കാനഡയെ മറക്കേണ്ടി വരും; ഇന്ത്യക്കാർ ഇനി എന്ത് ചെയ്യും?; കടുത്ത തീരുമാനവുമായി സർക്കാർ
ഇന്ത്യയിൽ നിന്നും വിദേശ പഠനത്തിനായി ഏറ്റവും കൂടുതൽ പേർ പോകുന്ന രാജ്യമാണ് കാനഡ. മികച്ച ജോലി നേടി പിആറും സ്വന്തമാക്കിയാൽ ജീവിതം സുരക്ഷിതം എന്ന കാഴ്ചപ്പാടിലാണ് പലരും കാനഡയിലേക്ക് ചേക്കേറുന്നത്. ഇത്തരത്തിൽ വലിയ പ്രതീക്ഷയുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ ചുരുങ്ങിയ കാലയളവില്‍ കാനഡയിലെ ജനസംഖ്യയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതോടെ വിദേശ വിദ്യാർത്ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നടപടികൾ കാനഡ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് കാനഡ. വിദേശ വിദ്യാർത്ഥികൾക്കുള്ള പെർമിറ്റുകളിൽ 35 ശതമാനം കുറവ് ഏർപ്പെടുത്താനാണ് തീരുമാനം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ഈ വർഷം വിദേശ വിദ്യാർത്ഥികൾക്കുള്ള പെർമിറ്റിൽ 35 ശതമാനം കുറവ് ഏർപ്പെടുത്തും. അടുത്ത വർഷം ഇതിൽ നിന്നും 10 ശതമാനം കൂടി വീണ്ടും കുറക്കും', എന്നാണ് ട്രൂഡോ എക്സിൽ കുറിച്ചത്. 'കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ്. എന്നാൽ ചിലർ ഇതിനെ ദുരുപയോഗം ചെയ്യുകയും വിദ്യാർത്ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ അത് വലിയ തിരിച്ചടിയാകും', ട്രൂഡോ പറഞ്ഞു. വിദേശ തൊഴിലാളി നിയമങ്ങളിലും മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നീക്കം ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുകയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ അനുസരിച്ച് 2023 ൽ 5,09,390 പേർക്കും 2024 ൽ ആദ്യത്തെ ഏഴ് മാസത്തിനിടയിൽ 1,75,920 പേർക്കുമാണ് പെർമിറ്റ് അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 2025-ൽ നൽകുന്ന പഠന പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കും . ഒരു വിഭാഗം വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതിലും മാറ്റം നടപ്പാക്കിയേക്കും.
അഭിപ്രായ സർവ്വേകളിൽ ട്രൂഡോ സർക്കാരിന് കനത്ത പരാജയം പ്രവചിക്കുന്നതിനിടയിലാണ് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന നിലയിൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ ട്രൂഡോ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജനവരിയിൽ വിദേശ വിദ്യാർത്ഥികൾക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിലവിൽ രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. നേരത്തേ 2022 ൽ വിദ്യാർത്ഥികളുടെ എണ്ണം 1.4 മില്ല്യൺ ആയിരുന്നുവെങ്കിൽ 2024 ന്റെ രണ്ടാം പാദത്തിൽ അത് 2.8 മില്ല്യണായി ഉയർന്നു. ഈ സാഹചര്യത്തിൽ താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനമായി കുറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്നത് ഇങ്ങനെ
2013 നും 2022 നും ഇടയിൽ കാനഡയിലേക്ക് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 260 ശതമാനം വർധനവാണ് ഉണ്ടായത്. നിലവിൽ
ഏകദേശം 13.35 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ ഏകദേശം 4.27 പേരും ഉപരിപഠനം നടത്തുന്നത് കാനഡയിലാണ്. കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.












Click it and Unblock the Notifications