യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് ആരോപണത്തിൽ അന്വേഷണം കടുപ്പിക്കാൻ ഒരുങ്ങി പോലീസ്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിസിപിയുടെ മേൽനോട്ടത്തിൽ സൈബർ പോലീസ് ഉൾപ്പെടെ എട്ടംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
നേരത്തെ ആരോപണവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് പോലീസ് നടപടി.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതും അന്വേഷിക്കും, മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപിയും കന്റോൺമെന്റ് എസിയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
അഞ്ച് ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെയും മൊഴിയെടുക്കും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. വ്യാജ കാർഡ് നിർമ്മിക്കാൻ ഷാഫി പറമ്പിൽ എംഎൽഎയാണ് നിർദ്ദേശം നൽകിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. മാർച്ച് പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
വിവാദം ഉയർന്നുവന്നതിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് അടക്കം അതൃപ്‌തിയുണ്ടെന്നാണ് സൂചന. പോലീസ് കേസെടുക്കുക കൂടി ചെയ്‌തതോടെ ഇത് പാർട്ടിക്ക് കൂടുതൽ നാണക്കേടായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications