ഗംഭീർ കോച്ചായി വരാൻ അഞ്ച് നിബന്ധനകൾ; അതിലൊന്നിൽ കോഹ്‌ലിക്കും രോഹിതിനുമുള്ള പണിയോ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേരാണ് ഗൗതം ഗംഭീറിന്റെത്. കഴിഞ്ഞ ദിവസം താരം ഇതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ചില നിബന്ധനകൾ മുന്നോട്ട് വച്ചതായാണ് സൂചന.
കേവലം ഒരു നിബന്ധനയല്ല ഇതിനായി ഗൗതം ഗംഭീർ ബിസിസിഐയ്ക്ക് മുന്നിൽ വച്ചത്, അഞ്ചെണ്ണമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താൻ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഇത് പാലിച്ചേ മതിയാകൂ എന്നാണ് ഗംഭീറിന്റെ നിലപാട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയുമായി ബന്ധപ്പെട്ട വിഷയം കൂടി ഉൾപ്പെടുന്നു എന്നതാണ്.

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ ഭാവിയിൽ തീരുമാനം എടുക്കാനുള്ള അവസരമാണ് ഗംഭീർ തേടിയത്. ഈ നാല് താരങ്ങൾക്കും അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി വരെയാവും ടീമിൽ ഇടം നൽകുക. ആ ടൂർണമെന്റിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പതിയെ ഒഴിവാക്കാനാണ് ഗംഭീറിന്റെ തീരുമാനം.
ഈ താരങ്ങളെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ തന്നെ ഗംഭീർ ചുമതല ഏറ്റെടുത്താൽ ഈ താരങ്ങളുടെ കാര്യത്തിൽ എന്താവും തീരുമാനം എടുക്കുക എന്ന ചോദ്യം പലവട്ടം ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
ഇതിന് പുറമേ മറ്റ് ചില നിബന്ധനകളും ഗംഭീർ ബിസിസിഐക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നാണ് സൂചന. ചുമതല ഏറ്റെടുക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിലെ മുഴുവൻ ക്രിക്കറ്റ് പ്രവർത്തനങ്ങളിലും തന്റെ നിയന്ത്രണം ഉണ്ടാവണമെന്നാണ് താരത്തിന്റെ ആവശ്യം. യാതൊരു ഘട്ടത്തിലും ബിസിസിഐ ഇടപെടൽ ഉണ്ടാവരുതെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ രണ്ട് തവണ ലോകകപ്പ് ജേതാവ് കൂടിയായ താരം ബാറ്റിംഗ്, ഫീൽഡിംഗ്, ബൗളിംഗ് കോച്ചുകൾ ഉൾപ്പെടെ സ്വന്തം സപ്പോർട്ട് സ്‌റ്റാഫിനെ സ്വന്തം നിലയ്ക്ക് തീരുമാനിക്കാനുള്ള അവകാശവും തേടിയിട്ടുണ്ട്. നാലാമത്തെ നിബന്ധനയായി ഗംഭീർ മുന്നോട്ട് വച്ചത് വ്യത്യസ്‌തമായ ടെസ്‌റ്റ് ടീം വേണമെന്നതാണ്. ഏകദിന-ടി20-ടെസ്‌റ്റ് എന്നിവയ്ക്ക് ഒരു ടീം എന്നതിൽ നിന്ന് മാറി ടെസ്‌റ്റ് ടീം പൂർണമായ വേറെയാവണം എന്നാണ് ആവശ്യം.
അവസാനമായി 2027ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കാനും ഗംഭീർ അവസരം തേടിയിട്ടുണ്ട്. ഈ നിബന്ധനകളിൽ ബിസിസിഐ നിലപാട് ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. ഒരുപക്ഷേ ഗംഭീറിനെ തന്നെ കോച്ചായി നിയമിക്കുകയും ഈ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്‌താൽ രോഹിതിന്റെയും കോഹ്ലിയുടെയും ഭാവി എന്താകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
അതേസമയം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. സിംബാബ്‌വേ പര്യടനത്തിൽ ഗംഭീർ സ്ഥാനമേൽക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്നാൽ ഗംഭീറിന്റെ വരവ് വൈകുമെന്നും സിംബാബ്‌വേ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ വിവിഎസ് ലക്ഷ്‌മൺ താൽകാലികമായി ചുമതല ഏറ്റെടുക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.












Click it and Unblock the Notifications