'ഈ ദിവസം നമുക്കൊരിക്കലും മറക്കാൻ കഴിയില്ല...'; 26/11 ആക്രമണത്തിന്റെ ഇരകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ആക്രമണം എന്നാണ് പ്രധാനമന്ത്രി 26/11 ആക്രമണത്തെ വിശേഷിപ്പിച്ചത്.
"നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത് ഈ ദിവസമാണ്. മുംബൈയെയും, രാജ്യത്തെയും തീവ്രവാദികൾ വിറപ്പിച്ചു. ഈ ആക്രമണത്തിൽ നിന്ന് കരകയറിയത് ഇന്ത്യയുടെ കഴിവാണ്. ഇപ്പോൾ നമ്മൾ സകല ശക്തിയുമെടുത്ത് തീവ്രവാദികളെ നശിപ്പിക്കാൻ നടപടിയെടുക്കുകയാണ്" പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, രാഷ്‌ട്രപതി ദ്രൗപതി മുർമുവും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. തീവ്രവാദത്തിന് എതിരെയുള്ള പ്രതിജ്ഞ കൂടുതൽ ശക്തമാക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
"26/11 മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും രാജ്യം വേദനയോടെ ഓർക്കുന്നു. ധീരരായ ആത്മാക്കളുടെ സ്‌മരണയ്ക്കായി ഞങ്ങൾ അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കുന്നു. മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെ അനുസ്‌മരിച്ചുകൊണ്ട്, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള പ്രതിജ്ഞ നമുക്ക് പുതുക്കാം" രാഷ്‌ട്രപതി പങ്കുവച്ച എക്‌സ് പോസ്‌റ്റിൽ പറയുന്നു.
2008 നവംബർ 26നാണ് നാടിനെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. മുംബൈ നഗരത്തിൽ കടന്നുകയറിയ ആയുധധാരികളായ പാക് തീവ്രവാദികൾ ആക്രമണ പരമ്പര അഴിച്ചുവിടുകയായിരുന്നു. സാധാരണക്കാരെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ലക്ഷ്യമിട്ടു.
ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്‌റ്റേഷൻ, താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടൽ, നരിമാൻ ഹൗസ് ജൂത കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ മുംബൈയിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലായിരുന്നു തീവ്രവാദികൾ ആക്രമണം നടത്തിയത്. ഗ്രനേഡുകളും, എകെ 47 തോക്കുകളുമായായിരുന്നു ഭീകരരുടെ അഴിഞ്ഞാട്ടം.
ആകെ 166 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്, ഇതിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നൂറിലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കടൽമാർഗം ഇന്ത്യയിൽ കടന്നുകയറിയ ഭീകരർ കോടിക്കണക്കിന് രൂപയുടെ നഷ്‌ടവുമുണ്ടാക്കി.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) മേധാവി ഹേമന്ത് കർക്കറെ, മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ, സീനിയർ പോലീസ് ഇൻസ്‌പെക്‌ടർ വിജയ് സലാസ്‌കർ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരാക്രമണം നടത്തിയ പത്ത് ഭീകരരിൽ ഒൻപത് പേരെയും സുരക്ഷാ സേന വധിച്ചിരുന്നു. ജീവനോടെ പിടികൂടിയത് അജ്‌മൽ കസബിനെയായിരുന്നു. ഇയാളെ പിന്നീട് 2012 നവംബർ 21ന് തൂക്കിലേറ്റി.












Click it and Unblock the Notifications