വിരാട് കോലിക്ക് പരിക്ക്? എങ്കില്‍ ആര്‍സിബിയുടെ കാര്യം പൂര്‍ത്തിയായി
രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നലത്തെ മത്സരത്തില്‍ പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ആര്‍സിബിക്കുള്ളത്. ഇന്നലെ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയുടേയും സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടേയും കരുത്തില്‍ രാജസ്ഥാന്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കുകയായിരുന്നു.
അതിനിടെ വിരാട് കോലിക്കേറ്റ പരിക്കാണ് തോല്‍വിക്ക് പിന്നാലെ ആര്‍ സി ബിയെ അലട്ടുന്നത്. രാജസ്ഥാന്‍ ബാറ്റിംഗിന്റെ 16-ാം ഓവറിനിടെയാണ് കോലിക്ക് പരിക്കേറ്റത്. 16-ാം ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കോലി മൈതാനത്തിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. യാഷ് ദയാലിന്റെ പന്ത് ജോസ് ബട്‌ലര്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പറത്തുകയായിരുന്നു. പന്ത് സേവ് ചെയ്യുന്നതിനായി കോലിയും മാക്സ്വെല്ലും ചേസ് ചെയ്തു.

മാക്സ്വെല്‍ ഡൈവ് ചെയ്ത് ബൗണ്ടറി സേവ് ചെയ്ത് പന്ത് കോലിക്ക് കൈമാറി. ഒട്ടും താമസിയാതെ കോലി പന്ത് വിക്കറ്റ് കീപ്പര്‍ എറിഞ്ഞുകൊടുക്കുകയും ചെയ്തു. എറിയുന്നതിനിടെയുള്ള ടേണിംഗ് മോഷനാണ് കോലിയെ കുഴപ്പത്തിലാക്കിയത്. ഇതിന് ശേഷം കോലി ചെറുതായി മുടന്തുന്നതായി കാണപ്പെട്ടു. കുറച്ച് ഡെലിവറികള്‍ക്ക് ശേഷം അദ്ദേഹം അസ്വസ്ഥനായിരുന്നു. താമസിയാതെ അദ്ദേഹം മൈതാനം വിട്ട് ഡ്രസിങ് റൂമിലേക്ക് പോകുകയും ചെയ്തു.
അതേസമയം പരിക്കിന്റെ സ്വഭാവവും തീവ്രതയും ഇപ്പോഴും വ്യക്തമല്ല. ഈ സീസണില്‍ വിരാട് കോലിയുടെ ഫോം മാത്രമാണ് ആര്‍ സി ബിക്ക് ആശ്വാസം. തുടര്‍ തോല്‍വികളിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം അഞ്ച് മത്സരങ്ങളില്‍ നിന്ന് 316 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള റിയാന്‍ പരാഗിന് 185 റണ്‍സ് മാത്രമാണ് ഉള്ളത്.
ബാറ്റ്‌സ്മാന്‍മാരില്‍ ഇന്നലേയും വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടീം നേടിയ 183 റണ്‍സില്‍ 113 ഉം വിരാട് കോലിയുടെ വകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഡുപ്ലെസിസുമായി ചേര്‍ന്ന് 125 റണ്‍സാണ് വിരാട് കോലി കൂട്ടിച്ചേര്‍ത്തത്. ഡുപ്ലെസിസ് 44 റണ്‍സ് നേടി പുറത്തായി.
പിന്നീട് വന്നവര്‍ക്കാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. മറുപടി ബാറ്റിംഗില്‍ യശ്വസി ജയ്‌സ്വാള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് വരുമ്പോഴേക്കും പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു സാംസണും ജോസ് ബട്‌ലറും രണ്ടാം വിക്കറ്റില്‍ 148 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.












Click it and Unblock the Notifications