'കോലിയേയും രോഹിതിനേയും പോലെ എനിക്കും ഹീറോ ആകാമായിരുന്നു, പക്ഷെ ധോണി...'; തുറന്നടിച്ച് തിവാരി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെറ്ററന്‍ ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരി. സെഞ്ച്വറി നേടിയിട്ടും തന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനോജ് തിവാരി ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലെ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും എന്നാല്‍ അതിനുള്ള അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. '2011ല്‍ സെഞ്ച്വറി നേടിയതിന് ശേഷം പ്ലെയിംഗ് ഇലവനില്‍ നിന്ന് എന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലെ ഹീറോ ആകാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു.

പക്ഷേ അതിന് അവസരം ലഭിച്ചില്ല. ഇന്ന് നിരവധി ആളുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നു,' മനോജ് തിവാരി പറഞ്ഞു. 38-കാരനായ മനോജ് തിവാരി ഇന്ത്യക്കായി 12 ഏകദിനങ്ങള്‍ കളിച്ച് 287 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 104 റണ്‍സും ഉള്‍പ്പെടുന്നു. എന്നാല്‍, സെഞ്ച്വറി നേടിയിട്ടും ധോണി നയിക്കുന്ന ടീമില്‍ നിന്ന് താരം പുറത്തായി.
അതേസമയം ഇന്ന് യുവതാരങ്ങള്‍ രഞ്ജി ട്രോഫിയേക്കാള്‍ ഐപിഎല്ലിലാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'യുവ താരങ്ങള്‍ ഐപിഎല്‍ കേന്ദ്രീകൃത ചിന്താഗതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐ പി എല്‍ കളിക്കാത്തവര്‍ ഒഴിവ് സമയങ്ങളില്‍ ദുബായിലോ മറ്റ് സ്ഥലങ്ങളിലോ പോകാറുണ്ട്. ഈ പ്രവണത രഞ്ജി ട്രോഫിയുടെ പ്രാധാന്യം കുറയ്ക്കുന്നു,' തിവാരി നിരീക്ഷിച്ചു.
ബാറ്റിംഗിന് പുറമെ ബൗളിംഗിലും തിവാരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ ലെഗ് സ്പിന്നിലൂടെ തിവാരി അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹം മൂന്ന് ടി20 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 15 റണ്‍സും നേടിയിട്ടുണ്ട്. 148 മത്സരങ്ങളില്‍ നിന്ന് 47.86 ശരാശരിയില്‍ 30 സെഞ്ചുറികളും 45 അര്‍ധസെഞ്ചുറികളും സഹിതം 10,195 റണ്‍സ് വാരിക്കൂട്ടിയ മനോജ് തിവാരിക്ക് മികച്ച ആഭ്യന്തര കരിയറും ഉണ്ടായിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍, തിവാരി 169 മത്സരങ്ങളില്‍ നിന്ന് 42.28 ശരാശരിയില്‍ ആറ് സെഞ്ചുറികളും 40 അര്‍ദ്ധ സെഞ്ച്വറികളും സഹിതം 5,581 റണ്‍സ് നേടി. 183 ടി20കളില്‍ നിന്ന് 3,436 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.












Click it and Unblock the Notifications