കാനഡ മാത്രമല്ല, ഓസ്ട്രേലിയയും യുകെയും വേണ്ട; ഇന്ത്യക്കാരോടാണോ കളി..പുതിയ റിപ്പോർട്ട് പുറത്ത്
വിദ്യാഭ്യാസ-കുടിയേറ്റ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാനഡ, യുകെ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളോട് വിദേശ വിദ്യാർത്ഥികൾക്കുള്ള താത്പര്യം കുറയാൻ കാരണമായെന്ന് റിപ്പോർട്ടുകൾ. ഇന്ത്യക്കാർക്ക് ഇടയിലാണ് ഈ രാജ്യങ്ങളോടുള്ള ഡിമാന്റ് കുത്തനെ കുറഞ്ഞതെന്നാണ് ഐസിഎസ്എഫ് മോണിറ്റർ റിപ്പോർട്ടിൽ പറയുന്നത്. ദി വോയ്‌സ് ഓഫ് ദി ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് എന്ന പേരിൽ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാം (ഐഡിപി) നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഐസിഇഎഫ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2024 ജനുവരിയിൽ 67 രാജ്യങ്ങളിലായി 2,500 വിദ്യാർത്ഥികളിലാണ് ഐഡിപി സർവ്വേ നടത്തിയത്. യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ പഠിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അതേസമയം പതിവിൽ നിന്ന് വിപരീതമായി യുഎസിനോട് വിദ്യാർത്ഥികൾക്ക് പ്രിയം ഏറിയതായും റിപ്പോർട്ടിൽ പറയുന്നു. സർവ്വേയിൽ പങ്കെടുക്ക 49 ശതമാനം വിദ്യാർത്ഥികളാണ് യുകെയിൽ പഠിക്കുന്നതിൽ താത്പര്യമില്ലെന്ന് വ്യക്തമാക്കിയത്. ഓസ്ട്രേലിയയോട് താത്പര്യമില്ലെന്ന് 47 ശതമാനം പേരും കാനഡയോട് താത്പര്യം ഇല്ലെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു.

2023-ൽ യുഎസിനോടുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യം ഗണ്യമായി വർദ്ധിച്ചപ്പോൾ കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ താത്പര്യം വലിയ രീതിയിൽ ഇടിഞ്ഞുവെന്നാണ് സ്റ്റഡിപോർട്ടലുകളുടെ മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2023 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിൽ ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡിൽ 40% കുറവുണ്ടായതായി റിപ്പോർട്ടിൽ കാണിക്കുന്നു. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകൾ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് കുറച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കനേഡിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരാനുള്ള ഇന്ത്യക്കാരിൽ നിന്നുള്ള പഠന പെർമിറ്റ് അപേക്ഷകൾ 2022 നെ അപേക്ഷിച്ച് 2023 ൽ 15% കുറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.
2023 അവസാനം വരെ കാനഡ, ഓസ്ടേലിയ, യുകെ പോലുള്ള രാജ്യങ്ങൾ കൂടുതൽ വിദേശ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിലേക്ക് വലിയ കുത്തൊഴുക്കായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിദ്യാർത്ഥികൾ കൂടുതലായി എത്തി തുടങ്ങിയതോടെ ഭവന പ്രതിസന്ധിയുും തൊഴിലില്ലായ്മയുമെല്ലാം ഇവിടങ്ങളിൽ രൂക്ഷമായി. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യങ്ങൾ കടന്നത്. കാനഡ വിദേശ വിദ്യാർത്ഥികളുടെ എണ്ണം തന്നെ നിയന്ത്രിച്ച് കൊണ്ടായിരുന്നു നടപടി കർശനമാക്കിയത്. യുകെ വിദ്യാർത്ഥികളുടെ ആശ്രിതരെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഓസ്ട്രേലിയയാകട്ടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന യോഗ്യത പരീക്ഷകൾ സംബന്ധിച്ച നടപടികൾ പരിഷ്കരിക്കുകയായിരുന്നു.












Click it and Unblock the Notifications