ഓസീസ് ഫീല്‍ഡര്‍മാര്‍ ദക്ഷിണാഫ്രിക്കയെ 'കൈയയഞ്ഞ്' സഹായിച്ചു, മിസാക്കിയത് അഞ്ച് ക്യാച്ചുകള്‍
ലഖ്‌നൗ: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്നായ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പോരാട്ടം പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഡികോക്കിന്റെ രണ്ടാം സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 311 റണ്‍സ് നേടിയിരിക്കുകയാണ്. പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം രണ്ടക്കം കടന്നു എന്നതാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഡികോക്ക് (109), ബാവുമ (35), വാന്‍ ഡര്‍ ഡുസന്‍ (26), മാര്‍ക്രം (56), ക്ലാസന്‍ (29), മില്ലര്‍ (17), ജാനേസന്‍ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ മിന്നും പ്രകടനത്തിന് പുറമെ ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്ക് സഹായമായി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഞ്ച് ക്യാച്ചുകളാണ് ഓസ്ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.

ജോഷ് ഇംഗ്ലിസ്, സീന്‍ ആബട്ട്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ ക്യാച്ച് പാഴാക്കി. ഇന്നിംഗ്സിന്റെ 13-ാം ഓവറില്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയുടെ പന്തില്‍ ബാവുമയെ വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസ് വിട്ടുകളഞ്ഞു. 19 റണ്‍സ് മാത്രമായിരുന്നു ആ സമയം ബാവുമ നേടിയിരുന്നത്. രണ്ട് ഓവറുകള്‍ക്ക് ശേഷം ബാവുമയെ വീണ്ടും ഒാസീസ് വിട്ടുകളഞ്ഞു.
ഇത്തവണ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ സീന്‍ അബോട്ട്, സ്റ്റോയിനിസ്, സ്റ്റാര്‍ക്ക് എന്നിവരായിരുന്നു മിസ് ഫീല്‍ഡ് ചെയ്തവര്‍. 30-ാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനെ കമ്മിന്‍സും വിട്ടു കളഞ്ഞു. കമ്മിന്‍സിന്റെ ഫുള്‍ ടോസ് അദ്ദേഹത്തിന് നേരെ തന്നെ മാര്‍ക്രം ചിപ്പ് ചെയ്‌തെങ്കിലും കമ്മിന്‍സിന് പിടിക്കാനായില്ല. കമ്മിന്‍സ് എറിഞ്ഞ 48-ാം ഓവറില്‍ ഓസ്ട്രേലിയ രണ്ട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി.
ഡേവിഡ് മില്ലറുടെ ക്യാച്ച് സ്റ്റാര്‍ക്കാണ് വിട്ടുകളഞ്ഞത്. രണ്ട് പന്തുകള്‍ക്ക് ശേഷം മാര്‍ക്കോ ജാനേസന്റെ പന്ത് സ്റ്റോയിനിസ് വിട്ടുകളയുകയായിരുന്നു. അതേസമയം ഓസ്‌ട്രേലിയ്ക്കായി സ്റ്റാര്‍ക്കും മാക്‌സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏഴ് ബൗളര്‍മാരാണ് ഓസീസ് നിരയില്‍ ഇന്ന് പന്തെറിഞ്ഞത്.
ഇരുടീമുകളും ഇന്ന് രണ്ടാം മത്സരത്തിനാണ് ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 105 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പോയന്റ് പട്ടികയില്‍ മുന്നേറാനാകും.












Click it and Unblock the Notifications