സഞ്ജു മരണമാസ്, ദക്ഷിണാഫ്രിക്കയെ പെട്ടിയിലാക്കി ഇന്ത്യ, പരമ്പരയും ഇങ്ങെടുത്തു
ജൊഹന്നാസ്ബര്‍ഗ്: മലയാളികളുടെ മനംകവര്‍ന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തി 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
റീസ ഹെന്റ്‌റിക്‌സ്(19) ടോണി ഡി സോര്‍സി(81) എന്നിവര്‍ ചേര്‍ന്ന് 8.2 ഓവറില്‍ 59 റണ്‍സാണ് അടിച്ചത്. അതിവേഗത്തിലായിരുന്നു പവര്‍പ്ലേയിലെ സ്‌കോറിംഗ്. രണ്ടാം ഏകദിനത്തിലെ പോലെ മത്സരം ഇന്ത്യ കൈവിടുമെന്ന് തോന്നിച്ച ഘട്ടമായിരുന്നു ഇത്. ഇത്തവണ പക്ഷേ ഹെന്റ്‌റിക്‌സിനെ അധികം ദൂരം പോകാന്‍ അര്‍ഷ്ദീപ് അനുവദിച്ചില്ല. താരത്തെ രാഹുലിന്റെ കൈയ്യിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു അര്‍ഷ്ദീപ്.

റാസ്സി വാന്‍ഡര്‍ ഡസ്സന്‍ വന്നതോടെ ഇന്ത്യ താരത്തെ ശരിക്കും സമ്മര്‍ദത്തിലാക്കി. റണ്‍സടിക്കാനാവാതെ താരം നന്നായി ബുദ്ധിമുട്ടി. 17 പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ റണ്‍റേറ്റ് കുറയാന്‍ തുടങ്ങി. പതിയെ തുടങ്ങിയ എയ്ഡന്‍ മാക്രം(36) പിന്നീട് ഡി സോര്‍സിക്കൊപ്പം ചേര്‍ന്ന് അടിച്ച് തകര്‍ക്കാന്‍ തുടങ്ങി. ഡിസോര്‍സി 87 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 81 റണ്‍സെടുത്തത്.
മാക്രത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. മികച്ച ഫോമില്‍ കളിച്ച മാക്രം പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഹെയ്ന്റ്‌റിച്ച് ക്ലാസ്സന്‍(21) ഡേവിഡ് മില്ലര്‍(10) വിയാന്‍ മുള്‍ഡര്‍(1) എന്നിവര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരെല്ലാം മികച്ച് നിന്നു. അര്‍ഷ്ദീപ് 9 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. ആവേശ് ഖാനും വാഷിംഗ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രജത് പാട്ടീദാര്‍(22) സായ് സുദര്‍ശന്‍(10) എന്നിവരെ വേഗത്തില്‍ നഷ്ടമായതിന് ശേഷമാണ് ഇന്ത്യ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്. സഞ്ജു സാംസണാ(108)യിരുന്നു ഇന്ത്യന്‍ നിരയെ മുന്നില്‍ നിന്ന് നയിച്ചത്. സഞ്ജുവിന്റെ കന്നി സെഞ്ച്വറിയായിരുന്നു ഇത്.
ആവശ്യമുള്ളപ്പോള്‍ ഇന്നിംഗ്‌സിന് വേഗം കൂട്ടിയും, അല്ലാത്തപ്പോള്‍ സിംഗിളുകളിലൂടെയും വിരാട് കോലിയുടെ ഇന്നിംഗ്‌സുകള്‍ക്ക് സമാനമായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. മത്സരത്തില്‍ ഈ ഇന്നിംഗ്‌സ് തന്നെയാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. സഞ്ജു തന്നെയാണ് കളിയിലെ താരം. 114 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഞ്ജുവിന്റെ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു.
തിലക് വര്‍മ(52) റിങ്കു സിംഗ്(38) കെഎല്‍ രാഹുല്‍(21) എന്നിവരുമായുള്ള സഞ്ജുവിന്റെ കൂട്ടുകെട്ടുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്നാം നമ്പറിലാണ് സഞ്ജു ഇത്തവണ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബ്യൂറാന്‍ ഹെന്റ്‌റിക്‌സ് മൂന്ന് വിക്കറ്റെടുത്തു. നാന്ദ്രെ ബര്‍ഗര്‍ രണ്ടും ലിസാഡ് വില്യംസ്, മുള്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications