സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും
റിയാദ്: സൗദി അറേബ്യയിലേക്ക് മലയാളികള്‍ കൂടുതലായി പോകുന്നത് ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനാണ്. ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങി റോഡ് മാര്‍ഗം മക്കയിലെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ മക്കയില്‍ തന്നെ പുതിയ വിമാനത്താവളം നിര്‍മിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഇക്കാര്യത്തില്‍ സൗദി ഭരണകൂടം അനുമതി നല്‍കി.
ആഗോള നിലവാരത്തിലുള്ള വിമാനത്താവളമാണ് മക്കയില്‍ നിര്‍മിക്കുക. സ്വകാര്യ പങ്കാളിത്തത്തോടെയാകും നിര്‍മാണം. എന്നാല്‍ ജിദ്ദയിലെ വിമാനത്താവളത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഒരിക്കലും സൗകര്യം ഒരുക്കില്ലെന്ന് മക്ക സിറ്റിക്ക് വേണ്ടിയുള്ള റോയല്‍ കമ്മീഷന്‍ സിഇഒ സാലിഹ് അല്‍ റഷീദ് പറഞ്ഞു. പ്രാരംഭ ഘട്ടത്തിലാണ് വിമാനത്താവളം.

സാധ്യതാ പഠനം കഴിഞ്ഞ് അന്തിമ അനുമതി ലഭിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ഇനി നിക്ഷേപം ലഭിക്കണം. നിര്‍മാണം തുടങ്ങാന്‍ ഇനിയും സമയമെടുക്കും. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മക്കയില്‍ വിമാനത്താവളം നിര്‍മിക്കുക. ഇവിടെ വിമാനത്താവളം വന്നാല്‍ ജിദ്ദയില്‍ ഇറങ്ങി റോഡ് മാര്‍ഗം വരേണ്ടതിന്റെ പ്രയാസം പൂര്‍ണമായി നീങ്ങും.
മക്ക മെട്രോയ്ക്ക് 'വേഗത കൂടും'
മക്കയില്‍ വിമാനത്താവളം വന്നാല്‍ ഹജ്ജിനും ഉംറയ്ക്കും കൂടുതല്‍ പേര്‍ എത്തുമെന്ന് സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നു. വേഗത്തില്‍ വന്നുപോകാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കുകയും ചെയ്യും. ഇതോടെ തീര്‍ഥാടകരുടെ യാത്രാ നടപടികള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. കൂടുതല്‍ പേര്‍ എത്തിയാലും മക്കയില്‍ യാത്രാ സൗകര്യം വിപുലീകരിച്ചാല്‍ മറ്റു തടസങ്ങളുണ്ടാകില്ല.
വിമാനത്താവളത്തിന് പുറമെ മക്ക മെട്രോയും ആലോചനയിലുണ്ട്. പ്രാഥമിക രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. തീര്‍ഥാടകര്‍ പതിവായി സന്ദര്‍ശിക്കുന്ന പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും മക്ക മെട്രോ നിലവില്‍ വരിക. മക്കയിലെ ഹറം പള്ളിയില്‍ തീര്‍ഥാടകരുടെ യാത്രകളും മറ്റും നിനിയന്ത്രിക്കുന്നതിന് എഐ വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
മക്കയില്‍ ഏകദേശം 400 ബസുകള്‍ 12 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. 430 സ്റ്റോപ്പുകളാണുള്ളത്. കൂടാതെ നാല് സെന്‍ട്രല്‍ സ്റ്റേഷനുകളും. 2022 ഫെബ്രുവരിയിലാണ് ഈ സര്‍വീസ് ആരംഭിച്ചത്. മക്ക ടാക്‌സിയും തീര്‍ഥാടകര്‍ക്ക് വലിയ സഹായമാണ്. മക്കയിലെ പല ഭാഗങ്ങളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications