യുഎഇയില്‍ നിന്നും 2125 കോടി വരുന്നു; കേരളത്തിലേക്കല്ല, തെലങ്കാനയില്‍: 5020 പേർക്ക് ജോലിയും
പരമ്പരാഗതമായി തന്നെ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ. സമീപകാലത്തായി ഈ ബന്ധം കൂടുതല്‍ ശക്തമായി. ഇപ്പോഴിതാ യു എ ഇയില്‍ നിന്നും വലിയ തോതിലുള്ള നിക്ഷേപമാണ് നമ്മുടെ രാജ്യത്തിലേക്ക് എത്തുന്നത്. അടുത്തിടെ നടന്ന 'ഇൻവെസ്റ്റ് കേരള' ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി കേരളത്തിലേക്കാണ് വലിയ തോതില്‍ യു എ ഇ നിക്ഷേപം എത്തിയെങ്കിലും ഏറ്റവും പുതിയ വാർത്ത സമാനമായ രീതിയിലുള്ള നിക്ഷേപം തെലങ്കാനയിലേക്കും വരുന്നുവെന്നാണ്.
യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷൈവ ഗ്രൂപ്പും ടാരനിസ് കാപിറ്റലും തെലങ്കാനയില്‍ 2125 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇ കമ്പനികള്‍ തെലങ്കാനയിലെ റിവലേഷൻസ് ബയോടെക്, മനാകിൻ ബയോ, സ്വോബോധ ഇൻഫിനിറ്റി ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ്, എക്സിജന്റ് ഡ്രില്ലിംഗ് ടെക്നോളജി, യെൻട്ര ടെക് കൺട്രോൾസ് എന്നീ അഞ്ച് കമ്പനികളുമായി ധാരണപത്രം ഒപ്പിടുകയും ചെയ്തു കഴിഞ്ഞു.

ഈ നിക്ഷേപത്തിലൂടെ തെലങ്കാനയിലെ അയ്യായിരത്തിലേറെ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. തെലങ്കാന സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഐടി, വ്യവസായ വകുപ്പ് മന്ത്രി ശ്രീധർ ബാബുവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. 'തെലങ്കാനയിൽ നിന്ന് വ്യവസായങ്ങൾ പുറത്തേക്ക് പോകുന്നുവെന്നും നിക്ഷേപങ്ങൾ കുറയുന്നുവെന്നുമുള്ള അടിസ്ഥാനരഹിതമായ വാദങ്ങൾക്കുള്ള മറുപടിയാണ് ഈ നിക്ഷേപം' മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 18 മാസത്തിനിടെ 3 ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആകർഷിക്കുകയും 1 ലക്ഷത്തിലധികം യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ന്, 5,020 യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടെ തെലങ്കാനയുടെ വികസന യാത്രയിൽ മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്തുകയാണ്' മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബയോടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സെന്ററുകൾ, പ്രതിരോധം, ഊർജം, ഫിന്ടെക്, പൊതു അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ 24000 കോടി രൂപയുടെ അധിക നിക്ഷേപത്തിനും ഷൈവ ഗ്രൂപ്പും ടാരനിസ് കാപിറ്റലും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 'ബയോടെക് മേഖലയിൽ, പ്രത്യേക കുറഞ്ഞ പഞ്ചസാര ഉള്ളടക്കമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രമേഹ വിരുദ്ധ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ മാനേജ്മെന്റ് സാങ്കേതികവിദ്യകൾ എന്നിവയിലൂന്നിയ നവീന ആശയങ്ങളാണ് അവർ ലക്ഷ്യമിടുന്നത്' മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിക്ഷേപങ്ങള്‍ വരുന്ന വഴി
റിവലേഷൻസ് ബയോടെക്: പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനിയിലേക്ക് 1,360 കോടി രൂപയുടെ നിക്ഷേപം. ഇതിലൂടെ 3080 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
മനാകിൻ ബയോ: എഐ അടിസ്ഥാനമാക്കിയുള്ള രോഗനിർണ്ണയവും പരിഹാരങ്ങളും നിർദേശിക്കുന്ന നൽകുന്ന കമ്പനിയിലേക്ക് 340 കോടി രൂപയുടെ നിക്ഷേപം. ഇതിലൂടെ 810 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
യെൻട്ര ടെക് കൺട്രോൾസ്: രാസവസ്തുക്കൾ ഉപയോഗിക്കാതെ ഭക്ഷണത്തിന്റെ ഷെൽഫ്-ലൈഫ് വർധിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയിലേക്ക് 255 കോടി രൂപയുടെ. 640 തൊഴിലവസരങ്ങൾ ഈ നിക്ഷേപത്തിലൂടെ ലഭ്യമായേക്കും.
സ്വോബോധ ഇൻഫിനിറ്റി ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ്: വെല്‍ത്ത് മാനേജ്മെന്റ് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനിയിലേക്ക് 80 കോടി രൂപയുടെ നിക്ഷേപം. ഇതിലൂടെ 220 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
എക്സിജന്റ് ഡ്രില്ലിംഗ് ടെക്നോളജി: പേറ്റന്റ് ലഭിച്ച ഹോറിസോണ്ടൽ ഡ്രില്ലിംഗ് സാങ്കേതികവിദ്യയുള്ള കമ്പനിയിലേക്ക് 90 കോടി രൂപ. 270 തൊഴിലവസരങ്ങൾ.












Click it and Unblock the Notifications