45 കോടിയിലേറെ പിഴ, ജീവപര്യന്തം: യുഎഇ ആ 53 പേരെ ശിക്ഷച്ചത് എന്തിന്, വെറുതെവിട്ടത് ഒരാളെ മാത്രം
അബുദാബി: 53 പേർക്ക് ഒന്നിച്ച് തടവ് ശിക്ഷ വിധിച്ചിരിക്കുന്നുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം യു എ ഇയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. 43 പേർക്ക് ജീവപര്യന്തവും ശേഷിക്കുന്ന 10 പ്രതികള്‍ 10 മുതല്‍ 15 വർഷം വരേയും തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ 20 ദശലക്ഷം ദിർഹം പിഴയും ഇവർ അടയ്ക്കണമെന്നും അബുബാദി ഫെഡറല്‍ അപ്പീല്‍ കോടതി വ്യക്തമാക്കി. അതായത് 45 കോടിയിലേറെ ഇന്ത്യന്‍ രൂപ.
രാജ്യത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് മുസ്ലീം ബ്രദർഹുഡ് എന്ന സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചെന്ന കുറ്റത്തിനാണ് അമ്പതിലേറെപ്പേരെ പിടികൂടിയിരുന്നത്. തീവ്രവാദ സംഘടനയെ സഹായിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയ ആറ് കമ്പനികള്‍ പൂട്ടിക്കെട്ടാനും അബുദാബി കോടതി ഉത്തരവിട്ടിട്ടുണ്ട്.

വിധിക്കെതിരെ യു എ ഇ ഫെഡറൽ സുപ്രീം കോടതിയിൽ പ്രതികള്‍ക്ക് അപ്പീൽ നൽകാന്‍ സാധിക്കുന്നതാണെന്നും ഔദ്യോഗിക വാർത്താ ഏജന്‍സിയായ ഡബ്ല്യു എ എം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അറബ് ലോകത്തെ ഏറ്റവും പഴക്കമേറിയതും സ്വാധീനമുള്ളതുമായ ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നായ മുസ്ലീം ബ്രദർഹുഡിൻ്റെ പ്രാദേശിക ഗ്രൂപ്പായ ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റിയിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവർ. 2014 ൽ തന്നെ ഈ സംഘടനയെ യുഎഇ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നുവെന്നും ഡബ്ല്യു എ എം റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളും ഉൾപ്പെടെ മറ്റ് അറബ് രാജ്യങ്ങളിൽ സംഭവിച്ചതിന് സമാനമായി രാജ്യത്തും അക്രമ സംഭവങ്ങൾ സൃഷ്ടിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് കോടതിയെ ഉദ്ധരിച്ചുകൊണ്ടുള്ള ഡബ്ല്യു എ എം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയയിൽ രാജ്യവിരുദ്ധ ലേഖനങ്ങളും ട്വീറ്റുകളും പ്രസിദ്ധീകരിക്കുകയും നിയമവിരുദ്ധമായ റിഫോം കോൾ ഓർഗനൈസേഷനുമായി സഹകരിച്ചതിനുമാണ് അഞ്ച് പ്രതികൾക്ക് 15 വർഷത്തെ തടവ് ശിക്ഷ നല്‍കിയിരിക്കുന്നത്. ഭീകര സംഘടനകള്‍ക്കുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് 10 വർഷമാണ്.
റിഫോം കോൾ ഓർഗനൈസേഷനുമായി സഹകരിച്ച് പ്രവർത്തിച്ചതിന് 24 പ്രതികൾക്കെതിരായ ക്രിമിനൽ കേസുകളും കോടതി തള്ളുകയും ഒരു പ്രതിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കേസിൽ ഹാജരാക്കിയ തെളിവുകൾ, പ്രതികളിൽ നിന്നുള്ള കുറ്റസമ്മത മൊഴികള്‍, സാക്ഷി മൊഴികള്‍, സാങ്കേതിക റിപ്പോർട്ടുകള്‍ എന്നിവ ഉള്‍പ്പെടെ പരിഗണിച്ചാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications