സൗദി അറേബ്യ തുരങ്കംവയ്ക്കുന്നു; ഇറാഖ് നല്‍കിയ നേട്ടം ഇന്ത്യയ്ക്ക് കിട്ടില്ലേ, പുതിയ വിവരം
റിയാദ്: ക്രൂഡ് ഓയില്‍ വിപണിയില്‍ ഇന്ത്യയ്ക്ക് നേട്ടമാകുന്ന തീരുമാനം ഇറാഖ് എടുത്തപ്പോള്‍ സൗദി അറേബ്യയുടെ നീക്കം തിരിച്ചടിയാകുമെന്ന്് ആശങ്ക. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില കൂട്ടാന്‍ സൗദി ആലോചിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്രൂഡ് ഓയിലിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.
ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. ലോകത്തെ മൊത്തം എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. അതുകൊണ്ടുതന്നെ സൗദി അറേബ്യ വില കൂട്ടുമ്പോള്‍ ആഗോള വിപണിയെ സ്വാധീനിക്കും. ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനൊപ്പം വിലയും ഉയര്‍ത്തുന്ന സൗദിയുടെ നീക്കം എങ്ങനെയാണ് വിപണിയെ സ്വാധീനിക്കുക എന്ന് കണ്ടറിയണം.

ഒക്ടോബറില്‍ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില സൗദി അറേബ്യ കുറച്ചിരുന്നു. എന്നാന്‍ നവംബറില്‍ നല്‍കുന്ന എണ്ണയ്ക്കാണ് വില വര്‍ധിപ്പിക്കാന്‍ പോകുന്നത്. അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 20 മുതല്‍ 40 സെന്റ് വരെ വര്‍ധിപ്പിക്കുമെന്നാണ് എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, അറബ് എക്‌സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി തുടങ്ങിയ ഇനം ക്രൂഡുകളുടെ വിലയില്‍ 30 മുതല്‍ 60 സെന്റ് വരെ വില കൂടിയേക്കും. സൗദി അറേബ്യ വില ഉയര്‍ത്തുമ്പോള്‍ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും ക്രൂഡ് വില കൂട്ടുമെന്നതാണ് കഴിഞ്ഞ കാല അനുഭവം. ക്രൂഡിന് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ വില കൂട്ടിയാല്‍ പ്രതിസന്ധിയാകും.
റഷ്യയുടെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ഇതിന് അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ഇതോടെ മറ്റു മാര്‍ഗങ്ങള്‍ ഇന്ത്യ തേടേണ്ടി വരും. റഷ്യയുടെ ക്രൂഡിന് പുറമെ ഇറാന്റെ ക്രൂഡിനും അമേരിക്ക ഉപരോധം ശക്തമാക്കുമെന്നാണ് വിവരം. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ പാത പിന്തുടരും. ഇതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.
റഷ്യയുടെയും ഇറാന്റെയും ക്രൂഡ് വാങ്ങാന്‍ സാധിക്കാതെ വരുമ്പോള്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെ ആയിരിക്കും. അമേരിക്ക, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെങ്കിലും ചരക്കുകടത്ത് എളുപ്പം പശ്ചിമേഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ സൗദിയുടെ തീരുമാനം തിരിച്ചടിയാകും.
കുര്‍ദിസ്ഥാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി ഇറാഖ് പുനരാരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. മാത്രമല്ല, ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഉല്‍പ്പാദനം കൂട്ടുമെന്ന് വിവരം പുറത്തുവന്നതും ഇന്ത്യയ്ക്ക് സന്തോഷം നല്‍കി. എന്നാല്‍ അതിനിടെയാണ് സൗദി അറേബ്യ ക്രൂഡിന് വില കൂട്ടുമെന്ന തീരുമാനം വരാന്‍ പോകുന്നത്. ക്രൂഡ് വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഉയരുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്യും.












Click it and Unblock the Notifications