സൗദി അറേബ്യ നനഞ്ഞിടം കുഴിക്കുന്നു: വില ഉയർത്തി: പ്രതിസന്ധികാലത്ത് ഇന്ത്യക്ക് ഇരട്ടി പ്രഹരം
ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ തുടർച്ചയായ രണ്ടാം തവണയും വർധനവ് വരുത്തി സൗദി അറേബ്യ. തങ്ങളുടെ പ്രധാന ക്രൂഡ് ഓയിൽ ഗ്രേഡായ അറബ് ലൈറ്റിന്റെ സെപ്റ്റംബറിലേക്കുള്ള വിതരണ വില ഓഗസ്റ്റ് മാസത്തെ വിലയിൽ നിന്ന് ഒരു ഡോളർ കൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. അതാത് ഒമാൻ/ദുബായ് ബെഞ്ച്മാർക്കിന് മുകളിൽ 3.20 ഡോളറായാണ് വില നിശ്ചയിച്ചിരിക്കുന്നത്.
വിപണി പ്രതീക്ഷകൾക്ക് അനുസൃതമായാണ് ഈ വില വർധനവെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. വിതരണത്തിലെ കുറവും ഏഷ്യൻ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടുതല്‍ ശക്തമാകുകയും ചെയ്യും.ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയെ ഗൾഫ് രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നിന്ന്, കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ പ്രേരിപ്പിക്കുമെന്ന് റിഫൈനിംഗ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 0.2 ശതമാനം മാത്രമായിരുന്നു. എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയപ്പോൾ, വിലക്കിഴിവിൽ ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വൻതോതിൽ വാങ്ങി. 2023 മെയ് മാസത്തോടെ, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 35-40 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഇതോടെ ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്ന് റഷ്യയെ ഇന്ത്യയുടെ ഒന്നാമത്തെ എണ്ണ വിതരണക്കാരനാക്കി മാറ്റുകയും ചെയ്തു.
നിലവിൽ, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ശരാശരി പ്രതിദിനം 1.78 മില്യൺ ബാരലാണ്. അതായത് ഇത് ഇറാഖിൽ നിന്നുള്ള 0.9 മില്യൺ ബാരലിന്റെയും സൗദി അറേബ്യയിൽ നിന്നുള്ള 0.702 മില്യൺ ബാരലിന്റെയും ഇരട്ടിയോളമാണ്. വിലക്കിഴിവിൽ ലഭ്യമായ റഷ്യൻ എണ്ണ, ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുകയും, റീട്ടെയിൽ ഇന്ധന വില സ്ഥിരപ്പെടുത്തുകയും, പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരുമാണ് ഇന്ത്യ. 85 ശതമാനത്തിലധികം എണ്ണ ആവശ്യങ്ങൾ ഇറക്കുമതിയെ ആശ്രയിച്ചാണ് നിറവേറ്റുന്നത്. റഷ്യൻ എണ്ണയുടെ വിലക്കിഴിവ്, ഇന്ത്യൻ റിഫൈനറികൾക്ക് ലാഭം വർധിപ്പിക്കാനും, യൂറോപ്പിലേക്ക് റിഫൈൻഡ് ഇന്ധനം കയറ്റുമതി ചെയ്യാനും സഹായിച്ചു. എന്നാൽ, അമേരിക്കയുടെ പുതിയ താരിഫുകൾ, റഷ്യൻ എണ്ണയിൽ നിന്ന് മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യത ഏറെയാണ്.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നത് 9-11 ബില്യൺ ഡോളറിന്റെ അധിക ചെലവുണ്ടാക്കുമെന്നാണ് വിശകലന വിദഗ്ധർ കണക്കാക്കുന്നത്. ഒപ്പം, യൂറോപ്യൻ യൂണിയന്റെ 2026 ജനുവരി മുതൽ റഷ്യൻ ക്രൂഡിൽ നിന്ന് റിഫൈൻഡ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക്, ഇന്ത്യൻ റിഫൈനറികൾക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.












Click it and Unblock the Notifications