പൂരപ്പറമ്പിലെ അടിയുമായി മാക്‌സ്‌വെല്‍; ചാരത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഓസീസ്, അഫ്ഗാന്‍ വീണത് ഇങ്ങനെ
മുംബൈ: എന്താണ് ഇപ്പോള്‍ ഉണ്ടായേ, ഇന്ന് വിഷുവാ, ഏകദേശം ഇതേ അവസ്ഥയാണ് ഇന്ന് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഉണ്ടായിരിക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇടിവെട്ട് ഇന്നിംഗ്‌സില്‍ അവര്‍ക്ക് തകര്‍ന്നുപോയത്. മത്സരത്തില്‍ 7 വിക്കറ്റ് വീണ് തകര്‍ന്ന് തരിപ്പണമായ നിന്ന ഓസീസിനെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സിലാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ അത്ഭുത വിജയത്തിലെത്തിച്ചത്.
128 പന്തില്‍ 201 റണ്‍സുമായി മാക്‌സ്‌വെല്‍ പുറത്താവാതെ നിന്നു. മത്സരത്തില്‍ എല്‍ബിഡബ്ല്യു അപ്പീലിനെ അടക്കം അതിജീവിച്ചാണ് മാക്‌സ്‌വെല്‍ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ചത്. അഫ്ഗാന്റെ മുജീബുര്‍ റഹ്‌മാന്‍ അനായാസ ക്യാച്ച് വിട്ടതും മാക്‌സ്‌വെല്ലിന് അനുകൂലമായി വന്നു.അഫ്ഗാനിസ്ഥാന്‍ 292 എന്ന വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍ വെച്ചത്. നിലവിലെ ഫോമില്‍ എളുപ്പത്തില്‍ തന്നെ അവര്‍ വിജയിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കൂട്ടത്തകര്‍ച്ചയായിരുന്നു ഓസീസ് ബാറ്റിംഗിനെ കാത്തിരുന്നത്.

ഏഴിന് 91 എന്ന നിലയില്‍ അവര്‍ പരാജയത്തെ അഭിമുഖീകരിക്കുകയായിരുന്നു. അഫ്ഗാന്റെ പേസും, സ്പിന്നും ചേര്‍ന്ന ബൗളിംഗ് നിര ഓസീസിനെ ശരിക്കും പ്രതിരോധത്തിലാക്കി. എന്നാല്‍ ടീം പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും നല്ല മാര്‍ഗം ആക്രമണമാണെന്ന് തിരിച്ചറിഞ്ഞ മാക്‌സ്‌വെല്‍ മത്സരം മാറ്റി മറിക്കുകയായിരുന്നു.
128 പന്തില്‍ 21 ബൗണ്ടറിയും പത്ത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 157 ആയിരുന്നു മാക്‌സ്‌വെല്ലിന്റെ സ്‌ട്രൈക്ക് റേറ്റ്. പേശിവലിവ് കാരണം ഒരു ഘട്ടത്തില്‍ ഓടാന്‍ പറ്റാതെ ആയപ്പോള്‍ തുടരെ സിക്‌സറുകളും ബൗണ്ടറികളും പറത്തി ബുദ്ധിപൂര്‍വമായ കളി പുറത്തെടുക്കാനും മാക്‌സ്‌വെല്ലിന് സാധിച്ചു.മാക്‌സ്‌വെല്ലും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് എട്ടാ വിക്കറ്റില്‍ 202 റണ്‍സാണ് ചേര്‍ത്തത്. എട്ടാം വിക്കറ്റില്‍ ഓസീസിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്.
നേരത്തെ ഷെയിന്‍ വോണും പോള്‍ റീഫലും ചേര്‍ന്നുണ്ടാക്കിയ 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതോടെ വീണത്. ഏകദിനത്തിലെ തന്നെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഷെയ്ന്‍ വാട്‌സന്റെ 185 റണ്‍സ് എന്ന വ്യക്തിഗത സ്‌കോറിനെ മറികടന്നിരിക്കുകയാണ് മാക്‌സ്‌വെല്‍. ഓസീസ് താരം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്നതും ഇതാദ്യമായിട്ടാണ്. ഓസീസും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ ഏറ്റവും റണ്‍സ് പിറക്കുന്ന മത്സരമാണിത്. 584 റണ്‍സാണ് പിറന്നത്.
അതേസമയം മത്സരത്തില്‍ 68 പന്തില്‍ 12 റണ്‍സുമായി പിടിച്ചുനിന്ന് പിന്തുണ നല്‍കിയ പാറ്റ് കമ്മിന്‍സിനും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ട്. റാഷിദ് ഖാനും സംഘത്തിനും മുന്നില്‍ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ പതറിയപ്പോള്‍ കൂട്ടത്തില്‍ ദുര്‍ബലരായ സ്പിന്നര്‍മാരെയാണ് മാക്‌സ്‌വെല്‍ ലക്ഷ്യമിട്ടത്. മുജീബുര്‍ റഹ്‌മാനെ നന്നായി തന്നെ താരം കളിച്ചു.
8.5 ഓവറില്‍ 72 റണ്‍സാണ് മുജീബ് വഴങ്ങിയത്. അതുപോലെ നൂര്‍ അഹമ്മദിന്റെ പന്തിലും സ്‌കോര്‍ ചെയ്തു. നവീന്‍ ഉള്‍ഹക്ക്, ഒമര്‍സായ്, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഏഴ് വിക്കറ്റ് വീണതിന് ശേഷം മറ്റൊരു വിക്കറ്റും മത്സരത്തില്‍ വീണില്ല. മൂന്ന് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.












Click it and Unblock the Notifications