പെട്രോളിയം തീരും; സൗദി അറേബ്യ മറ്റൊരു നീക്കത്തിന്... ഗള്‍ഫില്‍ മുമ്പ് ഈ ധൈര്യം കാണിച്ചത് യുഎഇ മാത്രം
പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ എക്കാലത്തും പെട്രോളിയത്തെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് ഭരണകൂടം മനസിലാക്കുന്നു. സമീപകാലത്ത് സാമ്പത്തിക രംഗത്ത് വരുത്തിയ മാറ്റങ്ങളെല്ലാം ഈ ബോധ്യത്തോടെ തന്നെയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 'പുതിയ സൗദി' എന്ന നയം അതിവേഗം നടപ്പാകുകയാണ്.
ആണവ നിലയങ്ങള്‍ സജീവമാക്കാനാണ് സൗദിയുടെ പുതിയ തീരുമാനം. ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഈര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. യുറേനിയം വില്‍ക്കുക കൂടി ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ആണവ റിയാക്ടര്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന യുറേനിയം പൗഡര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാണ് സൗദിയുടെ തീരുമാനം. ആണവ വികിരണത്തിന് സാധ്യതയുള്ള പ്രവൃത്തിയാണിത്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ച് ചെയ്യേണ്ടതുമാണ്. പെട്രോളിയം ഇല്ലെങ്കിലും യുറേനിയം കയറ്റുമതിയിലൂടെ വന്‍ ലാഭം കൊയ്യാമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.
യുഎഇ രണ്ടാം നിലയം നിര്‍മിക്കുന്നു
ആണവോര്‍ജത്തില്‍ സൗദി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുമായി സൗദി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നിലവില്‍ യുഎഇക്കും ഇറാനും മാത്രമാണ് മേഖലയില്‍ ആണവോര്‍ജ നിലയങ്ങളുള്ളത്. ഈജിപ്തും തുര്‍ക്കിയും സ്വന്തമായി നിലയം സ്ഥാപിക്കാനുള്ള ആലോചനയിലാണ്. ഇസ്രായേലിനും രഹസ്യ ആണവ പദ്ധതി ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുഎഇക്ക് ഒരു ആണവോര്‍ജ നിലയമാണുള്ളത്. രണ്ടാമത്തേത് നിര്‍മിക്കാന്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ യുഎഇയിലെ മൊത്തം ആണവ റിയാക്ടറുകളുടെ എണ്ണം എട്ടായി ഉയരും. എങ്കിലും യുറേനിയം സമ്പുഷ്ടീകരണത്തിന് ആലോചിക്കുന്നില്ല എന്നാണ് യുഎഇ പറഞ്ഞിട്ടുള്ളത്. ഈ വേളയിലാണ് യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും വില്‍ക്കുമെന്നുമുള്ള സൗദിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.
അന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞത്
ആണവായുധം നിര്‍മിക്കുന്നതിന് മുന്നോടിയായി യുറേനിയം സമ്പുഷ്ടീകരണം നടത്താറുണ്ട്. ഇറാന്റെ ഈ നീക്കത്തെ അമേരിക്കയും സഖ്യരാജ്യങ്ങളും എതിര്‍ക്കുകയും ഉപരോധം ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ സൗദിയുടെ നീക്കം അമേരിക്കയും യൂറോപ്പും നിരീക്ഷിച്ചുവരികയാണ്. ഊര്‍ജമേഖല വൈവിധ്യവല്‍ക്കരിക്കുക മാത്രമാണ് ലക്ഷ്യമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും നിര്‍മിക്കുമെന്ന് നേരത്തെ കിരീടവകാശി ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.
കുറഞ്ഞ ശേഷിയുള്ള ആണവ റിയാക്ടര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ സൗദി അറേബ്യയ്ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ അനുമതിയുണ്ട്. ഇതിന്റെ തോത് സദാസമയം ഏജന്‍സി നിരീക്ഷിക്കും. യുഎഇയിലെ ആണവ റിയാക്ടര്‍ യുഎന്‍ നിരീക്ഷണത്തിലാണ്. 2024 അവസാനത്തോടെ യുഎന്‍ നിരീക്ഷണം അവസാനിപ്പിക്കുമെന്ന് യുഎഇ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications