ഐപിഎല്ലിൽ നവീനുമായി ഉരസി, പിന്നാലെ കോഹ്‌ലിക്ക് പാക് താരത്തിന്റെ ആ സന്ദേശം..! വെളിപ്പെടുത്തി ഇമാം
കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവമായിരുന്നു വിരാട് കോഹ്‌ലിയും അഫ്‌ഗാനിസ്ഥാൻ യുവതാരം നവീൻ ഉൾ ഹഖും തമ്മിൽ നടന്ന വാക്കേറ്റവും, അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ കോഹ്‌ലിയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി കളിക്കുന്ന നവീൻ ഉൾ ഹഖും തമ്മിലെ തർക്കം അന്നത്തെ ലഖ്‌നൗ ടീം മെന്ററായ ഗൗതം ഗംഭീറിന്റെ ഇടപെടൽ കൊണ്ട് കൂടിയാണ് വാർത്തകളിൽ ഇടം നേടിയത്.
ഇപ്പോഴിതാ ഈ സംഭവത്തിന് ശേഷം കോഹ്ലിക്ക് ഒരു പാക് ക്രിക്കറ്റ് താരം അയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പാകിസ്ഥാൻ ബാറ്റർ ഇമാം ഉൾ ഹഖ്. ഐപിഎല്ലിൽ നവീൻ ഉൾ ഹഖുമായി വിരാട് കോഹ്‌ലി ഏറ്റുമുട്ടിയപ്പോൾ പാക് ടീമിലെ തന്റെ സഹതാരമായിരുന്ന ആഘ അലി സൽമാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരത്തിന് ഇൻസ്‌റ്റഗ്രാമിൽ ഒരു സന്ദേശം അയച്ചതായാണ് ഇമാം ഉൾ ഹഖ് അവകാശപ്പെട്ടത്.

'ഈ ഏറ്റുമുട്ടൽ ഏറെ വൈറലായിരുന്നു. അതിന് ശേഷം ആഘ അലി സൽമാൻ വിരാട് കോഹ്‌ലിക്ക് ഇൻസ്‌റ്റഗ്രാമിൽ ഒരു സന്ദേശം അയച്ചു' ഇമാം പറഞ്ഞു. കോഹ്‌ലി ഗോ ഈസി എന്നായിരുന്നു ആ സന്ദേശത്തിൽ എഴുതിയിരുന്നതെന്നാണ് ഇമാം വെളിപ്പെടുത്തിയത്. എന്നാൽ കോഹ്‌ലി ഇതിനോട് പ്രതികരിച്ചോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഈ സംഭവത്തിൽ അടുത്തിടെ കൂടുതൽ വ്യക്തത വരുത്തി അഫ്‌ഗാൻ താരം നവീൻ ഉൾ ഹഖ് തന്നെ രംഗത്ത് വന്നിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാൻ കോഹ്‌ലി എങ്ങനെയാണു ഇടപെട്ടതെന്നും താരം വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം പലപ്പോഴും നവീൻ ഉൾ ഹഖിന് വിരാട് കോഹ്‌ലിയുടെ ആരാധകരുടെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.
"ഇത് അവസാനിപ്പിക്കാം?' എന്ന് അദ്ദേഹം ചോദിച്ചു. 'അതെ, നമുക്ക് ഇത് അവസാനിപ്പിക്കാം' എന്ന് ഞാൻ മറുപടി നൽകി, ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു, ഞങ്ങൾ കെട്ടിപ്പിടിച്ചു, കൂടുതൽ മുന്നോട്ട് പോയി. അദ്ദേഹം പറഞ്ഞു, 'ഇതിന് ശേഷം ആൾക്കൂട്ടത്തിൽ നിന്ന് നിങ്ങൾക്ക് പിന്തുണ മാത്രമേ ലഭിക്കൂ'. ഞാൻ ശരിയെന്ന് മറുപടിയും നൽകി" തന്റെ ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പങ്കിട്ട വീഡിയോയിൽ നവീൻ പറയുന്നു.
അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ നിന്ന് ലഭിച്ച പിന്തുണ സ്വന്തം നാട്ടിൽ കളിക്കുന്നതുപോലെ പ്രതീതി ഉണ്ടാക്കിയെന്നും നവീൻ ഉൾ ഹഖ് അഭിപ്രായപ്പെട്ടു. അടുത്തിടെ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഉൾപ്പെടെ മികച്ച പിന്തുണയാണ് ഇന്ത്യൻ ആരാധകർ അഫ്‌ഗാൻ ക്രിക്കറ്റ് ടീമിന് നൽകിയത്.












Click it and Unblock the Notifications