ഐപിഎല്ലില്‍ 5 ബില്യണ്‍ നിക്ഷേപിക്കുമോ സൗദി അറേബ്യ? ബിസിസിഐ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ
ഐപിഎല്ലിന്റെ പതിനേഴാം എഡിഷന്‍ മാര്‍ച്ച് 22ന് തുടങ്ങാനിരിക്കുകയാണ്. ഇന്ത്യന്‍ പൈസ ലീഗ് എന്നൊരു വിശേഷണവും ഐപിഎല്ലിനുണ്ട്. കാരണം ബിസിസിഐയുടെ ഖജനാവില്‍ പണം നിറയ്ക്കുന്ന ടൂര്‍ണമെന്റാണിത്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണിത്. ബ്രോഡ്കാസ്റ്റ് മൂല്യത്തില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ എന്‍എഫ്എല്‍ കഴിഞ്ഞാല്‍ രണ്ടാമതാണ് ഐപിഎല്‍.
നിലവില്‍ ലീഗിന് പണത്തിന്റെ ആവശ്യമൊന്നുമില്ല. ധാരാളം പരസ്യങ്ങളും മറ്റ് വരുമാന സ്രോതസ്സുകളുമുണ്ട്. എന്നാല്‍ ബിസിസിഐ ലീഗിലേക്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി അറേബ്യ ഐപിഎല്ലില്‍ നിക്ഷേപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സൗദി അറേബ്യ അഞ്ച് ബില്യണ്‍ ഐപിഎല്ലില്‍ നിക്ഷേപിക്കുമെന്ന് 2023ല്‍ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഈ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള നിക്ഷേപം സ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് ജയ് ഷാ പറഞ്ഞു.
ഐപിഎല്ലില്‍ വിദേശ നിക്ഷേപം സാധ്യമായ കാര്യമല്ല. കാരണം ഇതൊരു സൊസൈറ്റിയാണ്. അല്ലാതെ ഒരു കമ്പനിയല്ലെന്നും ജയ് ഷാ വ്യക്തമാക്കി. ഇന്ത്യന്‍ നിയമപ്രകാരം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. അങ്ങനെ വിദേശ ഫണ്ടുകള്‍ സ്വീകരിക്കണമെങ്കില്‍ ആ സൊസൈറ്റിക്ക് ആര്‍ബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ആവശ്യമാണ്.
അതേസമയം സൗദി അറേബ്യ വിവിധ ഫുട്‌ബോള്‍ ലീഗുകളില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൗദി നേരത്തെ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. വിവിധ ഗള്‍ഫ് കമ്പനികള്‍ പ്രീമിയര്‍ ലീഗിന്റെ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിട്ടുണ്ട്. സൗദിയിലെ ഫുട്‌ബോള്‍ ലീഗിലും വലിയ നിക്ഷേപങ്ങളാണ് അവര്‍ നടത്തുന്നത്.
ലീഗിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലുള്ള വമ്പന്‍ താരങ്ങളെയും അവര്‍ കൊണ്ടുവന്നിരുന്നു. വന്‍ തുകയാണ് ഓരോ താരത്തിനും ഇതിനായി നല്‍കുന്നത്. എന്നാല്‍ യൂറോപ്പിലെ മറ്റ് ഫുട്‌ബോള്‍ ലീഗുകളെ പോലെ സൗദി ലീഗ് വളര്‍ന്നിട്ടില്ല.
സൗദി നേരത്തെ വലിയൊരു ആഗോള ക്രിക്കറ്റിംഗ് ഹബ്ബായി മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യാനുള്ള അവരുടെ നീക്കത്തിന്റെ ഭാഗമാണിത്. എന്നാല്‍ ഇതിന് വിമര്‍ശകരും ധാരാളമുണ്ട്. സ്‌പോര്‍ട്‌സ് വാഷിംഗാണ് സൗദി നടത്തുന്നതെന്നാണ് വിമര്‍ശനം.
എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയാണ് അവര്‍ കായിക മേഖലയെ മുന്നോട്ട് നയിക്കുന്നത്. ക്രിക്കറ്റിനെ കൂടാതെ ഫുട്‌ബോളിനും ബോക്‌സിനും കൂടുതല്‍ പ്രാധാന്യം സൗദി നല്‍കുന്നുണ്ട്. അതേസമയം ജയ് ഷായുടെ പരാമര്‍ശത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വകാര്യ നിക്ഷേപം വാങ്ങാനുള്ള സാധ്യതയില്ലെന്നും വ്യക്തമായിരിക്കുകയാണ്.












Click it and Unblock the Notifications