വിജയ് നായകനായ ജനനായകന് സൗദി അറേബ്യയിലും കുരുക്ക്? അവസാന സിനിമ തടയാന്‍ ശ്രമം നടക്കുന്നോ
ദുബായ്: വിജയുടെ അവസാന സിനിമയായ ജനനായകന് ആഭ്യന്തര സെന്‍സര്‍ വെല്ലുവിളി നേരിടുന്നതിന് പുറമെ ജിസിസിയിലും പ്രതിസന്ധി എന്ന് റിപ്പോര്‍ട്ട്. പൊങ്കല്‍ റിലീസ് ആയി ജനുവരി ഒമ്പതിന് ആഗോള റിലീസ് പ്രഖ്യാപിച്ചിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഇതിനകം പുറത്തുവന്ന സിനിമയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
അതേസമയം, സൗദി അറേബ്യയില്‍ ജനനായകന് നിരോധനം നേരിടുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ശബ്ദം കുറച്ചും വീണ്ടും പ്രദര്‍ശന അനുമതി തേടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. യുഎഇ കഴിഞ്ഞാല്‍ ജിസിസി രാജ്യങ്ങളില്‍ വിജയ് സിനിമകള്‍ക്ക് വലിയ പ്രക്ഷേക സമൂഹമുള്ള രാജ്യം സൗദി അറേബ്യയാണ്.

400 കോടി മുടക്കി എടുത്ത സിനിമ സൗദി വിപണിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തികമായി തിരിച്ചടിയാകും. ജനനായകന്‍ തന്റെ അവസാന സിനിമയാണ് എന്നാണ് വിജയ് പറഞ്ഞത്. 33 വര്‍ഷത്തെ കരിയറിന് അദ്ദേഹം വിരാമമിടുകയാണ്. ഈ ഘട്ടത്തില്‍ മികച്ച യാത്രയയപ്പ് വിജയ് അര്‍ഹിക്കുന്നുണ്ട് എന്ന് സിനിമാ രംഗത്തെ പ്രമുഖന്‍ ഡെക്കാള്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
അതേസമയം, ജനുവരി ഒമ്പതിന് തന്നെ സിനിമ പുറത്തിറക്കുന്നതിന് വേണ്ട പരിശ്രമത്തിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍. വിജയുടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. പ്രീ സെയില്‍ വഴി 35 കോടി സിനിമ നേടിക്കഴിഞ്ഞു. സിനിമയുടെ വരവില്‍ നടന്‍ രവി മോഹന്‍ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, സിനിമ റിലീസ് ആകാനിരിക്കെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരിക്കുകയാണ് സിബിഐ.
മുഴുവന്‍ ടിക്കറ്റും വിറ്റുപോയി
കര്‍ണാടക, കേരളം എന്നിവിടങ്ങളിലെല്ലാം സിനിമയുടെ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. ബെംഗളൂരുവില്‍ പലയിടത്തും ടിക്കറ്റ് കിട്ടാനില്ല. ചില തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് 2000 രൂപ വരെ എത്തി. ബെംഗളരുവിലെ മുകുന്ദ് തിയേറ്ററില്‍ രാവിലെ 6.30നാണ് ആദ്യ ഷോ. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല.
സിബിഎഫ്‌സിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ ബുക്കിങ് തുടങ്ങിയിട്ടില്ല. സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് സിബിഎഫ്‌സി നിര്‍ദേശിച്ചിരുന്നു. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു തുടങ്ങി വന്‍ താര നിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. 2023ല്‍ പുറത്തിറങ്ങിയ ബാലകൃഷ്ണ നായകനായ ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകന്‍ എന്ന പ്രചാരണമുണ്ട്.
ഇനി രാഷ്ട്രീയത്തില്‍ സജീവമാകുകയാണ് വിജയ്. ഏപ്രിലില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടി മല്‍സരിക്കും. വിജയ് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെ ഫലം വിജയ്ക്ക് അനുകൂലമല്ല. തനിക്ക് ഇഷ്ടപ്പെട്ട അഭിനയ ജീവിതം ഒഴിവാക്കി ജനങ്ങളെ സേവിക്കാന്‍ ഇറങ്ങുകയാണ് എന്നാണ് വിജയ് മലേഷ്യയില്‍ വച്ച് പറഞ്ഞത്.












Click it and Unblock the Notifications