ഇങ്ങനാണെങ്കില്‍ പുതിയ ക്യാപ്റ്റനെ തിരഞ്ഞോ; അക്കാര്യം ടീമില്‍ പറ്റില്ല, ക്യാപ്റ്റന്‍ 'ഹോട്ടായി' ധോണി
ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ചൂടാവുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവുമോ? വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. എന്നാല്‍ നീലക്കുറിഞ്ഞി പൂത്ത പോലെ ധോണി ചൂടാവുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ലഖ്‌നൗവിനെതിരെയാണ് മത്സര ശേഷമായിരുന്നു ധോണി തന്റെ രോഷം മുഴുവന്‍ കമന്റിലൂടെ തീര്‍ത്തത്.
അതായത് മത്സരം ജയിച്ചിട്ടും ടീമിന്റെ പ്രകടനത്തില്‍ ധോണി ഒട്ടു തൃപ്തനായിരുന്നില്ല എന്ന് ഇതിലൂടെ അറിയിക്കുകയായിരുന്നു താരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളര്‍മാരെ കുറിച്ചായിരുന്നു ധോണിയുടെ വിമര്‍ശനം. സിഎസ്‌കെയുടെ രണ്ട് മത്സരത്തിലും വന്‍ പരാജയമായിരുന്നു ബൗളര്‍മാര്‍.

പേസര്‍മാര്‍ ശക്തമായ മുന്നറിയിപ്പ്
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിഎസ്‌കെ ബൗളര്‍മാര്‍ കാഴ്ച്ചവെച്ചത്. ഗുജറാത്തിനോട് ടീം തോല്‍ക്കുകയും ചെയ്തു. വിക്കറ്റെടുക്കുന്നതിലും ചെന്നൈ ബൗളര്‍മാര്‍ പരാജയമായി. എന്നാല്‍ ലഖ്‌നൗവിനെതിരെ വിക്കറ്റ് എടുത്തെങ്കിലും പല ബൗളര്‍മാരും എക്‌സ്ട്രാസ് വഴങ്ങുന്നതില്‍ വളരെ മുന്നിലായിരുന്നു. അത് ഗുജറാത്തിനെതിരെയും വളരെ കൂടുതലായിരുന്നു. ഇതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ടീം വന്‍ സ്‌കോര്‍ നേടിയത് കൊണ്ട് മാത്രമാണ് ചെപ്പോക്കില്‍ ചെന്നൈ വിജയിച്ചത്.
എക്‌സ്ട്രാസില്‍ വല്ലാത്ത നാണക്കേട്
ലഖ്‌നൗവിന്റെ ഓപ്പണര്‍ കൈല്‍ മയേഴ്‌സ് ചെന്നൈയുടെ അച്ചടക്കമില്ലാത്ത ബൗളിംഗിനെ നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം അധിക റണ്‍സ് എക്‌സ്ട്രാ രൂപത്തില്‍ കൂടി വന്നതോടെയാണ് ധോണിയെ കൂടുതലായി ചൊടിപ്പിച്ചത്. സിഎസ്‌കെ ബൗളര്‍മാര്‍ അഞ്ച് നോബോളുകളാണ് ഇതുവരെ എറിഞ്ഞത്. അവിടം കൊണ്ടും തീര്‍ന്നില്ല, 17 വൈഡുകളാണ് രണ്ട് മത്സരത്തില്‍ നിന്നായി എറിഞ്ഞത്. ടീമില്‍ ബൗളിംഗ് അച്ചടക്കമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ധോണി നല്‍കിയത്. കടുത്തൊരു പരാമര്‍ശവും ധോണിയില്‍ നിന്നുണ്ടായി.

പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടി വരും
ചെന്നൈ ബൗളര്‍മാര്‍ ഈ രീതിയിലാണ് തുടര്‍ന്ന് അങ്ങോട്ടും പന്തെറിയുന്നതെങ്കില്‍ അവര്‍ പുതിയൊരു ക്യാപ്റ്റന് കീഴില്‍ കളിക്കാന്‍ തയ്യാറാവേണ്ടി വരുമെന്നും ധോണി വ്യക്തമാക്കി. താന്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ ഒഴിയുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. പേസ് ബൗളിംഗില്‍ കാര്യമായ മാറ്റം വരണം. ഇനിയും കുറച്ച് മെച്ചപ്പാടുനുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പന്തെറിയാന്‍ പഠിക്കണം. എതിര്‍ ടീമിന്റെ ബൗളര്‍മാര്‍ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് നോക്കിയാല്‍ മതി. അതിലുപരി നോബോളും വൈഡും എറിയുന്നത് നിര്‍ത്തണം. അതൊരിക്കലും അംഗീകരിക്കാനാവില്ല. അത് തുടര്‍ന്നാല്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടി വരുമെന്നും ധോണി പറഞ്ഞു.
ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ല
നോബോളിന്റെയും വൈഡിന്റെയും കാര്യത്തില്‍ ഇത് എന്റെ രണ്ടാമത്തെ മുന്നറിയിപ്പാണ്. ഇനി ഒരിക്കല്‍ കൂടി അത് ഉണ്ടാവില്ല. ഇത്രയും റണ്‍സ് ഞങ്ങള്‍ നേടിയത് തന്നെ ബാറ്റ് ചെയ്യാനുള്ള സാഹചര്യം മികച്ചത് കൊണ്ടാണെന്നും ധോണി മത്സര ശേഷം പറഞ്ഞു. സിഎസ്‌കെ ടീമിലെ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് നോബോളുകളാണ് മ്തസരത്തില്‍ എറിഞ്ഞത്. ദേശ്പാണ്ഡെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് നോബോളുകളാണ് എറിഞ്ഞത്. അതേസമയം തുഷാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് മത്സരം ടീമിന് അനുകൂലമാക്കിയിരുന്നു. എന്നാല്‍ അച്ചടക്കമില്ലാത്ത ബൗളിംഗ് ധോണിക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ എത്തിച്ചിരിക്കുകയാണ്.
തീരുമാനം ശരിവെച്ച് ഗവാസ്‌കര്‍
മുന്‍ വെസ്റ്റിന്‍ഡീസ് പേസ് ഇയാന്‍ ബിഷപ്പും, ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും കമന്ററി ബോക്‌സില്‍ വെച്ച് ധോണിയുടെ ആശങ്കകളെ കുറിച്ച് സംസാരിച്ചിരുന്നു. ഗുജറാത്തിനെതിരായ മത്സര ശേഷം എക്‌സ്ട്രാസ് വഴങ്ങുന്നത് അംഗീകരിക്കാനാവാത്തതാണെന്ന് ധോണി പറഞ്ഞതായി ബിഷപ്പ് വ്യക്തമാക്കി. ഹംഗറേക്കര്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ നോബോള്‍ അംഗീകരിക്കാനാവത്തതാണെന്ന് ധോണി പറഞ്ഞുവെന്നും ബിഷപ്പ് പറഞ്ഞു.അതേസമയം നോബോളും, വൈഡും എറിയുന്നവര്‍ക്ക് ടീമിനുള്ളില്‍ ഒരു ശിക്ഷ കൊണ്ടുവരണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.












Click it and Unblock the Notifications