സഞ്ജുവോ ഇഷാനോ ജിതേഷോ അല്ല... വിക്കറ്റ് കീപ്പറായി രോഹിതിന്റെ ഫസ്റ്റ് ഓപ്ഷന്‍ ആ താരം: റെയ്‌ന
ഏകദിന ലോകകപ്പ് കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടമായ ഇന്ത്യ ടി 20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ്. ടി 20 ലോകകപ്പ് ടീമിലേക്ക് ആരെ കൊള്ളണം ആരെ തള്ളണം എന്ന ആശയക്കുഴപ്പത്തിലാണ് സെലക്ടര്‍മാര്‍. യുവതാരങ്ങള്‍ ഒരുപാട് പേര്‍ അവസരം കാത്ത് പുറത്തിരിക്കുന്നുണ്ട്. ടി 20 ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി 20 പരമ്പര ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരമാണ്.
അത് കഴിഞ്ഞാല്‍ ഐപിഎല്ലിലേക്ക് കടക്കും. അഫ്ഗാനെതിരായ മത്സരങ്ങളും ഐപിഎല്ലും പരിഗണിച്ചായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക. ടീമില്‍ പ്രധാന ആശങ്ക വിക്കറ്റ് കീപ്പിംഗ് ചുമതല ആരെ ഏല്‍പ്പിക്കും എന്നതിലാണ്. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ, ഇഷന്‍ കിഷന്‍ എന്നിങ്ങനെ നീണ്ട ഒരു വിക്കറ്റ് കീപ്പര്‍മാരുടെ നിര ഇന്ത്യയുടെ റിസര്‍വ് ബെഞ്ചില്‍ ഉണ്ട്.

രാഹുല്‍ ബാറ്റ്‌സ്മാനായെങ്കിലും ടീമില്‍ ഇടം നേടാനാണ് സാധ്യത. ബാക്കി മൂന്ന് പേര്‍ തമ്മിലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പ്രധാന മത്സരം. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത് ആയിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന വിശ്വസിക്കുന്നു. 26 കാരനായ റിഷഭ് അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സര ടി 20 പരമ്പരയുടെ ഭാഗമല്ല.
എന്നാല്‍ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് അദ്ദേഹം തയ്യാറെടുക്കുകയാണ്. 2022 ഡിസംബറില്‍ സംഭവിച്ച വാഹനാപകടത്തില്‍ നിന്ന് കരകയറിയ ശേഷം പരിശീലനം ആരംഭിച്ച റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐപിഎല്ലില്‍ റിഷഭ് പന്ത് കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തും എന്നതില്‍ സംശയമില്ല.
'സഞ്ജു സാംസണിന് എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ അദ്ദേഹം ഒരു ആയുധമാകുമെന്ന് എനിക്ക് തോന്നുന്നു. ജിതേഷും അവിടെയുണ്ട്. പക്ഷേ ഐപിഎല്ലില്‍ റിഷഭ് പന്ത് എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് രോഹിത് ശര്‍മ്മയുടെ ആദ്യ തിരഞ്ഞെടുപ്പ് റിഷഭ് പന്തായിരിക്കുമെന്ന് എനിക്ക് തോന്നുന്നു,' സുരേഷ് റെയ്ന പറഞ്ഞു. ഇഷാന്‍ കിഷനാണ് മറ്റൊരു ഓപ്ഷന്‍.
ജിതേഷ് ശര്‍മ്മ അസാധാരണമായി കീപ്പിംഗ് ചെയ്യുന്നു. അവസരം കിട്ടുമ്പോഴെല്ലാം ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, സഞ്ജു സാംസണ്‍ സ്വാധീനം ചെലുത്തുന്നു. സഞ്ജു വലിയ കളികള്‍ കളിക്കുന്നു. അവന്‍ ഒരു ക്യാപ്റ്റനെപ്പോലെ ചിന്തിക്കുന്നു, രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കുന്നു. എനിക്ക് അവനില്‍ വലിയ വിശ്വാസമുണ്ട്,' റെയ്‌ന കൂട്ടിച്ചേര്‍ത്തു.
അതേസമയം അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി 20യില്‍ സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മ്മയാണ് കളിച്ചത്. ഇഷാന്‍ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടതിനാല്‍ പരമ്പരയുടെ ഭാഗമല്ല. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പര്‍-ബാറ്ററായ കെ എല്‍ രാഹുലിനെ പരമ്പരയിലേക്ക് തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ടീം മാനേജ്മെന്റ് വിശദീകരണം നല്‍കിയിട്ടില്ല.












Click it and Unblock the Notifications