രോഹിത് ശര്‍മയ്ക്ക് വിരാട് കോലിയേക്കാള്‍ പ്രതിഫലമുണ്ടോ? അധികമായി 3 കോടി കിട്ടുന്നത് ഇങ്ങനെ
മുംബൈ: മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരു കിരീടം കൊണ്ടുവന്നിരിക്കുകയാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. അതേസമയം വലിയ ധനനേട്ടങ്ങളും ഇതുകൊണ്ട് ഉണ്ടായിരുന്നു. 2.45 മില്യണാണ് ഇന്ത്യന്‍ ടീമിന് ലഭിച്ച സമ്മാനത്തുക. ഐസിസി നല്‍കിയത് ഏകദേശം 20.42 കോടി വരും.
ഇതിന് പുറമേ ടൂര്‍ണമെന്റിലെ ഗംഭീര പ്രകടനത്തിന് ബിസിസിഐയും ടീമിന് വലിയ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. 125 കോടിയാണ് രൂപയാണ് ഇതിലൂടെ ടീമംഗങ്ങള്‍ക്ക് ലഭിക്കുക. അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് കൂടുതലായി എന്തെങ്കിലും ലഭിക്കുമോ? അതൊന്ന് പരിശോധിക്കാം.

രോഹിത് ബാറ്റിംഗില്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്ത് ഉള്ളത്. 8 മത്സരങ്ങളില്‍ നിന്ന് 257 റണ്‍സാണ് താരം നേടിയത്. കിരീടം നേടിയതിന് പിന്നാലെ ടി20യില്‍ നിന്നും രോഹിത് വിരമിച്ചിരുന്നു. ടി20യോട് വിടപറയാന്‍ ഇതിലും നല്ലൊരു സമയമില്ലെന്നായിരുന്നു രോഹിത്തിന്റെ വൈകാരികമായ പ്രതികരണം.
ഈ കിരീടം നേടുന്നതിനായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഹിറ്റ്മാന്‍ വ്യക്തമാക്കി. രോഹിത് ശര്‍മയ്ക്ക് 214 കോടിയുടെ ആസ്തിയാണ് ഉള്ളതെന്ന് എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ലാണ് രോഹിത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിതനായത്.
രോഹിത്തിന്റെ കീഴിലാണ് ഏഷ്യാ കപ്പും ഇപ്പോള്‍ ടി20 ലോകകപ്പും ഇന്ത്യ നേടുന്നത്. അതേസമയം രോഹിത്തിന് നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമുണ്ട്. ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയായ ക്രിക് കിംഗ്ഡം രോഹിത് ആരംഭിച്ചതാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് നേട്ടമുണ്ടെന്ന് പറയാനാവില്ല.
പക്ഷേ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്ററാണ് രോഹിത്. ബിസിസിഐയുടെ എപ്ലസ് കാറ്റഗറിയിലാണ് രോഹിത്തുള്ളത്. വര്‍ഷത്തില്‍ ഏഴ് കോടി രൂപ രോഹിത്തിന് ഇതിലൂടെ പ്രതിഫലമായി ലഭിക്കും. വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ഇതേ തുക തന്നെയാണ് ലഭിക്കുക.
വാര്‍ഷിക പ്രതിഫലത്തിന് പുറമേ രോഹിത്തിന് ഒരു ടെസ്റ്റ് മത്സരം കളിച്ചാല്‍ 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും, ടി20ക്ക് മൂന്ന് ലക്ഷവും ലഭിക്കും. അതേസമയം അധിക തുക രോഹിത്തിന് എങ്ങനെയാണ് ലഭിക്കുന്നതെന്ന് നോക്കാം. ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സന്റീവ് സ്‌കീം എന്ന പ്ലാന്‍ നേരത്തെ ബിസിസിഐ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ സീനിയര്‍ താരങ്ങളായ രോഹിത്തിനും രവീന്ദ്ര ജഡേജയ്ക്കുമെല്ലാം 3.15 കോടി അധികമായി ലഭിക്കാന്‍ സഹായിക്കും.
പക്ഷേ അതിനായി ഒരു വര്‍ഷത്തില്‍ കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം. ഇത് വിരാട് കോലി അടക്കമുള്ള എ ഗ്രേഡ് താരങ്ങള്‍ക്കും ലഭിക്കും. ടെസ്റ്റ് മത്സരങ്ങള്‍ പലരും കളിക്കാതെ പിന്‍മാറുന്നുവെന്ന് പരാതികളുണ്ട്. പ്രതിഫലം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇന്‍സെന്റീവ് കൊണ്ടുവന്നത്.












Click it and Unblock the Notifications