സൗദി അറേബ്യ വിരട്ടി; പിന്നാലെ 24 മണിക്കൂര്‍ അന്ത്യശാസനം, യുഎഇ സൈന്യം യമനില്‍ നിന്ന് പിന്മാറി
യമനില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎഇ സൈന്യം. ഭീകരതക്കെതിരായ യൂണിറ്റ് ആണ് യമനില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നും പുതിയ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ പിന്തുണയോടെ തെക്കന്‍ യമനിലെ എസ്ടിസിക്ക് ആയുധങ്ങള്‍ എത്തുന്നു എന്ന് മനസിലാക്കി സൗദി അറേബ്യ മുകല്ല തുറമുഖത്ത് ആക്രമണം നടത്തിയിരുന്നു.
പിന്നാലെ യുഎഇ സൈന്യം രാജ്യം വിട്ടുപോകണം എന്ന് യമനിലെ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സൗദിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക വിഭാഗമാണിത്. മാത്രമല്ല, യുഎഇയുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കാനും ഇവര്‍ തീരുമാനിച്ചു. ഇതാണ് സൈന്യത്തെ പിന്‍വലിക്കാന്‍ യുഎഇയെ പ്രേരിപ്പിച്ചത്. സൗദിയുടെ സുരക്ഷയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവര്‍ത്തനം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് യുഎഇ അറിയിച്ചു.

യുഎഇയുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കാനുള്ള പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തീരുമാനം അട്ടിമറിയാണ് എന്ന് എസ്ടിസി വക്താവ് കുറ്റപ്പെടുത്തി. ഹൂതികള്‍ക്കെതിരായ നീക്കത്തില്‍ നിന്ന് സൗദി പിന്മാറിയെന്നും പകരം തങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും എസ്ടിസി ആരോപിക്കുന്നു. തെക്കന്‍ യമനിലെ നിയന്ത്രണം ഒഴിവാക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
യമനില്‍ മൂന്ന് വിഭാഗം രൂപപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. സൗദിയുടെ പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍. യുഎഇ പിന്തുണയുള്ള എസ്ടിസി, ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍. ഹൂതികളെ നേരിടാന്‍ ഒറ്റക്കെട്ടായി നീങ്ങിയിരുന്നവരാണ് പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലും എസ്ടിസിയും. തെക്കന്‍ യമന്‍ കേന്ദ്രമായി പഴയ രാജ്യം വേണമെന്ന ആവശ്യം എസ്ടിസി ശക്തമാക്കിയതോടെയാണ് ഭിന്നത ഉടലെടുത്തത്.
ഇവര്‍ സൗദി അതിര്‍ത്തിയോട് ചേര്‍ന്ന കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ തുടങ്ങിയതോടെ സൗദി ആക്രമിക്കുകയായിരുന്നു. ഇവിടെ ആയുധവുമായി എത്തിയ കപ്പലാണ് ആക്രമിച്ചതെന്ന് സൗദി പറയുന്നു. വിഘടനവാദികള്‍ക്ക് യുഎഇ പിന്തുണ നല്‍കരുതെന്നും സൗദി ആവശ്യപ്പെട്ടു. എസ്ടിസിക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നില്ലെന്ന് യുഎഇ പിന്നീട് പ്രതികരിച്ചു.
അതേസമയം, എല്ലാവരും സമാധാനത്തിന്റെ പാത സ്വീകരിക്കണം എന്ന് ഒമാന്‍ ആവശ്യപ്പെട്ടു. സൗദിയുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ചര്‍ച്ച നടത്തി. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയ വേളയില്‍ യമനിലെ ബാബുല്‍ മന്ദിബില്‍ ചരക്കുകപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇവരെ തുരത്താനാണ് യുഎഇ എസ്ടിസിക്ക് ആയുധം നല്‍കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ നിര്‍ദേശത്തിന് അനുസരിച്ചാണ് യുഎഇ പ്രവര്‍ത്തിക്കുന്നതത്രെ.












Click it and Unblock the Notifications