സൗദി രാജകുമാരന്‍ ഇന്ത്യയെ പറ്റി പറഞ്ഞത്... ഹമാസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചര്‍ച്ചയായി ഈ പ്രതികരണം
റിയാദ്: പലസ്തീനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രണ്ടാഴ്ചയായി തുടരവെ വ്യത്യസ്തമായ പ്രതികരണവുമായി സൗദി അറേബ്യയിലെ രാജകുമാരന്‍. ഇന്ത്യയെ കൂടി പരാമര്‍ശിച്ചുള്ള തുര്‍ക്കി അല്‍ ഫൈസല്‍ ആലുസൗദ് രാജകുമാരന്റെ പ്രതികരണം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ സുപ്രധാന വാര്‍ത്തയാണ്. സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍.
അമേരിക്കയിലെ ബകര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് തുര്‍ക്കി അല്‍ ഫൈസല്‍ ഇന്ത്യയെ പരാമര്‍ശിച്ചത്. ഹമാസ്-ഇസ്രായേല്‍ യുദ്ധത്തെ വിമര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടു. ഇസ്രായേലിനെയും ഹമാസിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

പലസ്തീന്റെ വിമോചനം ആവശ്യമാണെന്ന് പറഞ്ഞ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍, ഹമാസ് സ്വീകരിക്കുന്ന സമര മാര്‍ഗത്തെയാണ് വിമര്‍ശിച്ചത്. സൈനിക നീക്കത്തിലൂടെ പലസ്തീന്റെ വിമോചനം തേടുന്നതിനെ താന്‍ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു വഴിയാണ് താന്‍ നിര്‍ദേശിക്കുന്നതെന്ന് സൂചിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയെ പരാമര്‍ശിച്ചത്.
ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയിലെ നേതാക്കള്‍ നയിച്ച നിയമ ലംഘന പ്രസ്ഥാനമാണ് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ എടുത്തുപറഞ്ഞത്. സായുധ സമരത്തിന് പകരം ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യയിലെ സമരക്കാര്‍ പരാജയപ്പെടുത്തിയതെന്നും കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് സാമ്രാജ്യം പരാജയപ്പെട്ടതും സമാനമായ രീതിയിലാണെന്നും രാജകുമാരന്‍ പറഞ്ഞു.
ഈ മാസം ഏഴിനാണ് ഹമാസ് ഇസ്രായേലിന് നേരെ അപ്രതീക്ഷിതമായ ആക്രമണം നടത്തിയത്. ഇത്രയും ശക്തമായ ആക്രമണം ഹമാസ് സമീപ കാലത്തൊന്നും നടത്തിയിരുന്നില്ല. ആയിരത്തിലധികം ഇസ്രായേലുകാര്‍ കൊല്ലപ്പെട്ടു. സൈനികരും ഇസ്രായേലി പൗരന്മാരും ഇതില്‍പ്പെടും. പിന്നീട് ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയും ഗാസയില്‍ മരണം 4000 കവിയുകയും ചെയ്തു.
ആശുപത്രികള്‍, അഭയര്‍ഥി ക്യാമ്പുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാല, ആംബുലന്‍സ്, ചര്‍ച്ചുകള്‍, മസ്ജിദ് തുടങ്ങി എല്ലായിടത്തും ഇസ്രായേല്‍ ആക്രമണം നടത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. ഹമാസിനെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണം എന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ഞായറാഴ്ച മാത്രം 400 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.
സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നത് ആരായാലും അംഗീകരിക്കാനാകില്ലെന്ന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഹമാസ് സാധാരണക്കാരെ ആക്രമിച്ചതിനെ പിന്തുണയ്ക്കില്ല. സാധാരണക്കാരെയും കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും യുദ്ധമുഖത്ത് ആക്രമിക്കുന്നത് ഇസ്ലാം നിരോധിച്ചതാണെന്നും സൗദി രാജകുമാരന്‍ പറഞ്ഞു.












Click it and Unblock the Notifications