ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ സ്‌റ്റാർ; സർഫറാസ് ഖാന്റെ ആസ്‌തി കേട്ടാൽ കണ്ണുതള്ളും, ഈ ആഡംബര കാറും സ്വന്തം
ആഭ്യന്തര ക്രിക്കറ്റിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് സർഫറാസ് ഖാൻ. ഇന്ത്യൻ ടീമിലേക്ക് വിളിയും കാത്ത് കാലം കൊറേയായി താരം തന്റെ മികവ് തുടരുന്നു. 26കാരനായ താരത്തിന്റെ ബാറ്റിങ് മികവിന് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ സർഫറാസ് ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുകയാണ്.
മുൻനിര ബാറ്ററായ കെഎൽ രാഹുലും, രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായതോടെയാണ് സർഫറാസ് കാത്തിരുന്ന വിളി വന്നത്. മുംബൈയിൽ ജനിച്ച സർഫറാസ് ക്രിക്കറ്റ് തന്റെ നെഞ്ചോട് ചേർത്താണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഇപ്പോഴിതാ താരത്തിന്റെ ആസ്‌തിയും, വരുമാനവും ഒക്കെ ചർച്ചയാവുകയാണ്.

സർഫറാസ് ഖാന്റെ ആസ്‌തി 2023ഓടെ ഏകദേശം 1 മില്യൺ ഡോളർ അഥവാ 8 കോടി രൂപയോ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ക്രിക്കറ്റിൽ നിന്ന് തന്നെയുള്ള വരുമാനമാണ്. നിലവിൽ ഐപിഎല്ലിലും താരം കളിക്കുന്നുണ്ട്. രണ്ട് സീസണുകളായി താരം ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇടം നേടിയിട്ടുള്ളത്.
20 ലക്ഷം രൂപയാണ് ഇക്കുറി ഡൽഹി ടീം സർഫറാസിന് വേണ്ടി മുടക്കിയത്. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്ന താരത്തിന് അവിടെ നിന്നും വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. ക്രിക്കറ്റ് ഉപകരണങ്ങൾ വിൽക്കുന്ന വൻകിട കമ്പനിയായ എസ്‌ജിയുമായി ബ്രാൻഡ് പങ്കാളിത്തത്തിലും താരം ഏർപ്പെട്ടിട്ടുണ്ട്.
നിലവിൽ സ്വന്തം പിതാവിനൊപ്പം മുംബൈയിലെ കുടുംബ വീട്ടിലാണ് താരം കഴിയുന്നത്. മറ്റ് സ്വത്തുവകകളുടെ കാര്യത്തിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ താരത്തിന് സ്വന്തമായി ഒരു ആഡംബര കാറുണ്ട്. മോഡൽ ഏതെന്ന് കൃത്യമായി വിവരമില്ലെങ്കിലും മുൻനിര കമ്പനിയായ ഓഡിയുടെ വാഹനമാണ് ഇത്.
അതേസമയം, 2020 മുതൽ ആഭ്യന്തര സീസണിൽ അദ്ദേഹം സ്ഥിരതയാർന്ന പ്രകടനം നടത്തി വരികയാണ്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി 44 മത്സരങ്ങളിൽ നിന്ന് 68.20 ശരാശരിയോടെ 3751 റൺസാണ് താരം നേടിയത്. ഇക്കാലയളവിൽ 13 സെഞ്ചുറികളും 11 അർധസെഞ്ചുറികളും സർഫറാസ് ഖാൻ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ ഇന്ത്യൻ ടീമിലേക്കുള്ള വിളി വൈകിയെന്ന് മാത്രമേ പറയാൻ കഴിയൂ.
നേരത്തെ ആദ്യ രണ്ട് ടെസ്‌റ്റുകളിൽ നിന്ന് പിന്മാറിയ വിരാട് കോഹ്‌ലിക്ക് പകരം രജത് പാടീദാർ ടീമിൽ ഇടം നേടിയിരുന്നു. ഒന്നാം ടെസ്‌റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മടങ്ങിവരവിന് രണ്ടാം മത്സരം ജയിച്ചേ മതിയാകൂ. എന്നാൽ കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി എന്നിവരുടെ അഭാവം ടീമിന് വെല്ലുവിളിയാകും എന്നുറപ്പാണ്.












Click it and Unblock the Notifications