നിന്നെ ബാക്കി വച്ചേക്കില്ല...; കോഹ്‌ലിക്ക് പാക് താരത്തിന്റെ മുന്നറിയിപ്പ്, പിന്നീട് നടന്നതറിയാം...
ക്രിക്കറ്റിലെ എക്കാലത്തെയും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ. ഒരു കാലത്ത് ഈ മത്സരങ്ങൾ നടക്കുമ്പോൾ കളത്തിനകത്തും പുറത്തും വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടലും പതിവായിരുന്നു. രണ്ട് രാജ്യങ്ങളിലെയും ആരാധകർ കേവലം ഒരു ക്രിക്കറ്റ് മത്സരത്തിന് അപ്പുറം ഒരു ആത്മാഭിമാനത്തിന്റെ കൂടി വേദിയായാണ് ഇതിനെ കാണുന്നത്.
ഇത്തരത്തിൽ ഇന്ത്യ-പാക് മത്സരങ്ങളിൽ എന്നും മികവ് തെളിയിച്ച താരമാണ് വിരാട് കോഹ്‌ലി. പലപ്പോഴും ഇന്ത്യയുടെ വിജയ ശിൽപിയായി പാക് താരങ്ങളുടെ മനസ്സിൽ കനല് കോരിയിടാനും വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങൾക്ക് കെൽപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു മത്സരത്തിനിടെ നടന്ന വാശിയേറിയ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മുൻ പാക് ക്രിക്കറ്റ് താരമായ ജുനൈദ് ഖാൻ.

2012-13 സീസണിൽ നടന്ന പാകിസ്ഥാൻ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലാണ് ഇത് സംഭവിച്ചത്. പരമ്പരയിൽ മൂന്ന് വട്ടമാണ് വിരാട് കോഹ്‌ലി ജുനൈദ് ഖാന് മുൻപിൽ വീണത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റ് എടുക്കുന്നതിന് മുൻപ് താരത്തിന് മുന്നറിയിപ്പ് നൽകിയ സംഭവം ഓർത്തെടുക്കുകയാണ് ജുനൈദ് ഖാൻ ഇപ്പോൾ.
പാകിസ്ഥാൻ 2-1ന് ജയിച്ച ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലിയെ ജുനൈദ് ഖാൻ മൂന്ന് തവണയാണ് പുറത്താക്കിയത്. ചെന്നൈയിലും കൊൽക്കത്തയിലും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിൽ വിരാട് കോലിയെ യഥാക്രമം 0, 6 എന്നീ സ്കോറുകൾക്ക് ജുനൈദ് പവലിയനിലേക്ക് മടക്കി അയച്ചു. ഡൽഹിയിൽ നടന്ന അവസാന മത്സരത്തിലും കോഹ്‌ലിയുടെ വിക്കറ്റ് ജുനൈദ് നേടി, 7 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.
"ഞാൻ നിരവധി ബാറ്റർമാരുടെ വിക്കറ്റുകൾ നേടിയിട്ടുണ്ട്, പക്ഷേ ആളുകൾ എപ്പോഴും വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഓർക്കുന്നു. ഞങ്ങൾ അണ്ടർ 19 ലോകകപ്പിൽ കളിച്ചിട്ടുണ്ട്, അതിനാൽ പരസ്‌പരം അറിയാം. അത് എന്റെ തിരിച്ചുവരവ് പരമ്പരയായിരുന്നു, ഞാൻ ആദ്യമായി ഇന്ത്യക്കെതിരെ കളിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ കോഹ്‌ലിയുടെ വിക്കറ്റ് എനിക്ക് കിട്ടി, എന്നാൽ ഇനി അങ്ങനെ സംഭവിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു," നാദിർ അലിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ജുനൈദ് വെളിപ്പെടുത്തി.
"രണ്ടാമത്തേയും മൂന്നാമത്തെയും മത്സരത്തിലും എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് വീണ്ടും കിട്ടി. ബ്രേക്ക്ഫാസ്‌റ്റ് ടേബിളിൽ മൂന്നാം ഏകദിനത്തിന് മുമ്പ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'വിരാട് നിന്നെ വെറുതെ വിടില്ല. യൂനിസ് ഖാനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം എന്നോട് അന്നും വിരാടിന്റെ വിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു. പിന്നീട് യൂനിസ് ഭായ് തന്നെ വിരാടിന്റെ ക്യാച്ച് എടുത്തു." ജുനൈദ് ഖാൻ വ്യക്തമാക്കി.
വിരാട് കോഹ്‌ലി ഇപ്പോഴും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണെന്ന് ജുനൈദ് ചൂണ്ടിക്കാട്ടി. വൈറ്റ് ബോളിൽ വിരാടിന്റെ റെക്കോർഡ് മികച്ചതാണ്, സച്ചിന്റെ സെഞ്ചുറി നേട്ടവും അദ്ദേഹം മറികടന്നു. അദ്ദേഹമൊരു ലോകോത്തര നിലവാരമുള്ള ബാറ്ററാണെന്നും ജുനൈദ് ഖാൻ ചൂണ്ടിക്കാട്ടി. സച്ചിനേക്കാളും, കോഹ്‍ലിയെക്കാളും മികച്ച ബാറ്ററാണ് രോഹിത് ശർമ്മയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications