സിറിയക്ക് മേലുള്ള ഉപരോധം നീക്കുമെന്ന് ട്രംപ്: സൗദി അറേബ്യയില്‍ 600 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാർ
സിറിയക്ക് മേല്‍ അമേരിക്ക രേഖപ്പെടുത്തിയ എല്ല ഉപരോധങ്ങളും നീക്കുമെന്ന് പ്രിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാല് ദിവസത്തെ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിനിടെ, റിയാദിൽ നടന്ന യുഎസ്-സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ വെച്ചാണ് ട്രംപ് ഇത്തരം ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
"സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ ഞാൻ അവസാനിപ്പിക്കാൻ ഉത്തരവിടും. അതുവഴി അവർക്ക് വികസനം നേടാനുള്ള അവസരം നൽകും. ഇപ്പോൾ അവരുടെ സമയമാണ്. ഞങ്ങൾ എല്ലാം നീക്കം ചെയ്യുന്നു" ട്രംപ് പറഞ്ഞു. ഉപരോധങ്ങൾ ക്രൂരമായിരുന്നു. സിറിയയിലെ പുതിയ ഭരണകൂടം രാജ്യത്തെ സ്ഥിരപ്പെടുത്തി സമാധാനം നിലനിർത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 2000-ന് ശേഷം യുഎസ്, സിറിയൻ നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അൽ-ഷറാ 2016-ൽ അൽ-ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും, അദ്ദേഹം നേതൃത്വം നൽകിയ എച്ച് ടി എസിനെ, യുഎസും യുഎന്നും ഭീകരസംഘടനയായി മുദ്രകുത്തിയിരുന്നു. 2025 ജനുവരിയിൽ എച്ച് ടി എസ് ഔദ്യോഗികമായി പിരിച്ചുവിട്ടെങ്കിലും അൽ-ഷറായ്ക്ക് ഭീകരവാദസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനി, ട്രംപിന്റെ പ്രഖ്യാപനത്തെ വളരെ പോസിറ്റീവ് ആയി കാണുന്നുവെന്നും ഇത് സിറിയൻ ജനതയ്ക്ക് നിർണായക വഴിത്തിരിവ് ആയിരിക്കുമെന്നും പറഞ്ഞു.ഉപരോധങ്ങൾ നീക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കാനും സിറിയൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവനം ചെയ്യാനും നിർണായകം ആണെന്നായിരുന്നു യുഎൻ പ്രത്യേക ദൂതൻ ഗെയർ പെഡേഴ്സൺ അഭിപ്രായപ്പെട്ടത്.
എന്നാൽ, ഇസ്രായേൽ അൽ-ഷറായുടെ ഭീകരവാദ ഭൂതകാലത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു. പുതിയ സിറിയൻ ഭരണകൂടത്തോട് അതിവേഗം അടുക്കുന്നതിനെതിരെ മുന്നറിയിപ്പും അവർ നല്‍കുന്നു. 2024 ഡിസംബറിൽ, ഇസ്രായേൽ ഡമാസ്കസിലെ പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.
സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പൂർണമായി പിൻവലിക്കാനുള്ള ട്രംപിന്റെ പദ്ധതിയും ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അൽ-ഷറായുമായുള്ള കൂടിക്കാഴ്ച, ഈ പിൻവലിക്കലിനെ ത്വരിതപ്പെടുത്താനും ഇറാൻ സിറിയയിൽ വീണ്ടും സ്വാധീനം ചെലുത്തുന്നത് തടയാനും ഉദ്ദേശിച്ചുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു.
അതിനിടെ സൗദി അറേബ്യയിൽ ട്രംപ് 600 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറും 142 ബില്യൺ ഡോളറിന്റെ പ്രതിരോധ വിൽപ്പന കരാറും ഒപ്പുവെച്ചു. റിയാദിൽ നടന്ന യുഎസ്-സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി (MBS) നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ ചരിത്രപരമായ കരാറുകൾ പ്രഖ്യാപിച്ചത്. കരാറുകൾ യുഎസ്-സൗദി സാമ്പത്തിക, പ്രതിരോധ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുമായി യോജിപ്പിച്ച് സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യമിടുന്നു.
ഡോളറിന്റെ നിക്ഷേപ കരാർ, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന, ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, ഖനനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ സഹകരണ കരാറായി വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു.സൗദി സായുധ സേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി വിപുലമായ പരിശീലനവും പിന്തുണയും കരാറില്‍ ഉൾപ്പെടുന്നു. ഇതിൽ സൗദി സൈനിക അക്കാദമികളുടെ മെച്ചപ്പെടുത്തലും സൈനിക മെഡിക്കൽ സേവനങ്ങളും അടങ്ങിയിട്ടുണ്ട്. ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള ട്രംപിന്റെ സന്ദർശനത്തിലൂടെ മിഡിൽ ഈസ്റ്റിൽ യുഎസിന്റെ സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications