തൊട്ടതെല്ലാം പിഴച്ചോ ആർസിബിക്ക്? കണ്ണുവച്ച പലരെയും മറ്റ് ടീമുകൾ റാഞ്ചി, ഈ സാല കപ്പും നമുക്കല്ലെന്ന് ആരാധകർ
ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിലേക്കുള്ള മെഗാ താര ലേലത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ആദ്യദിനം തന്നെ കൈയിലെ പണം വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കാൻ പല ടീമുകളും ശ്രമിച്ചിരുന്നു. എന്നാൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ഇന്നലെ രാത്രി ഓരോ ആർസിബി ആരാധകനും ഉറങ്ങാൻ കിടന്നതെന്ന് നിസംശയം പറയാം. ലേലത്തിൽ തങ്ങളുടെ ഫ്രാഞ്ചൈസി എന്താണ് ചെയ്‌തത് എന്ന ചോദ്യമാണ് അവരുടെ മനസിൽ ആദ്യം തെളിയുന്നത്.
സോഷ്യൽ മീഡിയയിൽ ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നും പ്രധാനമായി ഉയർന്നുവരുന്നത് ആർസിബിക്ക് എതിരായ വിമർശനങ്ങൾ തന്നെയാണ്. മറ്റെല്ലാ ടീമുകളും കഴിവതും തങ്ങൾക്ക് ആവശ്യമായ താരങ്ങൾക്ക് വേണ്ടി പണം ഏതറ്റം വരെയും മുടക്കാൻ തയ്യാറായ സ്ഥാനത്താണ് ആർസിബി മാത്രം പലപ്പോഴും ലേല നടപടികളിൽ നിന്ന് മാറി നിന്നത്.

ആദ്യദിനത്തിൽ കാണിച്ച അബദ്ധങ്ങൾ രണ്ടാമത്തെ ദിവസവും ആവർത്തിക്കുമോ എന്നാണ് പലരുടെയും ആശങ്ക. പ്രധാനമായും അവർ കഴിഞ്ഞ ദിവസം ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ ആരും മോശക്കാർ ആണെന്നല്ല ആരാധകർ പറയുന്നത്. അതിൽ മികച്ച പിക്കുകൾ ഉണ്ടായിരുന്നു എന്നത് വാസ്‌തവമാണ്, എങ്കിലും ചില താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചതിൽ ആർസിബിക്ക് കാര്യമായ വീഴ്‌ച സംഭവിച്ചു.
ഓസീസ് പേസർ ജോഷ് ഹേസിൽവുഡിന് 12.5 കോടിയും ഇംഗ്ലീഷ് താരം ഫിൽ സാൾട്ടിന് 11.5 കോടിയും ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണിനായി 8.75 കോടിയുമാണ് ഫ്രാഞ്ചൈസി മുടക്കിയത്. ഇവർക്ക് പുറമേ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയെ 11 കോടി രൂപയ്ക്കും റാസിക് ദാറിനെ 6 കോടി രൂപയ്ക്കും സുയാഷ് ശർമ്മയെ 2.6 കോടി രൂപയ്ക്കും അവർ ടീമിലെത്തിച്ചു.
എന്നാൽ ഇതിൽ പല താരങ്ങളും ഐപിഎല്ലിൽ സ്ഥിരത പുലർത്തുന്നവരല്ല എന്നതാണ് ആരാധകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന കാര്യം. അവർക്ക് വേണ്ടി വൻ തുക മുടക്കിയതിലാണ് ആരാധകർ അമർഷം രേഖപ്പെടുത്തുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ഐപിഎൽ ടീമുകളിൽ ഇതുവരെ കിരീടം കൈകൊണ്ട് തൊടാത്ത ഫ്രാഞ്ചൈസികളിൽ ഒന്നാണ് ആർസിബി.
എന്നിട്ടും കിരീടം നേടാനുള്ള വഴിയല്ല അവർ നോക്കുന്നതെന്ന് വിമർശകർ ആഞ്ഞടിക്കുന്നു. ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരെ പോലെയുള്ള താരങ്ങളെ നിസാരമായി ലേലത്തിൽ വിട്ടു കളഞ്ഞതും ആർസിബിയെ സംബന്ധിച്ച് വലിയ വീഴ്‌ചയാണ്. വിരാട് കോലി തന്റെ പ്രഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്.
ഈ സമയത്തും മികച്ചൊരു ക്യാപ്റ്റൻ ബാക്കപ്പ് ടീമിൽ ഇല്ലെന്നത് വലിയ പോരായ്‌മ തന്നെയാണ്. കോലിക്ക് ശേഷമുള്ള ആർസിബിയുടെ സ്ഥിതി എന്താവുമെന്നതും ആരാധകരെ അലട്ടുന്നുണ്ട്. ആർസിബിയെ സംബന്ധിച്ച് ഇന്ന് പ്രതീക്ഷ വയ്ക്കാവുന്നത് ഡു പ്ലെസിയെ പോലെയുള്ള നായക മികവുള്ള താരങ്ങളിൽ മാത്രമാണ്. ഇന്നും ഒഴുക്കൻ മട്ടാണ് ലേലത്തിൽ അവർ വച്ച് പുലർത്തുന്നതെങ്കിൽ മുന്നോട്ടുള യാത്ര കഠിനകരമാവും.












Click it and Unblock the Notifications