രോഹിതും അഗാര്‍ക്കറും വേണ്ടെന്ന് പറഞ്ഞിട്ടും പാണ്ഡ്യ ലോകകപ്പ് ടീമിലെത്തി.. ആരുടെ താല്‍പര്യം?
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഇടം നേടിയതിന് പിന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനും ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു എന്നും എന്നാല്‍ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് എന്നുമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ഐപിഎല്ലില്‍ കരിയറിലെ തന്നെ മോശം ഫോമിലാണ് പാണ്ഡ്യ. 13 മത്സരങ്ങളില്‍ നിന്ന് 200 റണ്‍സും 11 വിക്കറ്റും മാത്രമാണ് താരത്തിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സ് പാണ്ഡ്യയെ രോഹിതിന് പകരം ക്യാപ്റ്റനാക്കിയത് മണ്ടന്‍ തീരുമാനമാണ് എന്ന് അടിവരയിട്ട് കൊണ്ട് ടീം പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തുകയും വൈസ് ക്യാപ്റ്റന്‍ പദവി നല്‍കുകയും ചെയ്തിരുന്നു.

ഈ ടി 20 ലോകകപ്പ് രോഹിത്-വിരാട് ദ്വയങ്ങളുടെ അവസാന ലോകകപ്പായേക്കും. 2022 ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് ശേഷം രോഹിതും കോലിയും ഏകദിനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ സമയത്താണ് ഹര്‍ദിക്കിന് ടി 20 ക്യാപ്റ്റന്‍സി നല്‍കിയത്. ന്യൂസിലന്‍ഡിലും കിവീസിനും ശ്രീലങ്കയ്ക്കും എതിരെ സ്വന്തം തട്ടകത്തിലും പാണ്ഡ്യ ഇന്ത്യയെ നയിച്ചു.
ഇതോടെ കോലിയും രോഹിതും ടി 20 യില്‍ നിന്ന് വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നിരുന്നാലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കായി രോഹിതും കോലിയും തിരിച്ചെത്തിയതോടെ ഇത് വൃഥാവിലായി. അതേസമയം രോഹിതിന് ശേഷം ഹര്‍ദിക്കിനെ ടി20 ക്യാപ്റ്റനാക്കാന്‍ ബിസിസിഐയിലെ ചില ഉന്നതര്‍ ചരടുവലിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇക്കാരണത്താലാണ് അഗാര്‍ക്കറിനും രോഹിതിനും താല്‍പര്യമില്ലാതിരുന്നിട്ടും പാണ്ഡ്യയെ ടീമിലെടുത്തുന്നത് എന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍ ആരാണെന്നും എന്താണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഈ 'സമ്മര്‍ദ്ദം' ഉടലെടുത്തത് ബിസിസിഐയിലെ ഉന്നതര്‍ കുറഞ്ഞത് ടി20യിലെങ്കിലും ഹാര്‍ദിക്കിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി കാണുന്നുവെന്ന വിശ്വാസത്തില്‍ നിന്നാണ് എന്നാണ് വിവരം.
അതേസമയം മുംബൈ ഇന്ത്യന്‍സില്‍ രോഹിതും ഹര്‍ദിക്കും അത്ര ചേര്‍ച്ചയില്‍ അല്ല എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ആരാധകര്‍ക്ക് മാത്രമല്ല മുംബൈയിലെ താരങ്ങള്‍ക്കും ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ദഹിച്ചിട്ടില്ല. വിദേശ താരങ്ങള്‍ക്ക് ഹാര്‍ദിക്കിനെ നായകനാക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെങ്കിലും ആഭ്യന്തര പ്രതിഭകള്‍ രോഹിതിനെ ഉറ്റുനോക്കുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മുംബൈ ഇന്ത്യന്‍സ് രണ്ട് ക്യാമ്പുകളായി വിഭജിക്കപ്പെട്ടതായി തോന്നുന്നുവെന്ന് നേരത്തെ ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്ക് അവകാശപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി രോഹിതിന്റെ പരിശീലനത്തിനിടെ ഹാര്‍ദിക്കിനെ കാണാനില്ലായിരുന്നു. ഈ സമയം തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും മൈതാനത്തുണ്ടായിരുന്നു. എന്നാല്‍, ഹാര്‍ദിക്കിന്റെ പരിശീലനത്തിന്റെ ഊഴമായപ്പോള്‍ ഇവര്‍ മാറിയതായാണ് വിവരം.












Click it and Unblock the Notifications