'സൂര്യയെപ്പോലെ ഏത് നടന്‍ ചെയ്യും'; സ്റ്റാലിനും മനസ്സ് നിറയെ നന്ദി പറഞ്ഞ് അശ്വിനി
ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിനും സിനിമാ നടന്‍ സൂര്യക്കും മനസ്സ് നിറയെ നന്ദി പറഞ്ഞത് മഹാബലിപുരത്തെ അശ്വിനി. ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ താന്‍ നടത്തിയ പ്രതികരണം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി വരെ വീട്ടിലേക്ക് വരുമെന്നും കരുതിയിരുന്നില്ലെന്നും അശ്വിനി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി മഹാബലിപുരത്തെ ഇരുള-നരിക്കുറവ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പട്ടയവും മറ്റ് രേഖകളും ലഭിച്ചു. അതില്‍ മുഖ്യമന്ത്രി സ്റ്റാലിനോടും വലിയ കടപ്പാടും നന്ദിയും ഉണ്ടെന്നും അശ്വിനി വ്യക്തമാക്കുന്നു.

മഹാബലി പുരത്തെ സ്ഥലശയന പെരുമാള്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും അശ്വിനി ഉള്‍പ്പടേയുള്ളവരെ ഇറക്കിവിട്ടതിനെ തുടര്‍ന്ന് അശ്വിനി നടത്തിയ പ്രതിഷേധം നേരത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്രം ജീവനക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും ദേവസ്വം വകുപ്പ് മന്ത്രി ക്ഷേത്രത്തിലേക്ക് നേരിട്ടെത്തി അശ്വിനി ഉള്‍പ്പടേയുള്ള ഇരുള-നരിക്കുറവ വിഭാഗത്തിലെ ജനങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപാവലി ദിനത്തില്‍ മുഖ്യമന്ത്രി സ്ഥാലിന്‍ അശ്വിനിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പട്ടയം, റേഷന്‍ കാര്‍ഡ് ഉള്‍പ്പടേയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തത്.

സിനിമ നടന്‍ സൂര്യക്കും അശ്വിനി വലിയ നന്ദി പറയുന്നു. അടിസ്ഥാന ജനവിഭാഗം നേരിട്ട, അല്ലെങ്കില്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് സിനിമയെടുത്ത അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെ മികച്ച സിനിമയാണ് ജയ് ഭീം. അദ്ദേഹം സിനിമയുടെ ലാഭ വിഹിതത്തില്‍ നിന്നും ഒരു കോടി രൂപ ഇരുളരുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി സ്റ്റാലിന് കൈമാറി. സൂര്യയോപ്പെലെ വേറെ ഏത് സിനിമാ നടനാണ് ഇങ്ങനെയൊക്കെ ചെയ്യുക. താന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും അദ്ദേഹം ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരിലും സാധാരണക്കായവരെ മറക്കുന്നില്ല. അത് എല്ലാവരേയും കൊണ്ട് കഴിയുന്ന കാര്യമല്ലെന്നും അശ്വിനി പറയുന്നു.

ജയ് ഭീമിന്റെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ഒരു കോടിയുടെ ചെക്ക് സൂര്യയും ഭാര്യ ജ്യോതികയും ചേര്‍ന്നു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൈമാറിയത്. ജയ്ഭീമിന്റെ യഥാര്‍ത്ഥ കഥയിലെ ഹീറോയായ റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങളും മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്ന് ചെക്ക് സ്വീകരിക്കുകയായിരുന്നു.

മലയാളിയായ ചെങ്കല്‍പ്പേട്ട് ജില്ലാ കളക്ടറെ കുറിച്ച് പറയാനും അശ്വിനിക്ക് വാക്കുകള്‍ ഏറെയുണ്ട്. കളക്ടര്‍ നേരിട്ട് ഈ ഊരിലെത്തി. ഞങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. എല്ലാവര്‍ക്കും വീടും പട്ടയവും ഉറപ്പായും ലഭിക്കുമെന്ന് ആദ്യം പറയുന്നത് ആ കളക്ടര്‍ സാറാണ്. അദ്ദേഹം പറഞ്ഞത് പോലെ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നു. സാറിനോട് വലിയ നന്ദിയുണ്ട്. അന്ന് അക്കാര്യം പറയുമ്പോള്‍ ഇതെല്ലാം ഇത്രയും വേഗം നടക്കുമെന്ന് ഞങ്ങളുടെ സ്വപ്നത്തില്‍പ്പോലും ഉണ്ടായിരുന്നില്ലെന്നും അശ്വിനി പറയുന്നു

വിദ്യാഭ്യാസമാണ് ഞങ്ങളുടെ മക്കള്‍ക്ക് ഇനി പ്രധാനമായും വേണ്ടത്. ഞങ്ങളുടെ കുട്ടികളോട് അധ്യാപകര്‍ സ്കൂളില്‍ നിന്നും മോശമായി പെരുമാറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വീട്ടില്‍ വന്നാല്‍ പറഞ്ഞുകൊടുക്കാനുള്ള അറിവ് ഞങ്ങള്‍ക്കും ഇല്ല. ഈ ഒരു സാഹചര്യത്തില്‍ അധ്യാപകര്‍ കൂടി ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ എങ്ങനെ പഠിക്കും. ടീച്ചറെന്ന് പറയുമ്പോള്‍ എല്ലാ കുട്ടികളേയും ഒരോ പോലെ കണ്ട് പാഠങ്ങള്‍ പറിഞ്ഞു കൊടുക്കേണ്ട ആളല്ലേ. അവര്‍ അങ്ങനെ സ്നേഹത്തോടെ പറഞ്ഞ് കൊടുത്താല്‍ ഞങ്ങളുടെ മക്കളും പഠിക്കും. അവര്‍ക്ക് നല്ല ജോലികിട്ടും ഞങ്ങളും രക്ഷപ്പെട്ടു. വിദ്യാഭാസം ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ മാറു എന്ന് നന്നായി അറിയാം. ഒരാള്‍ പഠിച്ച് ജോലി നേടിയാല്‍ അത് കണ്ട് അടുത്ത രണ്ടു പേര്‍ പഠിക്കാന്‍ താല്‍പര്യപ്പെടും. അവരെ കണ്ട് പത്തുപേരും അതിനപ്പുറം അന്‍പതും നൂറും പേര്‍ വരും. അപ്പോള്‍ മാത്രമേ ഞങ്ങള്‍ ഈ സമൂഹത്തില്‍ ഒരു പരിഗണന ലഭിക്കുകയുള്ളുവെന്നും അശ്വിനി പറയുന്നു.

നരിക്കുറവര്‍ വൃത്തിയില്ലാത്തവരാണെന്ന് ചിലര്‍ ഇപ്പോഴും പറയുന്നു. ഞങ്ങള്‍ അങ്ങനെയായിരുന്നു പണ്ട്. മുത്തച്ചന്‍മാരുടെ കാലത്ത്. അതുവെച്ചാണ് അവരുടെ സംസാരം. അന്ന് നരിക്കുറവര്‍ക്ക് ഉടുക്കാനുള്ള തുണിപോലും ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ഉടുത്ത വസ്ത്രം വൃത്തിയാക്കാന്‍ മറ്റൊന്ന് വേണ്ടേ.. അവര്‍ക്ക് അതുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പഴയ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മാറിയിട്ട് വര്‍ഷം കുറെയായായി. ആ കാലം പോയി, ഞങ്ങള്‍ മാറി, മാറാതെ നില്‍ക്കുന്നത് ഞങ്ങളെക്കുറിച്ചുള്ള ചിലരുടെ ധാരണകള്‍ മാത്രമാണ്. എല്ലാവരേയും പോലെ തന്നെ രാവിലെ എഴുന്നേറ്റ് കുളിച്ചതിന് ശേഷം നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഞങ്ങള്‍ കച്ചവടത്തിന് പോകുന്നു. വൈകീട്ട് തിരികെ വീട്ടിലേക്ക് വരുമ്പോഴും കുളിക്കും. മറ്റുള്ളവരെപ്പോലെ ഫാഷന്‍ ഡ്രസ്സുകള്‍ ധരിക്കുന്നില്ലെങ്കിലും ഞങ്ങളും വൃത്തിയായിട്ടാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളോടുള്ള മുന്‍ധാരണകള്‍ മാറ്റണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും അശ്വിനി പറയുന്നു.
Recommended Video

നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്കായിരുന്നു അശ്വിനിയുടെ വീട് സ്ഥിതി ചെയ്യുന്ന മഹാബലിപുരത്ത് പൂഞ്ചേരി ഗ്രാമത്തില്‍ നടത്തിയ ചടങ്ങില്‍ സ്റ്റാലിന്‍ പട്ടയം കൈമാറിയത്. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്താനും തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടു. നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതിയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചത്. ഇതിന് പുറമെ റോഡുകൾ ഉൾപ്പെടെ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവരുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നു.












Click it and Unblock the Notifications