ആർസിബിക്ക് ലഖ്‌നൗവിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; തീയുണ്ടയുമായി മായങ്ക് യാദവ്, ഇത് ഡി കോക്ക് ഒരുക്കിയ ജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയത്തോടെ മുന്നേറാമെന്ന ആർസിബിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ് ലഖ്‌നൗ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. 28 റൺസിനാണ് അവരുടെ ജയം. ആദ്യം ബാറ്റ് ചെയ്‌ത എൽഎസ്‌ജി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് പക്ഷേ തുടക്കത്തിലേ പതറി. മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും നായകൻ ഫാഫ് ഡ്യൂപ്ലെസിയും ഫോമിലേക്ക് ഉയരാതെ വന്നതോടെ അവർ തോൽവി മണത്തു.
ഓപ്പണിംഗിൽ മോശമല്ലാത്ത തുടക്കമിട്ടിട്ടും ഇരുവരും ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയാതെ വീഴുകയായിരുന്നു. കോഹ്ലി 16 പന്തിൽ 22 റൺസും ഡുപ്ലെസി 13 പന്തിൽ 19 റൺസും നേടിയാണ് പുറത്തായത്. പിന്നാലെ വന്നവർക്ക് ആർക്കും മികവ് പുലർത്താൻ കഴിയാതെ വന്നതോടെ ആർസിബിയുടെ പതനം നിശ്ചയമായിരുന്നു. ലഖ്‌നൗ ബൗളിങ് നിരയിൽ മായങ്ക് യാദവ് തന്നെയായിരുന്നു ഇത്തവണ കൂടുതൽ അപകടകാരി.

ആദ്യ ഓവറുകളിൽ തന്നെ മായങ്കിന്റെ തീയുണ്ടകൾ ആർസിബി ബാറ്റർമാരെ വെള്ളം കുടിപ്പിച്ചു. കൃത്യസമയത്ത് രണ്ട് വിക്കറ്റും താരം വീഴ്ത്തിയതോടെ ബാംഗ്ലൂരിന്റെ പതനം പൂർണമായി. ഏഴാം വിക്കറ്റിൽ ഇറങ്ങിയ ആർസിബിയുടെ മഹിപാൽ ലാംറോർ മത്സരം ഒറ്റയ്ക്ക് ചുമലിൽ ഏറ്റുമെന്ന് പ്രതീതി ഉണർത്തിയെങ്കിലും ഒടുവിൽ ആ സ്വപ്‌നവും പൊലിയുകയായിരുന്നു. മഹിപാൽ 13 പന്തുകളിൽ 33 റൺസാണ് എടുത്തത്.
ടോസ് നേടിയ ആർസിബി ആദ്യം ലഖ്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർ ക്വിന്റൺ ഡി കൊക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോർ പടുത്തുയർത്തിയത്. മികച്ച തുടക്കം കിട്ടിയ നായകൻ കെഎൽ രാഹുലിന് പക്ഷേ നീണ്ട ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിഞ്ഞില്ല. ഡി കോക്കും രാഹുലും ചേർന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ് എൽഎസ്‌ജിയെ മുന്നോട്ട് നയിച്ചത്.
പതിനാല് പന്തിൽ 20 റൺസെടുത്ത രാഹുൽ രണ്ട് സിക്‌സർ പറത്തി തുടക്കം ഗംഭീരമാക്കിയപ്പോൾ മികച്ചൊരു ഇന്നിംഗ്‌സ് തന്നെ ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ ഓസീസ് പടയാളി ഗ്ലെൻ മാക്‌സ്‌വെൽ ബോൾ കൊണ്ട് തിളങ്ങിയപ്പോൾ രാഹുലിന് പവലിയനിലേക്ക് മടങ്ങേണ്ടി വരികയായിരുന്നു. നാലോവർ പന്തെറിഞ്ഞ മാക്‌സ്‌വെൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. വൺ ഡൗണായി ഇറങ്ങിയ മലയാളി താരം ദേവദത്ത് പടിക്കൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
പതിനൊന്ന് പന്തുകൾ നേരിട്ട താരം ഒടുവിൽ ആറ് റൺസെടുത്താണ് മടങ്ങിയത്. ഇത്തവണ പേസർ മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. പിന്നീട് ലഖ്‌നൗ നിരയിൽ ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയിനിസ് ആണ് മികച്ച ഇന്നിംഗ്‌സ് കളിച്ചത്. താരം പതിനഞ്ച് പന്തിൽ 25 റൺസ് നേടിയെങ്കിലും മാക്‌സ്‌വെൽ കറക്കി വീഴ്ത്തുകയായിരുന്നു.
നാലാം വിക്കറ്റായി ഡി കോക്ക് മടങ്ങുമ്പോൾ താരത്തിന്റെ പേരിലുണ്ടായിരുന്നത് 56 പന്തിൽ 81 റൺസായിരുന്നു. പിന്നീട് എൽഎസ്‌ജി സ്‌കോർ ബോഡിന് വേഗം കുറയുകയായിരുന്നു. കൃണാൽ പാണ്ഡ്യയും നിക്കോളാസ് പൂരാനും ഒരുമിച്ച് ചേർന്നതോടെ സ്കോറിംഗ് വേഗം മെല്ലെ ഉയർന്നു. ഒടുവിൽ അവസാന നിമിഷം കത്തിപ്പടർന്ന പൂരാൻ 170 കടത്തുകയായിരുന്നു.
ആർസിബിക്ക് വേണ്ടി യാഷ് ദയാൽ, ടോപ്‌ലി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ആറാമതാണ് ലഖ്‌നൗ. ആർസിബി ആവട്ടെ പട്ടികയിൽ മുംബൈക്ക് തൊട്ട് മുകളിൽ ഒൻപതാം സ്ഥാനത്താണ്. അതിനാൽ താനെ രണ്ട് ടീമുകൾക്കും മത്സരം നിർണായകമാണ്.












Click it and Unblock the Notifications