നടൻ ശേഖർ സുമനും മുൻ കോൺഗ്രസ് നേതാവ് രാധിക ഖേരയും ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും ദേശീയ തലത്തിൽ തിരിച്ചടി സമ്മാനിച്ചുകൊണ്ട് പാർട്ടിവിട്ട മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക്. ഛത്തീസ്ഗഢിലെ കോൺഗ്രസ് നേതാവായിരുന്ന രാധിക ഖേര പാർട്ടിയിൽ നിന്ന് അംഗത്വം രാജിവച്ച് ദിവസങ്ങൾക്ക് അപ്പുറം ബിജെപിയിലേക്ക് ചേക്കേറി. ഒപ്പം പ്രമുഖ നടൻ ശേഖർ സുമനും ഇന്ന് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലി ചിത്രമായ 'ഹീരമാണ്ടി'യിലെ വേഷം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ശേഖർ സുമൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ തന്റെ അനുഭവം പങ്കുവച്ചു. "ഇന്നലെ വരെ ഞാൻ ഇവിടെ എത്തുമെന്ന് അറിയില്ലായിരുന്നു, കാരണം ജീവിതത്തിൽ പലതും അറിഞ്ഞോ അറിയാതെയോ നടക്കുന്നു. വളരെ ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഞാൻ ഇവിടേക്ക് വന്നത്' അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുൻപാണ് കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് പാർട്ടിയുടെ മാധ്യമ വിഭാഗത്തിന്റെ ദേശീയ കോ-ഓർഡിനേറ്ററായിരുന്ന രാധിക ഖേര പ്രാഥമിക അംഗത്വം പോലും ഉപേക്ഷിച്ചത്. നേരത്തെ രാധിക ഖേര രാമക്ഷേത്രം സന്ദർശിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
രാമക്ഷേത്ര സന്ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടി സംസ്ഥാന ഘടകം തന്നെ അനാവശ്യമായി വിമർശിച്ചുവെന്ന് അവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അയോധ്യയിലെ രാമനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തനിക്ക് കടുത്ത എതിർപ്പാണ് സംസ്ഥാന ഘടകത്തിൽ നിന്ന് നേരിടേണ്ടി വന്നതെന്നും അവർ ആരോപിച്ചിരുന്നു.
ഇതിന് ഇന്നലെ തന്നെ രാധിക ഖേര പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രാജ്യത്താകമാനം ഉള്ള 93 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് രാധിക ഖേരയും ശേഖർ സുമനും ബിജെപിയിലേക്ക് ചേക്കേറാൻ തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ കോൺഗ്രസിന് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്.
അടുത്തിടെ ഡൽഹി മുൻ പിസിസി അധ്യക്ഷൻ ലവ്ലി സിംഗ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസിന്റെ തീരുമാനത്തോട് വിയോജിച്ചു കൊണ്ടാണ് ലവ്ലി സിംഗ് പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി പാളയത്തിലേക്ക് ചേക്കേറിയതും.












Click it and Unblock the Notifications