വീണ്ടും ധോണിക്കിട്ട് കൊട്ടി ഗംഭീര്‍; 'ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍ വിരാട് കോഹ്ലി'
2011 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങളാണ് അന്നത്തെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും. സച്ചിനും സെവാഗും വേഗത്തില്‍ പുറത്തായപ്പോള്‍ കോഹ്ലിക്കൊപ്പം ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോയത് ഗംഭീറായിരുന്നു. കോഹ്ലി പുറത്തായതോടെ സ്വയം ടോപ് ഓര്‍ഡറിലിറങ്ങിയ ധോണിയാണ് ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുന്നത്.
ഗംഭീര്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വീണപ്പോള്‍ പുറത്താകാതെ 92 റണ്‍സ് നേടിയ ധോണിയാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ധോണിയുടെ ഫിനിഷിംഗ് പാടവം വിളിച്ചോതുന്നതായിരുന്നു കുലശേഖരയ്‌ക്കെതിരെ നേടിയ ആ സിക്‌സ്. ഇതിന് ശേഷവും മുന്‍പും പലപ്പോഴും ധോണിയുടെ ഫിനിഷിംഗിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയുടെ ഫിനിഷര്‍ എന്ന പേരും ധോണിക്ക് ലഭിച്ചിരുന്നു.

എന്നാല്‍ വിരമിച്ചതിന് ശേഷം പലപ്പോഴും ധോണിയെ ക്രിക്കറ്റ് ലോകം പുകഴ്ത്തുന്നതില്‍ പരോക്ഷമായി ഗംഭീര്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായി ലഭിക്കുന്ന അവസരങ്ങളൊന്നും ഗംഭീര്‍ പാഴാക്കാറില്ല എന്ന് പറഞ്ഞാലും തെറ്റില്ല. ഇപ്പോഴിതാ ഇന്നലെ ന്യൂസിലാന്റിനെതിരായ കോഹ്ലി നടത്തിയ പ്രകടനത്തെ അഭിനന്ദിക്കുമ്പോഴും ധോണിക്കിട്ടൊന്ന് കൊട്ടാന്‍ ഗംഭീര്‍ മറന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ഈ ലോകകപ്പില്‍ ഒന്നിലേറെ തവണ കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. നേരത്തെ വിക്കറ്റ് വീണിട്ടും കോഹ്ലി നടത്തിയ ഒറ്റയാള്‍ പോരാട്ടം കൊണ്ട് ഇന്ത്യ പലതവണ വിജയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് എംഎസ് ധോണിയേക്കാള്‍ മികച്ച ഫിനിഷറാണ് കോഹ്ലിയെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. വിരാട് കോഹ്ലിയെക്കാള്‍ മികച്ച ഫിനിഷര്‍ വേറെയില്ലെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്.
അഞ്ചിലോ ഏഴിലോ ബാറ്റ് ചെയ്യുന്നവര്‍ മാത്രമല്ല ഫിനിഷര്‍ എന്നും കോഹ്ലി ഒരു ചേസ് മാസ്റ്ററാണ് എന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ഇന്നലെ 274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കോഹ്ലി നേടിയ 95 റണ്‍സിന്റെ കരുത്തില്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. ചേസിംഗില്‍ കോഹ്ലി വീണ്ടും തന്റെ മാസ്റ്റര്‍ ക്ലാസ് കാണിക്കുന്നതായിരുന്നു കോഹ്ലിയുടെ പ്രകടനം.
കെഎല്‍ രാഹുലിനോടും രവീന്ദ്ര ജഡേജയോടും ചേര്‍ന്ന് രണ്ട് സുപ്രധാന കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് ഇന്ത്യയ്ക്ക് കോഹ്ലി നാല് വിക്കറ്റ് വിജയം സമമ്മാനിച്ചത്. ചേസിംഗില്‍ ധോണിയേക്കാള്‍ നന്നായി കോഹ്ലി സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നുവെന്ന് ഗംഭീര്‍ പ്രശംസിച്ചു.












Click it and Unblock the Notifications