ഒന്നുകില്‍ കോലി, അല്ലെങ്കില്‍ രോഹിത്..; രണ്ടാളും ഒരുമിച്ച് ടി20 ലോകകപ്പിനുണ്ടാകില്ല?
കേപ്ടൗണിലെ ചരിത്രവിജയത്തോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ഇന്ത്യ വീണ്ടും വൈറ്റ്-ബോള്‍ ക്രിക്കറ്റിലേക്ക് മാറുന്നു. ഇതോടെ വിരാട് കോലിയുടേയും രോഹിത് ശര്‍മ്മയുടേയും ടി 20യിലേക്കുള്ള തിരിച്ചുവരവ് വീണ്ടും ചര്‍ച്ചയാകുകയാണ്. രോഹിതും കോലിയും ഒരു വര്‍ഷത്തിലേറെയായി ടി 20 കളിച്ചിട്ടില്ല. 2022-ല്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനലിലാണ് ഇരുവരും അവസാനമായി ടി 20 കളിച്ചത്.
ഈ വര്‍ഷം ജൂണില്‍ യു എസിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിന് രോഹിതും കോലിയും ലഭ്യമാണ്. എന്നാല്‍ അവരെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാണോ എന്നതാണ് ചോദ്യം. ഇരുതാരങ്ങളും അവസാന ഐ സി സി ടൂര്‍ണമെന്റിന് കളിക്കാനുള്ള താല്‍പ്പര്യത്തെക്കുറിച്ച് സെലക്ടര്‍മാരെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്യാപ്റ്റന്‍ കൂടിയായ രോഹിതിന്റെ സ്ഥാനത്തിന് വലിയ ഭീഷണിയില്ല എന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ അദ്ദേഹം ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. അതിനാല്‍ തന്നെ ടി 20 ലോകകപ്പ് ടീമിനെ നയിക്കാനുള്ള ആദ്യ ചോയ്സ് അദ്ദേഹം തന്നെയായിരിക്കും. രോഹിതിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ടി 20യില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കും രോഹിതിന്റെ സാധ്യത കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഇത് പറയാനാകില്ല.
ടി20 യിലെ മികച്ച സ്‌കോറര്‍ ആണെങ്കിലും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ഒരു പ്രശ്നമായി മാറിയേക്കാം. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് രോഹിതിനെയും കോലിയെയും ടീമില്‍ ഒരുമിച്ച് നിര്‍ത്താന്‍ താല്‍പ്പര്യമില്ല എന്നാണ് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പേരുമായി സംസാരിക്കാന്‍ അജിത് അഗാര്‍ക്കര്‍ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിരുന്നു.
എങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം. ബി സി സി ഐയുടെ സര്‍വ്വശക്തനായ സെക്രട്ടറി ജയ് ഷാ ആയിരിക്കാം ഒരുപക്ഷെ ഇതില്‍ അന്തിമ തീരുമാനമെടുക്കുക. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 ഐക്ക് നാല് ദിവസങ്ങള്‍ മാത്രമേയുള്ളൂ, ജനുവരി 11 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രോഹിതും കോലിയും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ടീമിന്റെ ബാലന്‍സ് പ്രശ്നമാകുമെന്നാണ് അറിയുന്നത്. രോഹിതും കോലിയും ഉള്‍പ്പെട്ടാല്‍, റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും പുറത്താകും. റിങ്കു സിംഗിന്റെ സ്ഥാനവും വെല്ലുവിളിയായേക്കും.












Click it and Unblock the Notifications