്ങള്‍ സിറിയയില്‍ നിന്നുണ്ടാകുമെന്ന് യുഎന്‍ ഏജന്‍സി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വേളയിലാണ് സൗദിയും ഖത്തറും സിറിയയെ സഹായിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര യുദ്ധം അവസാനിക്കുകയും ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയും ചെയ്ത പിന്നാലെ അഹമ്മദ് അല്‍ ഷര്‍ആ ആണ് സിറിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്. ഇസ്രായേല്‍ അതിര്‍ത്തിയിലെ ഗൊലാന്‍ കുന്നുകളിലയിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം.
ക്രൂഡ് ഓയില്‍ നല്‍കി സൗദി
പ്രസിഡന്റായി ചുമതലയേറ്റ ശേഷം അഹമ്മദ് അല്‍ ഷര്‍ആ ഗള്‍ഫ് പര്യടനം നടത്തിയിരുന്നു. സൗദിയും ഖത്തറും യുഎഇയും കുവൈത്തുമെല്ലാം സന്ദര്‍ശിച്ച അദ്ദേഹം സിറിയയെ പുനസൃഷ്ടിക്കുന്നതിന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അമേരിക്ക ചുമത്തിയ ഉപരോധം പിന്‍വലിക്കാന്‍ സൗദി മുന്‍കൈയ്യെടുത്തു. ഡൊണാള്‍ഡ് ട്രംപ് സൗദി സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
വൈദ്യുതി, വെള്ളം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഖത്തറും സൗദിയും സഹായിക്കുന്നത്. യുഎന്‍ ഏജന്‍സി മുഖേനയാണ് പണം കൈമാറുന്നത്. കഴിഞ്ഞ ജൂലൈയില്‍ ക്രൂഡ് ഓയില്‍ വേണമെന്ന സിറിയയുടെ ആവശ്യം സൗദി അംഗീകരിച്ചിരുന്നു. ആഗസ്റ്റില്‍ 16.5 ലക്ഷം ബാരല്‍ എണ്ണയാണ് സൗദി നല്‍കിയത്.
സിറിയ പഴയ പോലെ സജീവമാകുന്നതിന്റെ ഭാഗമായി ദമസ്‌കസില്‍ ഇന്റര്‍നാഷണല്‍ ഫെയര്‍ സംഘടിപ്പിച്ചിരുന്നു പുതിയ സര്‍ക്കാര്‍. ജിസിസിയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിക്കെത്തി. സൗദി അറേബ്യ ആറ് ധാരണപത്രങ്ങളിലാണ് സിറിയയുമായി ഒപ്പുവച്ചത്. ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ടതായിരുന്നു മിക്ക കരാറുകളും. ആഭ്യന്തര യുദ്ധം അവസാനിച്ചതോടെ എട്ടര ലക്ഷം അഭയാര്‍ഥികള്‍ സിറിയയിലേക്ക് തിരിച്ചുവന്നിരുന്നു. ഇവര്‍ക്ക് ജീവിത സാഹചര്യം ഒരുക്കുന്നതിലാണ് പുതിയ സര്‍ക്കാരിന്റെ ശ്രദ്ധ.












Click it and Unblock the Notifications