ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ സൗദി അറേബ്യന്‍ കുതിപ്പ്: പുതിയ പ്രഖ്യാപനം ഉടന്‍; രാജകുമാരന്‍ നല്‍കിയ സൂചന
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയില്‍ വർധനവ്. സെപ്റ്റബർ മാസത്തെ കയറ്റുമതി കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 80000 ബാരൽ ബി പി ഡിയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിലെ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 5.75 മില്യൺ ബി പി ഡിയായി ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന് നിരക്കാണ് ഇതെന്നും ജോയിൻ്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവിൻ്റെ (ജെ ഒ ഡി ഐ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂണ്‍, ജുലൈ, ആഗസ്ത് മാസങ്ങളില്‍ ആഭ്യന്തര ഡിമാന്‍ഡ് ഉയർന്നതാണ് കയറ്റുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൂട് വളരെ അധികം ശക്തമായിരുന്ന ഈ മാസങ്ങളില്‍ വൈദ്യുതി ഉല്‍പാദനത്തിനായി കൂടുതല്‍ ക്രൂഡ് ഓയില്‍ ആവശ്യമായിരുന്നു. ചൂടേറിയ ഈ മാസങ്ങള്‍ അവസാനിച്ചതോടെ സെപ്തംബർ മുതല്‍ കയറ്റുമതി അളവ് വീണ്ടും വർധിച്ചു.

ഓഗസ്റ്റില്‍ 296000 ബി പി ഡി ക്രൂഡ് ഓയിലാണ് സൗദി അറേബ്യ വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിച്ചത്. സെപ്തംബറില്‍ ഇത് 518000 ആയി കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യയുടെ എണ്ണ ഉൽപ്പാദനം സെപ്റ്റംബറിൽ 17000 ബി പി ഡി കുറഞ്ഞ് 8.98 ദശലക്ഷം ബി പി ഡിയിലേക്ക് എത്തി എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം റിഫൈനറി സംഭരണം ഓഗസ്റ്റിലെ നിരക്കില്‍ നിന്നും 35000 ബി പി ഡി വർധിച്ച് 2.756 ദശലക്ഷം ബി പി ഡി എന്ന നാല് മാസത്തെ ഉയർന്ന നിലയിലെത്തിയെന്നും ഡാറ്റ വ്യക്തമാക്കുന്നു.
സ്വമേധയാ 1 ദശലക്ഷം ബി പി ഡി ഉല്‍പ്പാദനം കുറച്ച് ഏകദേശം 9 ദശലക്ഷം ബി പി ഡി ആയി നിലനിർത്തുമെന്ന രാജ്യത്തിന്റെ മുന്‍ തീരുമാനം അനുസരിച്ചാണ് സെപ്തംബറിലെ ഉല്‍പാദന വെട്ടിക്കുറവ്. മറുവശത്ത് ചൈനയിലേക്ക് കയറ്റി അയക്കുന്ന ക്രൂഡ് ഓയിലിന്റെ അളവിലും അറബ് രാഷ്ട്രം കുറവ് വരുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ദുർബലമായ ഡിമാന്‍ഡ് ഡിസംബറിൽ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യയിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരിലേക്കുള്ള വിതരണം കുറയാൻ ഇടയാക്കുമെന്ന് വ്യാപാര വൃത്തങ്ങൾ നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതേസമയം, ക്രൂഡ് ഓയിൽ ഉൽപാദനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് സൗദി അറേബ്യന്‍ ഊർജ്ജ വകുപ്പ് മന്ത്രി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പ്രതിദിന ഉല്‍പാദനം 12.3 ദശലക്ഷമായി വർധിപ്പിക്കാനാണ് രാജ്യത്തിന്റെ നീക്കം. ഒപെക് കൂട്ടായ്മയുടെ തീരുമാനമനുസരിച്ചാണ് സൗദി അറേബ്യ തങ്ങളുടെ ഉല്‍പാദനം 9 ദശലക്ഷം ബാരലായി നിജപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഉടന്‍ നീക്കുമെന്നാണ് ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്. ഉല്‍പാദനം വർധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ കയറ്റുമതിയും വന്‍തോതില്‍ വർധിക്കും.












Click it and Unblock the Notifications