മാക്‌സ്‌വെല്‍ പവര്‍ ഹിറ്റ്, ഷോ കാണിച്ച് ഓസീസ്, ഇന്ത്യക്കെതിരെ 5 വിക്കറ്റ് വിജയം
ഗുവാഹത്തി: ലോകകപ്പിലെ മാസ്മരിക പ്രകടനത്തിന് സമാനമായ ഗ്ലെന്‍ മാക്‌സ്‌വെല്‍(104*) നിറഞ്ഞാടിപ്പോള്‍ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റിന്റെ അത്ഭുത വിജയം. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്. വിജയിക്കില്ലെന്ന് കരുതിയ മത്സരത്തില്‍ ഒരിക്കല്‍ കൂടി അത്ഭുത പ്രകടനം കാഴ്ച്ചവെച്ചാണ് മാക്‌സ്‌വെല്‍ ടീമിന് വിജയം സമ്മാനിച്ചത്.
അവസാന ഓവറില്‍ 21 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടത്. മൂന്നാം പന്ത് സിക്‌സറിന് പറത്തിയ മാക്‌സ്വെല്‍, പിന്നീട് തുടരെ മൂന്ന് പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ചായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. 48 പന്തില്‍ എട്ട് വീതം ബൗണ്ടറിയും സിക്‌സറും പറത്തിയായിരുന്നു മാക്‌സ്വെല്ലിന്റെ ഗുവാഹത്തിയിലെ ഷോ.

അതേസമയം അവസാന ഓവര്‍ എറിഞ്ഞ പ്രസീത് കൃഷ്ണ നാലോവറില്‍ 68 റണ്‍സാണ് വഴങ്ങിയത്. ടി20യില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും റണ്‍സ് വഴങ്ങിയ ബൗളറായി ഇതോടെ പ്രസീത് മാറി. നേരത്തെ നാണക്കേടിന്റെ ഈ റെക്കോര്‍ഡ് യുസവേന്ദ്ര ചഹലിന്റെ പേരിലായിരുന്നു. ചഹല്‍ 64 റണ്‍സാണ് വഴങ്ങിയിരുന്നത്. വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്ത ഓസീസ് തകര്‍പ്പന്‍ അടിയോടെയാണ് തുടങ്ങിയത്.
4.2 ഓവറില്‍ 47 റണ്‍സ് ഓപ്പണിംഗില്‍ തന്നെ പിറന്നു. ട്രാവിസ് ഹെഡ്(35) ആരോണ്‍ ഹാര്‍ഡി(16) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. എട്ട് ബൗണ്ടറിയാണ് ഹെഡ് അടിച്ചത്. ഹാര്‍ഡി മൂന്ന് ബൗണ്ടറിയും അടിച്ചു. ജോഷ് ഇംഗ്ലിസ്(10) മാര്‍ക്കസ് സ്‌റ്റോയിനിസ്(17) എന്നിവര്‍ വേഗം പുറത്തായതോടെ ഓസീസ് ഈ ആനുകൂല്യം നഷ്ടപ്പെടുത്തിയിരുന്നു. ടിം ഡേവിഡ്(0) കൂടി പുറത്തായതോടെ അഞ്ചിന് 134 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു ഓസീസ്.
പിന്നീടായിരുന്നു മാക്‌സ്വെല്‍ വെടിക്കെട്ട് നടത്തിയത്. ഒപ്പം മാത്യു വേഡ്(16 പന്തില്‍ 28 റണ്‍സ്) കൂടി വന്നതോടെ മാക്‌സ്വെല്ലിന് കാര്യങ്ങള്‍ എളുപ്പമായി. സൂര്യകുമാര്‍ യാദവ് വേഡിന്റെ ക്യാച്ച് കൈവിട്ടതും മത്സരത്തില്‍ ഓസീസിന്റെ വിജയത്തില്‍ അനുകൂലമാവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ എല്ലാ ബൗളര്‍മാരും റണ്‍സ് വഴങ്ങിയിട്ടുണ്ട്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബിഷ്‌ണോയ് മത്സരത്തില്‍ തിളങ്ങി.
ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ യശസ്വി ജെയ്‌സ്വാള്‍(6) ഇഷാന്‍ കിഷന്‍(0) എന്നിവര്‍ മത്സരത്തില്‍ പരാജയമായി. പിന്നീട് റിതുരാജ് ഗെയ്ക്വാദ്(123*) തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുകയായിരുന്നു.
തകര്‍പ്പനടികളിലൂടെ ഗെയ്ക്വാദ് ഇന്ത്യയെ അപ്രതീക്ഷിതമായ സ്‌കോറിലേക്കാണ് നയിച്ചത്. 57 പന്ത് നേരിട്ട ഗെയ്ക്വാദ് 13 ബൗണ്ടറിയും ഏഴ് സിക്‌സറും പറത്തിയാണ് 123 റണ്‍സടിച്ചത്. സൂര്യകുമാര്‍ യാദവ്(39) തിലക് വര്‍മ(31*) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആരോണ്‍ ഹാര്‍ഡില്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.












Click it and Unblock the Notifications