ചർച്ചയായി ബുമ്രയുടെ 'സൈലൻസ്' പോസ്‌റ്റ്; ഇത് ആർക്കുള്ള മറുപടി...? പാണ്ഡ്യയുടെ വരവുമായി കൂട്ടിയിണക്കി ആരാധകർ
ഇന്ത്യയുടെ സ്‌റ്റാർ പേസറാണ് ജസ്‌പ്രീത് ബുമ്ര. പരിക്കേറ്റ് നീണ്ട നാളത്തെ വിശ്രമത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ ബുമ്ര ലോകകപ്പിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലിൽ തോറ്റ് കിരീടമെന്ന മോഹം ഇന്ത്യയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവുകളായിരുന്നു ഷമിയും ബുമ്രയും ചേർന്നുള്ള പേസ് കൂട്ടുകെട്ട്. ഇപ്പോഴിതാ ബുമ്രയുടെ നിഗൂഢമായ ഇൻസ്‌റ്റഗ്രാം സ്‌റ്റോറി വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ ബുമ്ര കൂടുതൽ വിശദാംശങ്ങൾ ഒന്നും പങ്കുവച്ചിട്ടില്ല. 'ചില സമയത്ത് നിശബ്‌ദതയാണ് ഏറ്റവും വലിയ ഉത്തരം' എന്നാണ് ബുമ്ര ഈ സ്‌റ്റോറിയിൽ എഴുതിയിരിക്കുന്നത്. ആരെയാണ്, എന്തിനെയാണ് സൂചിപ്പിച്ചതെന്ന് വ്യക്തമാക്കാത്ത ഈ പോസ്‌റ്റ് വന്നതിന് പിന്നാലെ നിരവധി ഊഹാപോഹങ്ങളുമായി ആരാധകരും രംഗത്തുണ്ട്.

ലോകകപ്പ് തോൽവിയുമായി ബന്ധിപ്പിച്ചാണ് കൂടുതൽ ആരാധകരും ഇതിനോട് പ്രതികരിച്ചത്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റ ശേഷം ബുമ്ര ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. തോൽവിക്ക് ശേഷം നിരവധി ആരാധകരും, മുൻ താരങ്ങളും ടീമിനെ കുറ്റപ്പെടുത്തിയപ്പോഴും താരം പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതാവും ഉദ്ദേശിച്ചതെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.
എന്നാൽ ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങി വന്നതിനെയാണ് ചില ആരാധകർ ഇതുമായി ബന്ധപ്പെടുത്തുന്നത്. പാണ്ഡ്യയുടെ വരവിൽ ബുമ്രയ്ക്ക് താൽപര്യമില്ലെന്നും, അതിനാൽ താരം ടീം വിട്ടേക്കുമെന്നുമൊക്കെ ചില ആരാധകർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിലെ ബുമ്ര ടീം വിടുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടില്ല.
ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത ചർച്ചകളാണ് നടക്കുന്നത്. ബുമ്രയുടേത് ഒരു സാധാരണ ഇൻസ്‌റ്റഗ്രാം സ്‌റ്റോറി മാത്രമാണെന്നും അതിൽ കൂടുതൽ വായിച്ചെടുക്കേണ്ട എന്നും മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ അത്രത്തോളം സജീവമല്ലാത്ത താരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടായതിൽ അമ്പരപ്പിലാണ് പല ആരാധകരും.
അതേസമയം, ലോകകപ്പിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുന്നതിൽ ഷമിക്കൊപ്പം മുഖ്യ പങ്കുവഹിച്ചത്. ഒരു വർഷത്തോളം പരിക്ക് മൂലം കളത്തിന് പുറത്തായിരുന്ന താരം അയർലൻഡിന് എതിരായ പാരമ്പരയിലാണ് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത്.












Click it and Unblock the Notifications