സൗദി അറേബ്യ ഞെട്ടിച്ചു: ഇറാഖിനെ മറികടന്ന് ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഒന്നാമത്
ന്യൂഡല്‍ഹി: സെപ്റ്റംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ നേരിയ കുറവ്. ഗ്ലോബൽ റിയൽ-ടൈം ഡാറ്റ, അനലിറ്റിക്സ് ദാതാവായ കെപ്ലറിന്റെ പ്രാഥമിക കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം പോയ മാസം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 1.60 മില്യൺ ബാരലാണ്. സെപ്തംബറിലെ ഇറക്കുമതി ഓഗസ്റ്റിനെ അപേക്ഷിച്ച് 5.4 ശതമാനം കുറവാണ്. എന്നിരുന്നാലും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ഉയർത്തുന്ന സമ്മർദ്ദം ഇന്ത്യൻ റിഫൈനറികളെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
റഷ്യൻ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ലോഡിംഗ് ഓഗസ്റ്റ് മാസത്തെ അതേ നിലവാരത്തിൽ തുടർന്നതായും കപ്പൽ ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നു. ഇറക്കുമതി കുറഞ്ഞെങ്കിലും റഷ്യൻ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ലോഡിംഗ് പ്രതിദിനം 1.52 മില്യൺ ബാരലായി, മുൻ മാസത്തെ അതേ നിലവാരത്തിൽ തുടർന്നു. അതോടൊപ്പം സെപ്റ്റംബറിൽ 300000 ബാരലിലധികം റഷ്യൻ എണ്ണയുടെ ലക്ഷ്യസ്ഥാനം ഇതുവരെ വ്യക്തമല്ലെന്നതാണ് ശ്രദ്ധേയം. ഇതിൽ ഒരു വലിയ ഭാഗം ഇന്ത്യയിലേക്ക് എത്തിയേക്കാമെന്നും വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റഷ്യയുമായുള്ള എണ്ണ വിതരണ കരാറുകൾ സാധാരണയായി വിതരണത്തിന് ആറ് മുതൽ എട്ട് ആഴ്ച മുമ്പാണ് ഉറപ്പിക്കപ്പെടുന്നത്. അതായത്, സെപ്റ്റംബറിലെ ഇറക്കുമതി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ കരാറുകൾക്ക് അനുസൃതമായിരിക്കും. സെപ്തംബറ്റില്‍ ഇന്ത്യയുടെ ആകെ ഇറക്കുമതിയില്‍ റഷ്യൻ എണ്ണയുടെ വിഹിതം 33.3 ശതമാനമാണെങ്കില്‍ സൗദി അറേബ്യ 19.8 ശതമാനവുമായി രണ്ടാമതും, ഇറാഖ് 12.8 ശതമാനവുമായി മൂന്നാമതുമാണ്. സൗദി ഇറാഖിനെ മറികടന്നു എന്നതാണ് ശ്രദ്ധേയം. യുഎഇ 12.7 ശതമാനം, നൈജീരിയ-യുഎസ് 4.9 ശതമാനം, മറ്റുള്ളവർ 4.5 ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം.
ജൂലൈയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിനെതിരെ പരസ്യമായി വിമർശനം ഉയർത്തുകയും ഓഗസ്റ്റ് ആദ്യ വാരത്തിൽ, ഇന്ത്യൻ സാധനങ്ങൾക്ക് 25 ശതമാനം അധിക തീരുവയും പ്രഖ്യാപിക്കുന്നു. എന്നിരുന്നാലും, ഒക്ടോബറിലെ റഷ്യൻ എണ്ണ വിതരണ കണക്കുകൾ മാത്രമേ യുഎസ് സമ്മർദ്ദത്തിന്റെ യഥാർത്ഥ പ്രത്യാഘാതം വ്യക്തമാക്കൂ എന്നും വിദഗ്ധർ പറയുന്നു.
"നിലവിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാട് കാണിക്കാന്‍ വേണ്ടി മാത്രം ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതിയിൽ കാര്യമായ കുറവ് വരുത്താൻ സാധ്യതയില്ല. തീരുമാനങ്ങൾ പ്രധാനമായും സാമ്പത്തിക കണക്കുകൂട്ടലുകളെ ആശ്രയിച്ചാണ്. യുഎസ് സമ്മർദ്ദം വർധിച്ചാൽ, വൈവിധ്യവത്കരണം പ്രകടിപ്പിക്കാൻ 100,000-200,000 ബാരൽ പ്രതിദിനം എന്ന നിലയിൽ ഒരു പ്രതീകാത്മക കുറവ് വരുത്തിയേക്കാം. എന്നാൽ, സർക്കാർ നിർദ്ദേശം ഇല്ലാതെ ഘടനാപരമായ കുറവ് അസാധ്യമാണ്," കെപ്ലർ റിഫൈനിംഗ് & മോഡലിംഗ് ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു.
സെപ്റ്റംബറിലെ റഷ്യൻ എണ്ണ ഇറക്കുമതിയിലെ നേരിയ കുറവിന് പ്രധാന കാരണം യുഎസ് സമ്മർദ്ദമല്ല, മറിച്ച് ചരക്ക് കൂലി വർധനവും റഷ്യൻ എണ്ണയുടെ കിഴിവിൽ ഉണ്ടായ നേരിയ കുറവുമാണെന്ന് വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുക്രൈന്റെ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ റിഫൈനിംഗ് ശേഷിയുടെ ഒരു ഭാഗം തകരാറിലായതിനാൽ, റഷ്യയ്ക്ക് കൂടുതൽ എണ്ണ കയറ്റുമതി ചെയ്യേണ്ടിവരും. ഇത് റഷ്യൻ എണ്ണയുടെ വിലയിൽ കിഴിവ് വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
"ഇന്ത്യ അടുത്ത കുറച്ച് വർഷങ്ങളിൽ റഷ്യൻ എണ്ണയിൽ നിന്ന് പിന്മാറുമെന്ന് ഞാൻ കരുതുന്നില്ല. റഷ്യൻ എണ്ണ ഇപ്പോഴും മറ്റ് എണ്ണ ഗ്രേഡുകളെ അപേക്ഷിച്ച് വില കുറവാണ്. കിഴിവുകൾ മുമ്പത്തെ $10-20 ബാരലിന് എന്നതിനേക്കാൾ കുറഞ്ഞിട്ടുണ്ടെങ്കിലും, ചെറിയ വിലനേട്ടം പോലും റിഫൈനറികൾക്ക് പ്രധാനമാണ്. റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കുന്ന സർക്കാർ നിർദ്ദേശം ഇല്ലെങ്കിൽ, ഇറാനിൽ നിന്നുള്ള എണ്ണയോട് ഇന്ത്യ സ്വീകരിച്ച സമീപനം പോലെ, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും," റിറ്റോലിയ കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യയുടെ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരമായി വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ എണ്ണയ്ക്ക് യാതൊരു ഉപരോധവും ഏർപ്പെടുത്തിയിട്ടില്ല. പാശ്ചാത്യ ഷിപ്പിംഗ്, ഇൻഷുറൻസ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ മാത്രമാണ് വിലയിലെ വ്യത്യാസം ബാധകമാകുന്നത്. ഇന്ത്യയുടെ പൊതുമേഖലാ റിഫൈനറികൾ സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും, സാമ്പത്തിക-വാണിജ്യപരമായി ലാഭകരമാണെങ്കിൽ റഷ്യൻ എണ്ണ വാങ്ങൽ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈൻ ആക്രമണം ആരംഭിച്ചപ്പോൾ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 2 ശതമാനത്തിൽ താഴെയായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ ഒഴിവാക്കിയതോടെ, റഷ്യ കിഴിവുകൾ വാഗ്ദാനം ചെയ്തു. ഇന്ത്യൻ റിഫൈനറികൾ ഈ അവസരം മുതലെടുത്ത്, റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനാക്കി മാറ്റി. ഇതോടെ പരമ്പരാഗത പശ്ചിമേഷ്യൻ വിതരണക്കാർ പിന്തള്ളപ്പെടുകയും ചെയ്തു.












Click it and Unblock the Notifications