Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റിൽ വൻ ശക്തിയാവാൻ ഒരുങ്ങി സൗദി; ഐപിഎൽ താര ലേലത്തിന് വേദിയാവും? പിന്നിൽ ചില ലക്ഷ്യങ്ങൾ

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് കണക്കാക്കുന്നത്. പണക്കൊഴുപ്പിന്റെയും താരമൂല്യത്തിന്റെയും ഒക്കെ പ്രധാന ഇടങ്ങളിൽ ഒന്ന് കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ ടൂർണമെന്റ് പലരുടെയും നോട്ടപ്പുള്ളിയുമാണ്. പലപ്പോഴും എല്ലാവരും ഓരോ സീസൺ തുടങ്ങുമ്പോഴും ഉറ്റുനോക്കുന്ന കാര്യം അതിന്റെ താരലേലത്തെ കുറിച്ചുള്ള വിവരങ്ങൾക്കാണ്.

ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിനായി ഓരോ ടീമും വൻ തുക മുടക്കി താരങ്ങളെ എത്തിക്കുന്നത് കൊണ്ട് തന്നെ ലേലം വലിയൊരു ഘടകമാണ് ഐപിഎല്ലിൽ. എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലെ വമ്പനായ സൗദി താരലേലത്തിനുള്ള വേദിയായി മാറാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. ക്രിക്കറ്റിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഏഷ്യൻ രാജ്യമാണ് സൗദി അറേബ്യ.

saudicricket

എന്നിട്ടും ഐപിഎൽ താരലേലത്തിനായി അവർ മുന്നിട്ടിറങ്ങുമ്പോൾ ചോദ്യങ്ങൾ ഒരുപാടാണ് ഉയരുന്നത്. ഈ നീക്കത്തിന്റെ കാരണങ്ങളാണ് കൂടുതൽ പേരും തേടുന്നത്. വിശാലമായ അർത്ഥത്തിൽ കായിക ലോകത്തെ നോക്കി കാണുന്നവർക്ക് ഉറപ്പായും എന്താണ് സൗദിയുടെ മനസിലെന്ന് മനസിലായിക്കാണും എന്നത് ഉറപ്പാണ്. അതിനായി സൗദി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സമാനമായ ചില നീക്കങ്ങൾ കൂടി മനസിൽ ഓർക്കേണ്ടതുണ്ട്.

ഐപിഎൽ ലക്ഷ്യമിടാനുള്ള കാരണം?

നിലവിൽ സൗദി ക്രിക്കറ്റ് ടീം അന്താരാഷ്‌ട്ര തലത്തിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്തുകയോ അവരുടെ വരവറിയിക്കുകയോ ചെയ്‌തിട്ടുള്ളൊരു രാജ്യമല്ല. എങ്കിലും സൗദി ക്രിക്കറ്റിൽ സജീവമാവുന്നതാണ് കാണാൻ കഴിയുക. ഐസിസി ടി20 റാങ്കിങിൽ ഇപ്പോൾ 33ആം സ്ഥാനത്താണ് സൗദിയുള്ളത്. ടെസ്‌റ്റിലും, ഏകദിനത്തിലും അവർക്ക് ഒന്നും നേടാൻ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിനായി നീക്കങ്ങൾ ആരംഭിച്ചുവെന്ന് വേണമെങ്കിൽ നമുക്ക് കരുതാം. ഐപിഎൽ അവരുടെ ക്രിക്കറ്റ് മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുമെന്ന് അവർ കരുതുന്നു. കൂടാതെ ഈ കായിക ഇനത്തിൽ തങ്ങളുടെ പേര് ആഗോള തലത്തിൽ തന്നെ അറിയപ്പെടാൻ ഐപിഎൽ താരലേലം സഹായിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇതൊക്കെയും തീരുമാനത്തിന് പിന്നിലെ ഘടകങ്ങളാണ്.

ആഗോള സ്‌പോർട്‌സ് ഹബ്ബാവാൻ ഒരുങ്ങുന്ന സൗദി

ഇനി മറ്റൊരു രീതിയിൽ കൂടി സൗദിയുടെ ഈ നീക്കത്തെ നമുക്ക് നോക്കി കാണാം. നിലവിൽ അന്താരാഷ്‌ട്ര ഫുട്‍ബോളിലെ ഏറ്റവും വലിയ ചില പേരുകൾ സൗദി ക്ലബുകളിലാണ് കളിക്കുന്നത്. വൻതുക മുടക്കി റൊണാൾഡോ, നെയ്‌മർ ഉൾപ്പെടയുള്ള താരങ്ങളെ എത്തിച്ചത് അവരുടെ ലീഗിനും കായിക മേഖലയ്ക്കും കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി തന്നെയാണ്. ഈ നീക്കത്തിൽ ഒരു പരിധിവരെ അവർ വിജയിച്ചു.

ഇനി ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്രിക്കറ്റിനെ കൂടി അവിടെ ജനകീയമാക്കി, അതിൽ നിന്ന് നേട്ടം കൊയ്യാമെന്നാണ് സൗദി കണക്ക് കൂട്ടുന്നത്. ഇതോടെ എണ്ണയിതര വരുമാനം വർധിക്കുകയും ഒരു സ്‌പോർട്‌സ് ഹബ്ബ് എന്ന നിലയിലേക്ക് വളർച്ച ഉണ്ടാക്കിയെടുക്കുകയും ചെയ്യുമെന്നാണ് ഈ ഗൾഫ് രാജ്യം കരുതുന്നത്.

അതിന്റെ ഭാഗമായാണ് 2034 ഫുട്‍ബോൾ ലോകകപ്പിന് അവർ വേദിയാവുന്നത്. അങ്ങനെ സ്‌പോർട്‌സ് ഹബ്ബ് എന്ന സൗദിയുടെ അഭിലാഷത്തിലേക്കുള്ള അടുത്ത ചവിട്ട് പടിയായാണ്‌ ഐപിഎൽ താര ലേലത്തിനുള്ള നീക്കത്തെയും കാണുന്നത്. ഒരുപക്ഷേ ഇത് വിജയിച്ചാൽ സൗദിയുടെ പേര് ക്രിക്കറ്റ് പണ്ഡിതന്മാർക്കും ആരാധകർക്കും ഇടയിൽ ഉറപ്പായും ചർച്ചയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+