സൗദി അറേബ്യ വേറെ ലെവല്‍; മറ്റുള്ളവർക്ക് കണ്ടുപഠിക്കാം: സമ്പത്തിന്റെ കാര്യത്തില്‍ പുത്തന്‍ നേട്ടം
റിയാദ്: ലോകത്ത്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് സൗദി അറേബ്യ. പരമ്പരാഗതമായി ക്രൂഡ് ഓയിലാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമെങ്കിലും അടുത്ത കാലത്ത് ക്രൂഡ് ഓയില്‍ ഇതര മേഖലയിലും രാജ്യം വലിയ മുന്നേറ്റമുണ്ടാക്കുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തി വരുന്ന വൈവിധ്യവത്കരണമാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണം.
2024 ലെ നാലാം പാദത്തിലെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദന (GDP) ത്തില്‍ സൗദി അറേബ്യ വലിയ മുന്നേറ്റമുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാന്‍ അറബ് രാഷ്ട്രത്തിന് സാധിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കൂടിയാണ് ഇത്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) കണക്കുകൾ പ്രകാരം, 2023 നെ അപേക്ഷിച്ച് 2024 ൽ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ 1.3 ശതമാനം വളർച്ചയും കൈവരിച്ചു. ഇത് മുൻ വർഷങ്ങളില്‍ നേരിട്ട വെല്ലുവിളികൾക്ക് ശേഷം രാജ്ം ശക്തമായ രീതിയില്‍ തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ എണ്ണയിതര മേഖലയിലെ വരുമാന വർധനവാണ് ഈ നേട്ടം കൈവരിക്കാന്‍ സൗദി അറേബ്യക്ക് കൂടുതല്‍ സഹായകരമായത്. 2024 ലെ നാലാം പാദത്തിൽ 4.6 ശതമാനം വാർഷിക വളർച്ചയാണ് എണ്ണയിതര മേഖല കൈവരിച്ചത്. 'വിഷൻ 2030' മുന്‍നിർത്തി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതികളിലൂടെ രാജ്യത്തിന് വലിയ നേട്ടമാണുണ്ടാക്കാന്‍ സാധിക്കുന്നത്.
കൂടാതെ, സീസണൽ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോള്‍ സൗദി അറേബ്യയുടെ യഥാർത്ഥ ജിഡിപി 2024 ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 0.3 ശതമാനം വർദ്ധിച്ചു. ഇത്തരത്തിലുള്ള സ്ഥിരമായ സാമ്പത്തിക വളർച്ചയിലുടെ ഗള്‍ഫ് മേഖലയിലെ മുന്‍നിര സാമ്പത്തിക ശക്തികളില്‍ ഒന്നായി സൗദി മുന്നേറുന്നു.
ക്രൂഡ് ഓയില്‍ ഇതര വരുമാനം വർധിപ്പിച്ചതോടെ ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സൗദി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് എണ്ണ ഇതരവരുമാനത്തിൽ വലിയ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചിട്ടുണ്ട്. 2016 മുതൽ 2024 വരെ രാജ്യത്ത് എണ്ണ ഇതര വരുമാനം 154 ശതമാനം വർധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications