ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഉറപ്പ്..! കാരണം, പാകിസ്ഥാനെതിരെ ആ നേട്ടം കൈവരിച്ചു
ഏകദിന ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കെയാണ്. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിടുക. തുടർച്ചയായ പത്ത് ജയങ്ങളുമായി പോരിന് ഇറങ്ങുന്ന നീല പടയ്ക്ക് ഇക്കുറി വ്യക്തമായ മുൻതൂക്കം ഉണ്ടെന്നതാണ് വാസ്‌തവം. എങ്കിലും ലോകകപ്പ് പോലെയുള്ള ഐസിസി ടൂർണമെന്റുകളിൽ വിശ്വരൂപം പുറത്തെടുക്കുന്ന ഓസീസിനെ എഴുതി തള്ളാനും കഴിയില്ല.
അവസാനമായി ഇന്ത്യ ലോകകപ്പ് നേടിയത് എംഎസ് ധോണിയുടെ നേതൃത്വത്തിൽ 2011ലാണ്. അന്ന് ഇന്ത്യയിൽ വച്ച് തന്നെയായിരുന്നു ടൂർണമെന്റ് നടന്നത്. ഇത് മാത്രമല്ല, ഇത്തവണത്തെ ലോകകപ്പുമായി നിരവധി സമാനതകളാണ് ആ ലോകകപ്പിനുള്ളതെന്ന് കേട്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല. ഇതൊക്കെയും ഇന്ത്യ കിരീടം നേടുമെന്നതിന്റെ സൂചനയാണെന്നാണ് ഒരുകൂട്ടം ആരാധകരുടെ പ്രതീക്ഷ, എന്തൊക്കെയാണ് ആ സാമ്യതകൾ എന്നറിയാം...

2011 ലോകകപ്പിൽ പാകിസ്ഥാനെതിരെ അഞ്ച് ഇന്ത്യൻ ബൗളർമാർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി, സഹീർ ഖാൻ, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേൽ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ് എന്നിവരായിരുന്നു അത്. ഇതിന് സമാനമായി ഈ ലോകകപ്പിലും പാക്കിസ്ഥാനെതിരായ മത്സരത്തിൽ അഞ്ച് ഇന്ത്യൻ ബൗളർമാർ ഈ നേട്ടം കൈവരിച്ചു, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരാണ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്.
ടി20 ലോകകപ്പ് 2010 ചാമ്പ്യന്മാരായാണ് 2011 ലോകകപ്പിന് ഇംഗ്ലണ്ട് എത്തിയത്. ഏകദിന ലോകകപ്പ് കളിക്കാൻ അവർ ഇന്ത്യയിലെത്തി. ഇത്തവണയും അത് തന്നെ ആവർത്തിച്ചു. 2022ൽ ടി20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് 2023ൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലെത്തി. യാദൃശ്ചികമെന്ന് പറയട്ടെ, 2011ലെയും 2023ലെയും ലോകകപ്പിൽ സെമിയിൽ പോലും എത്താൻ അവർക്കായില്ല.
2011 ലോകകപ്പിൽ ചേസിംഗിൽ റെക്കോർഡ് പിറന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ അയർലൻഡ് 328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് റെക്കോർഡ് കുറിച്ചിരുന്നു. ഈ ലോകകപ്പിലും ഇത്തരത്തിൽ ചേസിങ്ങിൽ റെക്കോർഡ് പിറന്നു. ശ്രീലങ്കയ്ക്ക് എതിരെ പാകിസ്ഥാനാണ് റെക്കോർഡ് കുറിച്ചത്.
2011 ലോകകപ്പിലും, 2023 ലോകകപ്പിലും കോഹ്‌ലി ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയിരുന്നു.
2011 ലോകകപ്പിൽ വെസ്‌റ്റ് ഇൻഡീസിന് എതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയുടെ നാലാം നമ്പർ താരമായ യുവരാജ് സിംഗ് ആയിരുന്നു 'പ്ലയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ നെതർലൻഡ്‌സിന് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്‌ത ശ്രേയസ് അയ്യർ സമാനമായ നേട്ടം കൈവരിച്ചു.
ഇതൊക്കെയും മത്സരഗതി മാറ്റി മറിക്കാൻ കെൽപ്പുള്ള കാര്യങ്ങൾ അല്ലെങ്കിലും ഇന്ത്യൻ ആരാധകർ വളരെയേറെ പ്രതീക്ഷയിലാണ്. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം വിരുന്നെത്തിയ ക്രിക്കറ്റ് മാമാങ്കത്തിന് കാവ്യനീതി പോലെ ഒരു ശുഭപര്യവസാനം അവർ ആഗ്രഹിക്കുന്നു. അവസാന ലോകകപ്പ് കളിക്കുകയാണെന്ന് ഏറെക്കുറെ ഉറപ്പായ ഹിറ്റ്മാനും, കിങിനും വേണ്ടി ഇന്ത്യ അത് നേടുമെന്ന് തന്നെയാണ് അവർ ഉറച്ചു വിശ്വസിക്കുന്നത്.












Click it and Unblock the Notifications