ബാറ്റ്‌സ്മാന്‍മാരുടെ കിളി പാറുന്ന വേഗത, 150 ല്‍ കുറഞ്ഞ സ്പീഡില്ല; ആരാണ് മയങ്ക് യാദവ്?
ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മയങ്ക് യാദവ് എന്ന 20 കാരന്‍. ഐപിഎല്‍ ചരിത്രത്തിലെ തന്ന ഏറ്റവും വേഗതയേറിയ പന്തിലൂടെ മയങ്ക് യാദവ് അത്ഭുതകരമായ വിജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നേടിക്കൊടുത്തിരിക്കുന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 100 എന്ന ശക്തമായ നിലയില്‍ നിന്നാണ് പഞ്ചാബിന്റെ കൈയില്‍ നിന്ന് 21 റണ്‍സ് വിജയം ലഖ്‌നൗ തട്ടിയെടുത്തത്.
അതിന് കാരണമായത് നാലോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മയങ്ക് യാദവും. തന്റെ അരേങ്ങറ്റ മത്സരത്തിലാണ് മയങ്ക് യാദവിന്റെ ഈ നേട്ടം. ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് മയങ്ക് യാദവ് സ്വന്തമാക്കിയത്. ഇത് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡിനും താരത്തെ അര്‍ഹനാക്കി. ഇന്നലെ 155.8 കി.മീ വേഗതയില്‍ വരെ മയങ്ക് പന്തെറിഞ്ഞിരുന്നു.

ആഭ്യന്തര സര്‍ക്യൂട്ടില്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന മയങ്കിന് മുന്‍ ഇന്ത്യന്‍ താരം വിജയ് ദാഹിയയാണ് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് മയങ്ക് ദഹിയയുടെ കണ്ണിലുടക്കിയത്. 2022 സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. അന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ദാഹിയ.
എന്നിരുന്നാലും, എല്‍എസ്ജി മൂന്നാം സ്ഥാനത്തെത്തിയ ഉദ്ഘാടന സീസണില്‍ മയങ്കിന് ഒരു കളിയും കളിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം മൊഹ്സിന്‍ ഖാന്റെ പരിക്ക് മയങ്കിന് ഒരു അവസരം തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ ഈ സമയം മയങ്കും പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ സീസണും നഷ്ടപ്പെട്ടു. ഡല്‍ഹിക്കും നോര്‍ത്ത് സോണിനുമായി അടുത്തിടെ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ താരം മികച്ച പ്രകടനങ്ങള്‍ നടത്തി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 4 കളികളില്‍ നിന്ന് 5 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം സെമിഫൈനലിലും ഡല്‍ഹിയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 5 കളികളില്‍ നിന്ന് 6 വിക്കറ്റ് വീഴ്ത്തി. അതിന് മുന്‍പ് 2023 ദേവധര്‍ ട്രോഫിയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു മയങ്ക്. നോര്‍ത്ത് സോണ്‍ സ്‌ക്വാഡില്‍ തിരഞ്ഞെടുക്കപ്പെട്ട മായങ്ക് തന്റെ അതിവേഗത കൊണ്ട് ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചു.
അന്ന് 5 കളികളില്‍ നിന്ന് വെറും 17.58 ശരാശരിയില്‍ 12 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. തന്റെ ചെറിയ കരിയറില്‍, മയങ്ക് ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. രഞ്ജി ട്രോഫിയില്‍ 2022 ഡിസംബറില്‍ മഹാരാഷ്ട്രയ്ക്കെതിരെയായിരുന്നു ആ അരങ്ങേറ്റം. ആ കളിയില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും അതിനുശേഷം ഫോര്‍മാറ്റ് കളിച്ചിട്ടില്ല.












Click it and Unblock the Notifications