ലോകത്തെ പ്രായമേറിയ കിരീടവകാശി... കുവൈത്തിന്റെ പുതിയ അമീര്‍ ഇതാണ്; ശൈഖ് മിശ്അല്‍
കുവൈറ്റ് സിറ്റി: ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തിന് പുതിയ അമീര്‍. നിലവിലെ കിരീടവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് ഇനി കുവൈത്തിനെ നയിക്കുക. ലോകത്തെ ഏറ്റവും പ്രായമേറിയ കിരീടവകാശിയായ രാജകുമാരനാണ് ശൈഖ് മിശ്അല്‍.
ശൈഖ് നവാഫിന്റെ വിയോഗം സ്ഥിരീകരിച്ച പിന്നാലെ കുവൈത്തില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് പുതിയ അമീറിനെ പ്രഖ്യാപിക്കുകയായിരുന്നു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമാണ് പുതിയ അമീറിനെ പ്രഖ്യാപിച്ചത്. ശൈഖ് നവാഫിന്റെ മരണം രാജകീയ കോടതി സ്ഥിരീകരിച്ച ശേഷമാണ് പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കുന്ന നടപടികളിലേക്ക് ഭരണകൂടം കടന്നത്.

ശൈഖ് നവാഫിന്റെ മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കുവൈത്തില്‍ 40 ദിവസത്തെ ദുഃഖാചരമാണുള്ളത്. ഈ വേളയില്‍ യാതൊരു ആഘോഷ പരിപാടികളും രാജ്യത്ത് നടക്കില്ല. 86കാരനായിരുന്നു ശൈഖ് നവാഫ്. 2020ലാണ് അദ്ദേഹം അമീര്‍ ആയത്.
അനാരോഗ്യം കാരണം കഴിഞ്ഞ മാസം ശൈഖ് നവാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വേളയില്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവിധ വാര്‍ത്തകള്‍ വന്നു. തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണകൂടം മൂന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കുവൈത്തിന്റെ ഏറെ ശ്രദ്ധേയനായ അമീറായിരുന്ന ശൈഖ് സബാഹ് അന്തരിച്ചതിനെ തുടര്‍ന്നാണ് 2020ല്‍ ശൈഖ് നവാഫ് അമീറായി തിരഞ്ഞെടുക്കപ്പട്ടത്.
മൂന്ന് വര്‍ഷം മാത്രമാണ് അദ്ദേഹം അമീര്‍ പദവയിലുണ്ടായിരുന്നത്. ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹത്തിന് മുഴുവന്‍ സമയം ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സാധിച്ചിരുന്നില്ല. എണ്ണ വരുമാനം ആശ്രയിച്ച് നില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയുള്ള രാജ്യവും കുവൈത്താണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണയ്ക്ക് വില കുറഞ്ഞതോടെ രാജ്യം വലിയ വെല്ലുവിളി നേരിട്ടിരുന്നു.
ശൈഖ് സബാഹിന്റെ അര്‍ധ സഹോദരന്മാരാണ് ശൈഖ് നവാഫും ശൈഖ് മിശ്അലും. 83കാരനായ ശൈഖ് നവാഫ് ലോകത്തെ പ്രായം കൂടിയ കിരീടവകാശിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റും സര്‍ക്കാരും പല വിഷയങ്ങളിലും ഭിന്ന നിലപാട് തുടരുന്ന ജിസിസി രാജ്യം കൂടിയാണ് കുവൈത്ത്. രാജ്യത്തെ ഐക്യത്തോടെയും സമാധാനത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ശൈഖ് മിശ്അലിന് സാധിക്കട്ടെ എന്ന് ലോകനേതാക്കള്‍ ആശംസിച്ചു.












Click it and Unblock the Notifications