യുഎഇയില്‍ ആശങ്ക, മഴയും ചൂടും കൂടുമെന്ന് മുന്നറിയിപ്പ്; കാത്തിരിക്കുന്നത് വന്‍ കാലാവസ്ഥാ വ്യതിയാനം!
അബുദാബി: യുഎഇയുടെ കാലാവസ്ഥയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ കാണാനാകും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ അബ്രി. രാജ്യത്ത് മഴയുടെ തീവ്രത 10 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കുമെന്നും വരും വര്‍ഷങ്ങളില്‍ ശരാശരി താപനില 1.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിലിലെ അഭൂതപൂര്‍വമായ മഴയ്ക്ക് സമാനമായ തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് രാജ്യം സാക്ഷിയാകേണ്ടി വരും എന്നം അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ മാറ്റങ്ങള്‍ ഹ്രസ്വമോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതോ ആകാം എന്നും മുഹമ്മദ് അല്‍ അബ്രി പറഞ്ഞു. വരാനിരിക്കുന്ന കാര്യമായ മാറ്റങ്ങളെ സൂചിപ്പിക്കുന്ന നിരീക്ഷണങ്ങളാണ് കാലാവസ്ഥാ വിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

'വരാനിരിക്കുന്ന ദശകത്തില്‍ മഴയുടെ തോത് വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രവചനങ്ങളുടെ കൃത്യതകള്‍ക്ക് അപ്പുറം ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ഏപ്രിലില്‍ പെയ്ത കനത്ത മഴ പോലെയുള്ള അസാധാരണമായ കാലാവസ്ഥയെ നേരിടാനുള്ള സംവിധാനങ്ങളും പരിശോധിക്കണം,' മുഹമ്മദ് അല്‍ അബ്രി വ്യക്തമാക്കി.
'പ്രതിസന്ധിയും പ്രകൃതി ദുരന്ത നിവാരണവും' എന്ന വിഷയത്തില്‍ ദുബായ് പൊലീസ് സംഘടിപ്പിച്ച സെമിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വാര്‍ഷിക ശരാശരി താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവ് പ്രതീക്ഷിക്കാം. ഇത് കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള രാത്രികള്‍ വര്‍ധിക്കാനിടയാക്കും. പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിയുന്ന ദിവസങ്ങളും പ്രതീക്ഷിക്കാം.
നിലവിലെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം മുതല്‍ 25 ശതമാനം വരെ മഴയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകാം. ഏപ്രില്‍ 14 മുതല്‍ 17 വരെ രേഖപ്പെടുത്തിയ അസാധാരണമായ മഴ, ചില പ്രദേശങ്ങളില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ കാരണമായി എന്നും അദ്ദേഹം പറഞ്ഞു. ഖത്മ് അല്‍ ഷക്ലയില്‍ രേഖപ്പെടുത്തിയ 259 മില്ലീമീറ്ററാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മഴ.
അല്‍ മര്‍മൂമില്‍ 219 മില്ലീമീറ്ററാണ് രേഖപ്പെടുത്തിയത്. ഇത് ദുബായിലെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെയും സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് ദുബായ് പൊലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ ബിന്‍ തമീം പറഞ്ഞു.












Click it and Unblock the Notifications