ഇങ്ങനെ മുട്ടിക്കളിക്കുന്ന ഒരാൾ വേണ്ട; കെഎൽ രാഹുലിനെ ഒഴിവാക്കാൻ ലക്‌നൗ, കാരണം സഹീർ ഖാന്റെ റിപ്പോർട്ട്?
ഇന്ത്യൻ പ്രീമിയർ പുതിയ സീസണിനുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പുതിയ താരങ്ങളെ കണ്ടെത്താനും ചിലരെ ഒഴിവാക്കാനും ഒക്കെയാണ് ടീമുകൾ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെ മുൻനിര താരമായ, സ്‌റ്റാർ ബാറ്റർ കൂടിയായ കെഎൽ രാഹുലിന്റെ ഭാവി സംബന്ധിച്ച പുതിയ വാർത്തയാണ് എപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്.
നിലവിൽ ലക്‌നൗ സൂപ്പർ ജെയന്റ്സിന്റെ നായകനായി കളിച്ചുവരുന്ന രാഹുൽ രണ്ടിലധികം സീസണുകളിലായി ടീമിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. എന്നാൽ വരാനിരിക്കുന്ന സീസണിൽ രാഹുലിനെ ടീമിൽ വേണ്ടെന്നാണ് മാനേജ്‌മെന്റ് തീരുമാനം എന്നാണ് ഇതുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പെട്ടെന്നുണ്ടായ ഒരു തീരുമാനം അല്ല ഇതെന്നാണ് വിവരം.

രാഹുലിന്റെ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനം, ഇന്ത്യൻ ദേശീയ കുപ്പായത്തിലെ തുടർ പരാജയങ്ങൾ എന്നിവയാണ് ലക്‌നൗവിനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ടീം നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിൽ രാഹുൽ ഇടം നേടിയിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ പകരം മറ്റ് മൂന്ന് താരങ്ങളെ ടീം നോട്ടമിട്ടിട്ടുണ്ടെന്നും അവരെയാവും വരും സീസണിലേക്ക് നിലനിർത്തുക എന്നുമാണ് സൂചന. അതിൽ യുവ സെൻസേഷൻ ബൗളർ മായങ്ക് യാദവ്, സ്‌പിന്നർ രവി ബിഷ്‌ണോയി എന്നിവർക്ക് ഒപ്പം വെസ്‌റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ എന്നിവരെ നിലനിർത്താനാണ് മാനേജ്‌മെന്റ് താൽപര്യപ്പെടുന്നത്.
എന്നാൽ രാഹുലിന്റെ ഒഴിവുകളുമായി ബന്ധപ്പെട്ടുള്ള വാർത്തകളിൽ മുൻ ഇന്ത്യൻ പേസർ സഹീർ ഖാന്റെ പേരും ഉയർന്നുവരുന്നുണ്ട്. ടീം നിലവിൽ വന്നത് മുതൽ കഴിഞ്ഞ മൂന്ന് സീസണുകളിലും നയിച്ച താരമെന്ന നിലയിൽ രാഹുലിന്റെ പെട്ടെന്നുള്ള കൂടുമാറ്റ വാർത്തയിൽ ആരാധകരും ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നത്.
ടീമിന്റെ ഉപദേശകൻ സഹീർ ഖാനും പരിശീലകൻ ജസ്‌റ്റിൻ ലാംഗറും താരത്തിന്റെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് സൂചനകളുണ്ട്. രാഹുൽ മികച്ച സ്‌കോർ നേടിയ മത്സരങ്ങളിൽ ഭൂരിഭാഗവും ടീം പരാജയപ്പെട്ടു എന്നാണ് ഇവർ കണ്ടെത്തിയത്. ഇത് താരത്തിന്റെ മോശം സ്ട്രൈക്ക് റേറ്റിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ടീമുമായി രാഹുലിന്റെ ശൈലി ഒത്തുപോവില്ലെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ശുപാർശയിൽ താരത്തെ ഒഴിവാക്കുന്നത്. മാത്രമല്ല ഐപിഎല്ലിൽ നിലവിലുള്ള ഇമ്പാക്റ്റ് പ്ലേയർ റൂൾ കൂടി വന്നതോടെ സ്കോറിംഗ് നിരക്ക് വളരെ കൂടിയതായും അതുകൊണ്ട് തന്നെ കൂടുതൽ ബോളുകൾ പാഴാക്കുന്ന ഒരു താരത്തെ ടോപ് ഓർഡറിൽ തുടരാൻ അനുവദിക്കുന്നത് ഗുണകരമാവില്ലെന്നും അവർ വിലയിരുത്തി.
നേരത്തെ കെഎൽ രാഹുൽ തന്റെ പഴയ ടീമായ ആർസിബിയിലേക്ക് തിരികെ പോവുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പുരോഗതി ഒന്നും ഉണ്ടായതായി സൂചന ഇല്ലായിരുന്നു. പക്ഷേ ലക്‌നൗ താരത്തെ നിലനിർത്തുന്നില്ലെന്ന് ഉറപ്പായതോടെ ആർസിബിയിലേക്ക് തന്നെയാവുമോ രാഹുൽ പോവുക എന്നാണ് അറിയേണ്ടത്.












Click it and Unblock the Notifications